Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദ്യുതി ചന്ദ്; ഇന്ത്യൻ അത്‍ലറ്റിക്സിലെ പവർഹൗസ്, ട്രാക്കിലെ വൈദ്യുതി

Dutee-Chand

ഇന്ത്യൻ അത്‍ലറ്റിക്സിലെ പവർഹൗസാണ് ദ്യുതി ചന്ദ്. ആരോപണങ്ങളുടെ ഷോക്കെത്രയേറ്റിട്ടും കൂടുതൽ ദൂരങ്ങളിലേക്ക് കുതിക്കുന്ന പ്രതിഭാസം. ആൺകുട്ടിയെന്ന അടക്കംപറച്ചിലുകൾ, മരുന്നടിക്കാരിയെന്ന പരിഹാസം ഏതൊരു കായിക താരത്തിന്റെയും കരിയർ അവസാനിപ്പിച്ചേക്കാവുന്ന വിമർശനങ്ങളുടെ കൂരമ്പുകളായിരുന്നു ദ്യുതിയുടെ കുതിപ്പിന് എക്കാലവും ഊർജമായത്. ഏഷ്യൻ ഗെയിംസിലെ ഇരട്ട മെഡലോടെ പ്രതീക്ഷയുടെ ഇന്ത്യൻ കണ്ണുകളിൽ വീണ്ടും മെഡൽപ്രകാശം എത്തിച്ചിരിക്കുകയാണ് ഈ ഒഡീഷക്കാരി. 2014 ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയവരോടുള്ള താരത്തിന്റെ മധുര പ്രതികാരവുമാണിത്.

ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അളവുകൂടുതലെന്ന പേരിൽ ഒരു വർഷത്തോളം ട്രാക്കിനു പുറത്തുനിൽക്കണ്ടി വന്ന പെൺകുട്ടിയാണ് ദ്യുതി.  2014ലെ ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പിൽ നേടിയ രണ്ടു സ്വർണമെഡലുകൾ ഇക്കാരണത്താൽ അവളിൽ നിന്നു തിരിച്ചെടുത്തു. രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷനും ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷനുമെല്ലാം അവൾക്കെതിരായി നിന്നു.

തുടരെയുള്ള വിവാദങ്ങളിൽ ആ കരിയർ തീരേണ്ടതായിരുന്നു. പക്ഷേ ട്രാക്കിൽ പൊരുതാനുള്ള ഊർജം ദ്യുതി പുറത്തും കാണിച്ചു.  വിവേചനത്തിനെതിരായ അവളുടെ നിയമപോരാട്ടം രാജ്യാന്തര കോടതിയിൽ വരെയെത്തി. ഒടുവിൽ 2015ൽ, ദ്യുതിയെ വിലക്കിയ നടപടി ശരിയല്ലെന്നു രാജ്യാന്തര കായിക തർക്കപരിഹാര കോടതി (സിഎസ്) വിധിച്ചു. ദ്യുതിക്കു ദേശീയ, രാജ്യാന്തര മൽസര രംഗത്തേക്കു തിരിച്ചെത്താമെന്നും അറിയിച്ചു.

ട്രാക്കിലേക്കു തിരിച്ചെത്താനുള്ള നിയമ പോരാട്ടത്തിൽ അന്നു ദ്യുതിക്കു തുണയായി നിന്നത് സ്പോർട് അതോറിറ്റി ഓഫ് ഇന്ത്യയാണ്.  അതിനു ചുക്കാൻ പിടിച്ചത് അന്നത്തെ സായ് ഡയറക്ടർ ജനറലായിരുന്ന മലയാളി ജിജി തോംസണും. ദ്യുതിയുടെ പരാതി രാജ്യാന്തര തലത്തിലേക്ക് എത്തിയത് ജിജി തോംസണിന്റെ ഇടപെടലിനെത്തുടർന്നായിരുന്നു.  പിൽക്കാലത്ത് ഹോർമോൺ വിവാദത്തിൽപെട്ട ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമന്യയ്ക്കും ട്രാക്കിലേക്കു തിരിച്ചെത്താൻ പ്രചോദനമായത് ഈ വിധിയായിരുന്നുവെന്നത് ചരിത്രം.