സ്വർണനേട്ടം രണ്ടിൽനിന്ന് ഏഴിലേക്ക്, ആകെ നേട്ടം 19 മെഡല്‍; ഇന്ത്യ ‘ട്രാക്കിലാണ്’

ജക്കാർത്തയിൽ ട്രാക്കിനങ്ങളിൽ ഇന്ത്യയുടെ സ്വർണമെഡൽ ജേതാക്കൾ.

ജക്കാർത്തയിൽ ട്രാക്കിനങ്ങൾ പൂർത്തിയാകുമ്പോൾ കഴിഞ്ഞ ഗെയിംസിനെ അപേക്ഷിച്ച് മികച്ച നേട്ടമുണ്ടാക്കി ഇന്ത്യ. ഏഴു സ്വർണവും 10 വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 19 മെഡലുകളാണ് ജക്കാർത്തയിൽ ട്രാക്കിൽനിന്ന് ഇന്ത്യൻ താരങ്ങൾ വാരിയത്. അതേസമയം, 2014ൽ ഇഞ്ചിയോണിൽ നടന്ന ഗെയിംസിൽ രണ്ടു സ്വർണവും നാലു വെള്ളിയും ഏഴു വെങ്കലവും ഉൾപ്പെടെ 13 മെഡലുകളായിരുന്നു ട്രാക്കിനങ്ങളിൽ ഇന്ത്യയുടെ സമ്പാദ്യം.

അടുത്ത ഒളിംപിക്സിലേക്കു പ്രതീക്ഷ വയ്ക്കാവുന്ന ചില പ്രകടനങ്ങളും ജക്കാർത്തയിൽ കണ്ടു. ഓരോ തവണയും ദേശീയ റെക്കോർഡ് തിരുത്തി കുറിക്കുന്ന ജാവലിൻ താരം നീരജ് ചോപ്ര, വനിതാ വിഭാഗം 400 മീറ്ററിലെ യുവ വിസ്മയം ഹിമ ദാസ്, 1,500 മീറ്ററിൽ റിയോ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവിനേക്കാൾ മികച്ച സമയം കുറിച്ച ജിൻസൺ ജോൺസൻ... ആ പട്ടിക നീളുന്നു.

ജക്കാർത്തയിൽ ട്രാക്കിനങ്ങളിൽ ഇന്ത്യയുടെ മെഡൽനേട്ടം ഇങ്ങനെ:

∙ സ്വർണം

1. മഞ്ജിത് സിങ് (പുരുഷവിഭാഗം 800 മീറ്റർ)

2. ജിൻസൺ ജോൺസൻ (പുരുഷവിഭാഗം 1,500 മീറ്റർ)

3. തേജീന്ദർപാൽ സിങ് (പുരുഷവിഭാഗം ഷോട്ട്പുട്ട്)

4. നീരജ് ചോപ്ര (പുരുഷവിഭാഗം ജാവലിൻ ത്രോ)

5. അർപീന്ദർ സിങ് (പുരുഷവിഭാഗം ട്രിപ്പിൾ ജംപ്)

6. വനിതകളുടെ 4–400 മീറ്റർ റിലേ ടീം

7. സ്വപ്ന ബർമൻ (ഹെപ്റ്റത്തലൺ)

∙ വെള്ളി

1. മുഹമ്മദ് അനസ് (പുരുഷവിഭാഗം 400 മീറ്റർ)

2. ജിൻസൺ ജോൺസൻ (പുരുഷവിഭാഗം 800 മീറ്റർ)

3. ധരുൺ അയ്യസാമി (പുരുഷവിഭാഗം 400 മീറ്റർ ഹർഡിൽസ്

4. ദ്യുതി ചന്ദ് (വനിതാവിഭാഗം 100 മീറ്റർ)

5. ദ്യുതി ചന്ദ് (വനിതാ വിഭാഗം 200 മീറ്റർ)

6. ഹിമാ ദാസ് (വനിതാവിഭാഗം 400 മീറ്റർ)

7. സുധാ സിങ് (വനിതാവിഭാഗം 3,000 മീറ്റർ സ്റ്റീപ്പിൾചെയ്സ്)

8. വി.നീന (വനിതാ വിഭാഗം ലോങ്ജംപ്

9. പുരുഷവിഭാഗം 4–400 മീറ്റർ റിലേ ടീം

10. മിക്സ്ഡ് റിലേ ടീം

∙ വെങ്കലം

1. പി.യു. ചിത്ര (വനിതാവിഭാഗം 1,500 മീറ്റർ)

2. സീമ പൂനിയ (വനിതാ വിഭാഗം ഡിസ്കസ് ത്രോ)