പത്താം ക്ലാസിൽ ഫുൾ എ പ്ലസ്, പിന്നെ ട്രാക്കിൽ; വിസ്മയം, ഈ കായികജീവിതം

ജക്കാർത്ത ∙ ആദ്യം വി.കെ.വിസ്മയ ഓടും. രണ്ടാമത് എം.ആർ.പൂവമ്മ, മൂന്നാമത് സരിത ഗെയ്‌ക്‌വാദ്. അവസാന ലാപ്പിൽ ഹിമ ദാസ്. വനിതകളുടെ 4–400 മീറ്റർ റിലേയിൽ ഈ ക്രമത്തിൽ ഇറങ്ങാനായിരുന്നു ഇന്ത്യയുടെ തീരുമാനം. എന്നാൽ, ഫൈനലിന്റെ ദിവസം രാവിലെ പരിശീലക ഗലീന ബുഖറിന പറഞ്ഞു: ‘അവസാന ലാപ്പിൽ വിസ്മയ ഓടണം. ഹിമ ആദ്യവും.’

നാലാം ലാപ്പിൽ ബഹ്റൈന്റെ ലോക ചാംപ്യൻ സൽവ നാസറിനു പിടികൊടുക്കാതെ, സമ്മർദത്തിൽ തളരാതെ, ഇന്ത്യയെ സ്വർണതീരത്തേക്കു നയിച്ച ‘ആങ്കറാ’യി താരം റിലേ പൂർത്തിയാക്കി. ഇതുപോലെ ഒട്ടേറെ വിസ്മയചിത്രങ്ങൾ നിറഞ്ഞതാണ് ഈ കോളജ് കുമാരിയുടെ കായികജീവിതം. അതിനെപ്പറ്റി താരംതന്നെ പറയുന്നു:

∙ ഞാനൊരു പഠിപ്പിസ്റ്റ്

പത്താം ക്ലാസിൽ ഫുൾ എ പ്ലസ്. പ്ലസ്ടുവിൽ 90 ശതമാനത്തിലധികം മാർക്ക്. എൻജിനീയറിങ് പ്രവേശനം കിട്ടിയിട്ടും അതിനു പോകാതെ ബിഎസ്‍സി മാത്‌സിനു ചേർന്നു. ഇപ്പോൾ പിജി ചെയ്യുന്നു. അനിയത്തി വിജിഷ വഴിയാണു ഞാൻ ട്രാക്കിലിറങ്ങുന്നത്. അവൾ കോതമംഗലം സെന്റ് ജോർജിൽ കായികതാരമായിരുന്നു. അവളുടെ പരിശീലനം കാണാൻ പോയപ്പോൾ രാജു പോൾ സാറാണ് എന്നെ മത്സരിപ്പിച്ചത്. അങ്ങനെ പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ഞാനാദ്യമായി ട്രാക്കിലോടി. പ്ലസ്ടു പഠനകാലത്തു സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്റർ ഹർഡിൽസിൽ കിട്ടിയ മൂന്നാം സ്ഥാനമാണു സ്കൂൾ മീറ്റിലെ മികച്ച നേട്ടം.

∙ ഞാനോ, ചാംപ്യനോ

ആദ്യ രാജ്യാന്തര മത്സരത്തിൽ തന്നെ സ്വർണം നേടിയതിന്റെ ത്രില്ലിലാണു ഞാൻ. ഇതിനു മുൻപത്തെ എന്റെ ഏറ്റവും വലിയ നേട്ടം കഴിഞ്ഞ വർഷത്തെ അഖിലേന്ത്യാ അന്തർസർവകലാശാലാ മീറ്റിലെ 200 മീറ്റർ സ്വർണമാണ്.

∙ നന്ദിയുണ്ട് സാറേ

ബിടെക്കിനു പോകാൻ നിന്ന എന്നെ സ്പോർട്സിൽ ഭാവിയുണ്ടെന്നു പറഞ്ഞു ചങ്ങനാശേരി അസംപ്ഷനിൽ നിർത്തിയ കായികാധ്യാപകരായ ഡോ.ജിമ്മി ജോസഫ്, സുജ മേരി ജോർജ്, ട്രാക്കിൽ മികവിലേക്കു നയിച്ച കൗൺസിൽ പരിശീലകരായ പി.പി.പോൾ, സി.വിനയചന്ദ്രൻ എന്നിവരോടും കോതമംഗലത്തെ രാജു പോളിനോടും എന്നിൽ വിശ്വാസമർപ്പിച്ച ഗലീന മാഡത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്. 

∙ എന്റെ വീട്, എന്റെ സ്വപ്നം

കണ്ണൂർ ഏരുവേശിക്കാരിയായ ഞാൻ ഇപ്പോൾ കോതമംഗലത്താണു താമസം. കഴിഞ്ഞ പത്തു വർഷമായി ഞങ്ങൾ വാടകവീട്ടിലാണ്. അച്ഛൻ ചെറിയ കോൺട്രാക്ട് വർക്കുമായി പോകുന്നു. ഏഷ്യൻ ഗെയിംസ് മെഡലുമായി ഇനി അവിടേക്കാണു ചെന്നു കയറേണ്ടത്. സ്വന്തമായി ഒരു വീട്, ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഒരു ജോലി. അതൊക്കെയാണ് എന്റെ സ്വപ്നം. കഴിയുന്നത്ര നാൾ രാജ്യത്തിനായി ട്രാക്കിലോടുകയും വേണം.