Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പൊന്നു മലയാളീ...’; ഏഷ്യാഡിൽ സ്വർണം നേടിയ മലയാളികളെ പരിചയപ്പെടാം

malayali-medalists-asiad

ഏഷ്യൻ ഗെയിംസിന്റെ പതിനെട്ടാം പതിപ്പിൽ കേരളക്കരയുടെ അഭിമാനം വാനോളമുയർത്തിയ മലയാളികൾ പലരുണ്ട്. അവരിൽത്തന്നെ സുവർണനേട്ടവുമായി ശ്രദ്ധ കവർന്നവർ രണ്ടു പേരാണ്. 1,500 മീറ്ററിൽ സ്വർണം നേടിയ കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജിൻസൺ ജോൺസനും 4–400 മീറ്റർ റിലേ ടീമിൽ അംഗമായ വി.കെ. വിസ്മയയും. ഇവർക്കു മുൻപ് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ രാജ്യത്തിന്റെ അഭിമാനമുയർത്തിയ താരങ്ങളെ പരിചയപ്പെടാം.

1951ൽ ഡൽഹിയിൽ അരങ്ങേറിയ ആദ്യ ഏഷ്യാഡിൽ തന്നെ മലയാളി തന്റെ സജീവസാന്നിധ്യം അറിയിച്ചു. ഫുട്‌ബോളിൽ തിരുവല്ല പാപ്പനും (തോമസ് മത്തായി വർഗീസ്)  കോട്ടയം സാലിയും അത്‌ലറ്റിക്‌സിൽ  എരോൾഡ്  ഡിക്ലോസും മലയാളത്തിന്റെ പ്രതിനിധികളായി അരങ്ങേറ്റം കുറിച്ചു. ഫുട്‌ബോളിൽ ഇന്ത്യയ്‌ക്കായിരുന്നു അന്നു സ്വർണം.  അങ്ങനെ ആദ്യ മേളയിൽ തന്നെ രണ്ടു മലയാളികൾ സ്വർണജേതാക്കളായി. അതോടെ ഏഷ്യാഡ് സ്വർണം കൈക്കലാക്കിയ ആദ്യ മലയാളികൾ എന്ന റെക്കോർഡ് തിരുവല്ല പാപ്പനും കോട്ടയം സാലിയും പങ്കിട്ടു. ഡിക്ലോസ് 400 മീറ്റർ ഹർഡിൽസിൽ മത്സരിച്ചെങ്കിലും നാലാം സ്‌ഥാനത്തേക്കു പിന്തളളപ്പെട്ടു. ഫുട്‌ബോളിൽ ഏറ്റവും ഒടുവിൽ ഇന്ത്യ സ്വർണം നേടിയ 1962 ജക്കാർത്ത ഗെയിംസിലെ ടീമിൽ ഇരിങ്ങാലക്കുടക്കാരൻ ഒ. ചന്ദ്രശേഖരൻ എന്ന റൈറ്റ് ബാക്ക് ഉണ്ടായിരുന്നു.

വ്യക്‌തിഗതയിനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി കൊല്ലം ജില്ലക്കാരൻ ടി.സി.യോഹന്നാൻ ആണ്. 1974ലെ ടെഹ്‌റാൻ ഗെയിംസിൽ ലോങ്‌ജംപിൽ 8.07 മീറ്റർ ഏഷ്യൻ റെക്കോർഡോടെ ചാടിയാണു യോഹന്നാൻ  സ്വർണം സ്വന്തമാക്കിയത്. അന്നു വിക്‌ടറി സ്‌റ്റാൻഡിൽ മറ്റൊരു മലയാളിയും യോഹന്നാനൊപ്പം നിന്നു– മൂന്നാം സ്‌ഥാനക്കാരനായ സതീഷ്‌പിളള. തൊട്ടടുത്ത ബാങ്കോക്ക് മേളയിൽ (1978) ലോങ്‌ജംപ് പിറ്റിലെ യോഹന്നാന്റെ റെക്കോർഡ് പ്രകടനം ആവർത്തിക്കാനായില്ലെങ്കിലും അതേ സ്‌ഥാനത്തു മറ്റൊരു മലയാളി തലയെടുപ്പോടെ നിന്നു, യോഹന്നാന്റെ ജില്ലക്കാരൻ തന്നെയായ സുരേഷ്‌ബാബു.  ലോങ്‌ജംപ് പിറ്റിൽനിന്നായിരുന്നു സുരേഷ്‌ബാബുവിന്റെയും നേട്ടം.

തൊട്ടടുത്ത ഡൽഹി ഏഷ്യാഡിൽ കായികചരിത്രത്തിലാദ്യമായി ഒരു മലയാളി വനിത സുവർണനേട്ടം കൊയ്‌തു, 400 മീറ്റർ ഹർഡിൽസിൽ ഏഷ്യാഡ് റെക്കോർഡും തന്റെ പേരിൽ ചേർത്തു. കണ്ണൂർകാരി എം.ഡി.വത്സമ്മ.അതോടെ തെന്നിന്ത്യയിൽ നിന്നു സ്വർണം നേടുന്ന ആദ്യ വനിതയായി വൽസമ്മ. (അതിനുമുൻപ് ഇന്ത്യയിൽ വ്യക്‌തിഗതയിനത്തിൽ ഏഷ്യൻഗെയിംസ് സ്വർണം നേടിയ വനിതകൾ മറ്റു രണ്ടു പേർ മാത്രം– കമൽജിത്ത് സന്ധുവും ഗീതാ സുഷ്‌തിയും).  അന്നു വത്സമ്മയൊടൊപ്പം മറ്റൊരു മലയാളി താരവും സ്വർണനേട്ടം കുറിച്ചു.  സ്വർണം നേടിയ വനിതകളുടെ ഹോക്കി ടീമിൽ എസ്. ഓമനകുമാരി എന്ന ഹാഫ് ബാക്ക്  ഉണ്ടായിരുന്നു.

1986ൽ സോളിൽ അരങ്ങേറിയ ഗെയിംസ് പയ്യോളി എക്‌സ്‌പ്രസ് പി.ടി.ഉഷ നാലിനങ്ങളിൽ സ്വർണത്തേരോട്ടം നടത്തി തന്റെ മേളയാക്കി മാറ്റി. 200 മീറ്റർ, 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ്, 400 മീറ്റർ റിലേ എന്നിവയിൽ സ്വർണവും 100 മീറ്ററിൽ ലിഡിയ ഡിവേഗയ്‌ക്കു പിന്നിലായി വെളളിയും. ഈ മെഡൽ കൊയ്‌ത്താണ് ഒരിന്ത്യക്കാരന്റെ പേരിലുളള ഏഷ്യാഡിലെ ഏറ്റവും മികച്ച നേട്ടം.  400 മീറ്റർ റിലേയിൽ അന്ന് ഉഷയ്‌ക്കൊപ്പം വിക്‌ടറിസ്‌റ്റാന്റിൽ നിൽക്കാൻ മറ്റു രണ്ടുമലയാളികൾ കൂടിയുണ്ടായിരുന്നു, എം.ഡി.വത്സമ്മയും ഷൈനി ഏബ്രഹാമും. ഏറ്റവും കൂടുതൽ ഏഷ്യാഡ് മെഡൽ  നേടിയ ഇന്ത്യൻ താരം   എന്ന ബഹുമതി ഇന്നും ഉഷയുടെ പേരിലാണ്- അഞ്ച് മേളകളിൽനിന്നായി  11  മെഡലുകൾ.

1986നുശേഷം ഒരു മലയാളിക്ക് വ്യക്‌തിഗതയിനത്തിൽ സ്വർണം നേടുവാൻ ബുസാൻ ഏഷ്യാഡ് വരെ കാത്തിരിക്കേണ്ടിവന്നു. എന്നാൽ 1998ലെ ബാങ്കോക്ക് ഏഷ്യാഡിൽ സ്വർണം നേടിയ ഹോക്കി ടീമിൽ രണ്ടു മലയാളികളുണ്ടായിരുന്നു, സാബു വർക്കിയും അനിൽ ആൽഡ്രിനും.

2002 ബുസാൻ മേളയും മലയാളിയെ നിരാശപ്പെടുത്തിയില്ല. 14-ാമത് ഏഷ്യൻ ഗെയിംസിനു തിരശീല വീണപ്പോൾ കേരള കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർക്കപ്പെട്ടു. ഏറ്റവും കൂടുതൽ  മലയാളികൾ  ഏഷ്യാഡ് സ്വർണം സ്വന്തമാക്കിയ മേള  എന്ന ബഹുമതി ബുസാൻ ഗെയിംസിന് അവകാശപ്പെട്ടതാണ്. വ്യക്‌തിഗതയിനങ്ങളിലും ടീം ഇനങ്ങളിലുമായി മൊത്തം നാലു മലയാളികളാണു  ബുസാൻ ഗെയിംസിൽ സ്വർണം കഴുത്തിലണിഞ്ഞത്. ലോങ്‌ജംപിൽ അഞ്‌ജു ബോബി ജോർജ് സ്വർണം നേടി  ടി.സി.യോഹനനും സുരേഷ് ബാബുവിനും പിൻഗാമിയായി.

തുടർന്ന് 800 മീറ്ററിൽ കെ.എം. ബീനാമോൾ സ്വർണ നേടി. സ്വർണം നേടിയ വനിതകളുടെ 400 മീറ്റർ റിലേയിൽ രണ്ടു മലയാളികൾ പങ്കെടുത്തു,  ബീനാമോളും ജിൻസി ഫിലിപ്പും. തീർന്നില്ല മലയാളത്തിന്റെ നേട്ടം. മലയാളിയായ ജെ. ഉദയകുമാർ പരിശീലിപ്പിച്ച കബഡി ടീമിൽ  സ്വർണം മുത്താൻ കുമ്പളക്കാൻ കെ. കെ. ജഗദീഷ് എന്ന പട്ടാളക്കാരനുമുണ്ടായിരുന്നു. പുരുഷൻമാരുടെ ടെന്നീസ് ഡബിൾസിൽ  ലിയാൻഡർ പെയ്‌സിനൊപ്പം സ്വർണം നേടിയ മഹേഷ്  ഭൂപതിക്കുമുണ്ടൊരു മലയാളത്തിന്റെ മണം. പത്തനംതിട്ട ജില്ലയിലെ കുമ്പനാട്ടുകാരി മീരയുടെ മകനാണു ഭൂപതി.

2006ൽ ടെന്നിസ് പുരുഷവിഭാഗം ഡബിൾസിൽ ലിയാൻഡർ പെയ്‌സിനൊപ്പം മഹേഷ് ഭൂപതിയുണ്ടായിരുന്നു. അക്കൊല്ലം സ്വർണം നേടിയ വനിതകളുടെ 4–400 മീ. റിലേ ടീമിൽ ഓടാൻ ചിത്ര കെ. സോമൻ എന്ന മലയാളി വനിതയുണ്ടായിരുന്നു.

2010ൽ ഗ്വാങ്‌ചൗവിൽ 10, 000 മീറ്ററിൽ സ്വർണം നേടിയത് ഇടുക്കി രാജാക്കാട് സ്വദേശി പ്രീജ ശ്രീധരനാണ്. 400 മീ. ഹർഡിൽസിൽ സ്വർണം നേടിയത് ജോസഫ് ഏബ്രഹാമായിരുന്നു. ഇന്ത്യൻ വനിതകൾ സ്വർണം നേടിയ 4–400 മീ. റിലേയിൽ സിനി ജോസ് ഇന്ത്യയ്‌ക്കുവേണ്ടി ഓടി. ചിത്ര കെ. സോമൻ റിസർവ് ആയി അന്ന് ടീമിലുണ്ടായിരുന്നു. വനിതകളുടെ കബഡി മൽസരം ആദ്യമായി ഏർപ്പെടുത്തിയത് 2010ലാണ്.

അന്ന് സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ഒരു മലയാളി ഉണ്ടായിരുന്നു– കാസർകോട് ജില്ലയിൽനിന്നുള്ള ഷർമി ഉലഹന്നാൻ. തൊടുപുഴയിൽനിന്ന് കാസർകോട്ടെ കുടിയേറ്റ ഗ്രാമമായ കൊന്നക്കാട് എന്ന പ്രദേശത്തേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഷർമി. മെഡൽ നേടുമ്പോൾ കരമന എൻഎസ്‌എസ് കോളജിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയാണ്.

2014ൽ ദക്ഷിണ കൊറിയയിലെ ഇഞ്ചോണിൽ നടന്ന 17–ാമത് മേളയിൽ രണ്ടു മലയാളികൾക്കുമാത്രമാണു സ്വർണം കഴുത്തിലണിയാനായത്. ഹോക്കി ഗോൾകീപ്പറായിരുന്ന പി. ആർ. ശ്രീജേഷും 4–400 മീ. റിലേയിൽ ടിന്റു ലൂക്കയും സ്വർണം നേടി. ഹോക്കി ഫൈനലിൽ പരമ്പരാഗതവൈരികളായ പാക്കിസ്‌ഥാനെ ടൈബ്രേക്കറിൽ തോൽപ്പിച്ചത് ശ്രീജേഷിന്റെ സാഹസികമായ സേവിങ്ങുകളിലൂടെയാണ്.

അതുപോലെ റിലേയിൽ ടിന്റുവിന്റെ മിന്നുന്ന പ്രകടനമാണ് വിജയത്തിലേക്ക് നയിച്ചതും. അത്തവണ സ്വർണ മെഡലുകൾ നേടിയ പുരുഷ – വനിതാ കബഡി ടീമുകളിൽ മലയാളികൾ ഇല്ലായിരുന്നെങ്കിലും മലയാളിയായ ജെ. ഉദയകുമാർ പുരുഷ ടീമിന്റെയും ഭാസ്‌കരൻ വനിതാ ടീമിന്റെയും പരിശീലകരായിരുന്നു.