കൊൽക്കത്ത ∙ തേയിലത്തോട്ടത്തിൽ ജോലിചെയ്യുന്ന അമ്മ ബസനയുടെ നിത്യവരുമാനം 180 രൂപ. അതുതന്നെ പണിയുള്ളപ്പോൾ മാത്രം. ഉത്തര ബംഗാളിലെ ജയ്പൽഗുരിയിൽ തോട്ടങ്ങളേറെയും അടഞ്ഞുകിടക്കുകയാണിപ്പോൾ. സ്വപ്ന കുട്ടിയായിരിക്കുമ്പോൾ തന്നെ പിതാവ് സ്ട്രോക്ക് വന്നു കിടപ്പിലായി. പേരിൽ മാത്രമുള്ള സ്വപ്നം ജീവിതത്തിലും കണ്ട സ്വപ്ന ബർമൻ അത്‍ലറ്റിക്സിലെ ഏറ്റവും കടുപ്പമേറിയ ഹെപ്റ്റാത്തലണിൽ തന്നെ ഏഷ്യൻ ഗെയിംസിൽ സ്വർണം സ്വന്തമാക്കിയപ്പോൾ അത് ഇന്ത്യൻ അത്‍ലറ്റിക്സിലെ അതിജീവനത്തിന്റെ പൊൻപതക്കം കൂടിയായി.
സ്വപ്നയുടെ പിതാവ് പഞ്ചാനൻ റിക്ഷാ തൊഴിലാളിയായിരുന്നു. സ്ട്രോക്ക് വന്ന് അനങ്ങാൻ പോലുമാകാതെ കിടപ്പിലായതോടെ മൂത്ത സഹോദരങ്ങൾ കൂലിപ്പണിക്കിറങ്ങി. ജക്കാർത്തയിലേക്കു പോകും മുൻപു സ്വപ്ന വീട്ടിലൊരു ടെലിവിഷൻ വാങ്ങിവച്ചു. കട്ടിലിൽ തലയിണകൾ ചെരിച്ചുവച്ചാണു പഞ്ചാനനും ബസനയും മകളുടെ വിജയം കണ്ടത്. മകൾ സ്വർണം വാങ്ങാൻ പോഡിയത്തിൽ കയറിയപ്പോൾ ആ അമ്മ ശരിക്കും കരഞ്ഞുകലങ്ങി വീണുപോയിരുന്നു. ജയ്പാൽഗുരിയിലെ കൊച്ചുവീട്ടിലേക്ക് സ്വപ്നയുടെ വിജയം കാണാൻ ഗ്രാമവാസികളും ഓടിയെത്തി.
‘‘ഞാൻ ആ ഞെട്ടലിൽ നിന്നെഴുന്നേറ്റപ്പോൾ എന്റെ ഫോണിൽ മുഖ്യമന്ത്രി മമത ബാനർജി വിളിക്കുന്നു. സ്വപ്നക്കു പത്തു ലക്ഷം രൂപ നൽകുമെന്നും ജോലി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു ’’– കണ്ണുകൾ തുടച്ചു ബസന പറഞ്ഞു.
ഏഷ്യൻ ഗെയിംസിൽ സ്വർണം എന്ന ഒറ്റ ലക്ഷ്യത്തിലാണു സ്വപ്ന മുന്നോട്ടു നീങ്ങിയിരുന്നത്. കൃത്യം മൽസര ദിവസം തന്നെ കഠിനമായ പല്ലുവേദന വന്നു. എന്നാൽ, ജീവിതത്തിലെ അതികഠിനമായ വേദനകളെ മറികടന്ന സ്വപ്ന തികഞ്ഞ ലാഘവത്തോടെ അതെല്ലാം മറികടന്നു. പരിശീലനത്തിനു വരുമ്പോൾ മുഴുപ്പട്ടിണിക്കാരിയായിരുന്നു സ്വപ്നയെന്ന് ആദ്യ പരിശീലകൻ ബിശ്വജിത് മജുംദാറും ഓർമിപ്പിക്കുന്നു. സ്കൂളിലെ അധ്യാപകരാണ് പലപ്പോഴും ഭക്ഷണം നൽകിയിരുന്നത്.