ഏതു പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാത്ത പോരാളി; ചക്കിട്ടപാറയുടെ ഈ പൊൻമുത്ത്

അമ്പട കേമാ...സ്വർണവുമായി ജിൻസൻ. വെങ്കലം നേടിയ ഇറാൻ താരം സമീപം ∙ ചിത്രം മനോരമ

ജക്കാർത്ത ∙ പുരുഷ 1,500 മീറ്ററിൽ ഒന്നാമനായി ഫിനിഷ് ചെയ്ത ശേഷം ഇന്ത്യൻ പതാക പുതച്ച് ജിൻസൻ ജോൺസൺ ട്രാക്കിനു പുറത്തുകൂടി ഒരു തവണ ഗ്രൗണ്ടിനെ വലംവച്ചു. സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലായി ഇരുന്ന ഇന്ത്യക്കാരായ കാണികൾക്കും താരങ്ങൾക്കുമൊപ്പം പടത്തിനു പോസ് ചെയ്തു. ഒടുവിൽ ത്രിവർണ പതാക പുതച്ച് സ്റ്റേഡിയം വിടുന്നതിനു മുൻപ് ട്രാക്കിനു പുറത്ത് ഒരു നിമിഷം നിന്നു. കണ്ണുകളടച്ച് പ്രാർഥന. 800 മീറ്ററിൽ അപ്രതീക്ഷിതമായി രണ്ടാമതായിപ്പോയതിന്റെ പിറ്റേന്നു പുലർച്ചെ താരം ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ: ‘എല്ലാവരുടെയും പിന്തുണയ്ക്കും പ്രാർഥനയ്ക്കും നന്ദി.’ ഏതു പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാത്ത പോരാളിയാണ് ചക്കിട്ടപാറയുടെ ഈ പൊൻമുത്ത്.

കഴിഞ്ഞ നാലു ദിവസവും ഓരോ തവണ വീതം താരത്തിനു ട്രാക്കിലിറങ്ങേണ്ടിവന്നു. 27ന് 800 മീറ്ററിന്റെ ഹീറ്റ്സ്. 28ന് 800 ഫൈനൽ. കഴിഞ്ഞ ദിവസം 1,500ന്റെ ഹീറ്റ്സ്. ഇന്നലെ 1,500 ഫൈനൽ. അവസാന 120 മീറ്ററിൽ ഗംഭീര സ്പ്രിന്റ് നടത്തി ഇറാഖിന്റെ തെയ്സഗർ അൽ മിന്റഫേജിനെ മറികടന്നാണു താരം സ്വർണത്തിലേക്കു കുതിച്ചത്. ഇറാന്റെ അമിർ മൊറാദിക്കാണു വെള്ളി (3:45.62).

∙ തളരില്ല, ഒരിക്കലും

800ലെയും 1,500ലെയും ദേശീയ റെക്കോർഡ് ഈ പട്ടാളക്കാരന്റെ പേരിലാണ്. ആഘോഷവേളകളിൽപോലും കുളച്ചൽ വീട്ടിൽ ജോൺസണും ഭാര്യ ഷൈലജയ്ക്കും മകനെ ഒപ്പംകിട്ടില്ല. താരത്തിനു വലുത് ഇന്ത്യൻ ക്യാംപിലെ പരിശീലനമായിരുന്നു. മൊബൈലിൽ അധികം കളിയില്ല. വാട്സാപ്പിൽ ഇടയ്ക്കിടെ തല കാണിക്കും. നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ ലഭിക്കുന്ന അഭിനന്ദനങ്ങൾക്കു മറുപടി പറയാൻ മാത്രം ഫെയ്സ്ബുക്കിൽ കയറുന്നയാൾ.

∙ നന്ദി, നന്ദി

തിംഫുവിലെ ഹൈ ഓൾട്ടിറ്റ്യൂഡ് പരിശീലന കേന്ദ്രമാണ് ഏഷ്യൻ ഗെയിംസിനായി താരത്തെ ഒരുക്കയിത്. തീവ്ര പരിശീലനത്തിന്റെ നാളുകളാണു ചരിത്രനേട്ടം സ്വന്തമാക്കാൻ തന്നെ തുണച്ചതെന്നു ജിൻസൻ പറഞ്ഞു. അതിനു മുൻപ് ഊട്ടിയിലായിരുന്നു പരിശീലനം. ചക്കിട്ടപാറ ഗ്രാമീൺ സ്പോർട്സ് അക്കാദമിയിലെ കെ.എം.പീറ്റർ, കോട്ടയം ബസേലിയസ് കോളജ് പഠനകാലത്തു പിടിച്ചുയർത്തിയ ഡോ. ജോർജ് ഇമ്മാനുവൽ, പുണെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ശേഷം കരുത്തു പകർന്ന എൻ.എ.മുഹമ്മദ്കുഞ്ഞി, ഇപ്പോഴത്തെ പരിശീലകൻ ജെ.എസ്.ഭാട്യ. എല്ലാവരോടും താരം നന്ദി പറയുന്നു. പിന്നെ, കഴിഞ്ഞ ദിവസം തന്നെ രണ്ടാമതാക്കിയ മഞ്ജിത് സിങ്ങിനും. 800ൽ രണ്ടാമതായിപ്പോയതുകൊണ്ട് 1,500ൽ കൂടുതൽ കരുതലോടെയിറങ്ങാൻ താരം തീരുമാനിച്ചു. അതു ഗുണം ചെയ്തു. 1,500ൽ മഞ്ജിത് നാലാമനായിപ്പോയി.

∙ ഇത് ആഹ്ലാദവേള

ചക്കിട്ടപാറ (കോഴിക്കോട്) ∙ ഏഷ്യൻ ഗെയിംസ് 1500 മീറ്ററിൽ സ്വർണം കൈവരിച്ച ചക്കിട്ടപാറ സ്വദേശി ജിൻസൺ ജോൺസന്റെ നേട്ടത്തിൽ ഗ്രാമം ആഹ്ലാദത്തിമർപ്പിൽ. മലയാളി താരത്തിന്റെ മികച്ച നേട്ടത്തിൽ നാട്ടുകാരും കായികപ്രേമികളും കുടുംബാംഗങ്ങളും സന്തോഷം പങ്കുവച്ചു. ടിവിയിൽ ജിൻസന്റെ മൽസരം കാണാൻ വീട്ടുകാർക്കൊപ്പം നാട്ടുകാരും തടിച്ചുകൂടിയിരുന്നു. ജിൻസന്റെ സ്വർണക്കുതിപ്പു കണ്ടപ്പോൾ ആരവങ്ങളുയർന്നു. ജിൻസന്റെ കായികമികവ് ആദ്യം കണ്ടെത്തിയ പരിശീലകൻ കെ.എം.പീറ്ററും എത്തിയിരുന്നു.

ജിന്‍സൻ ജോണ്‍സന്റെ മാതാവ് ഷൈലജ, മകനെ ട്രാക്കിലിറക്കിയ ആദ്യകാല പരിശീലകന്‍ കരിമ്പനക്കുഴി കെ.എം പീറ്ററിന് മധുരം നല്‍കി സന്തോഷം പങ്കുവെക്കുന്നു.പിതാവ് ജോണ്‍സണ്‍ സമീപം.

മകൻ രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ടെന്നു പിതാവ് ജോൺസനും ഒരു സ്വർണം ലഭിക്കുമെന്നു പ്രതീക്ഷിച്ചതാണെന്നു മാതാവ് ഷൈലജയും പറഞ്ഞു. ജിൻസന് മികച്ച നേട്ടം കൈവരിക്കാവുന്ന പ്രധാന ഇനം 1500 മീറ്ററാണെന്നും സ്വർണം കൈവരിച്ചതിൽ സന്തോഷിക്കുന്നുവെന്നും കായികപ്രതിഭയെ ട്രാക്കിലിറക്കിയ കോച്ച് കെ.എം.പീറ്റർ പറഞ്ഞു. ട്രാക്കിൽ മത്സരത്തിന് ഇറങ്ങുന്നതിനു മുൻപ് മാതാപിതാക്കളെ ഫോണിൽ വിളിച്ച് അനുഗ്രഹം തേടുന്ന പതിവ് ഇന്നലെയും ജിൻസൺ തെറ്റിച്ചില്ല.

ഇന്നലെ രണ്ടു തവണ മാതാപിതാക്കളെയും പരിശീലകനെയും ഫോൺ ചെയ്തിരുന്നു. ജിൻസൺ സ്വർണം നേടിയതറിഞ്ഞു കായികപ്രേമികളും നാട്ടുകാരും ചക്കിട്ടപാറയിലെ കുളച്ചൽവീട്ടിലേക്ക് അഭിനന്ദനങ്ങളുമായെത്തി. കുടുംബാംഗങ്ങൾ എല്ലാവരെയും മധുരം നൽകി സ്വീകരിച്ചു.