ജക്കാർത്ത ∙ ബ്രിജിൽ സ്വർണം നേടിയ ഇന്ത്യൻ താരം ഈ ഏഷ്യൻ ഗെയിംസിൽ അപൂർവ റെക്കോർഡിന് ഉടമയായി. പുരുഷവിഭാഗത്തിൽ (പെയർ) സ്വർണം നേടിയ പ്രണബ് ബർദൻ ഈ ഗെയിംസിലെ ഏറ്റവും പ്രായംകൂടിയ സ്വർണ ജേതാവെന്ന നേട്ടമാണു സ്വന്തമാക്കിയത്. അദ്ദേഹത്തിന് 60 വയസ്സ്. ഒപ്പമുണ്ടായിരുന്ന ശിബ്നാഥ് സർക്കാരിന് 56 വയസ്സ്. കൊൽക്കത്ത സ്വദേശികളായ പ്രണബും ശിബ്നാഥും കഴിഞ്ഞ 20 വർഷമായി ഒരുമിച്ചു കളിക്കുന്നവരാണ്.
ഒട്ടേറെ ദേശീയ, രാജ്യാന്തര ചാംപ്യൻഷിപ്പുകളിൽ പുരുഷ വിഭാഗത്തിൽ ഇവർ ടീമായി ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം കൊറിയയിൽ നടന്ന ഏഷ്യാ – പസഫിക് ബ്രിജ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. ഇതോടെ 24 പേരടങ്ങിയ ഇന്ത്യൻ ബ്രിജ് ടീമിന്റെ മെഡൽ നേട്ടം മൂന്നായി. നേരത്തേ പുരുഷ ടീമും മിക്സ്ഡ് ടീമും വെങ്കലം നേടിയിരുന്നു. ജഗ്ഗി ശിവദാസനി, രാജേശ്വർ തിവാരി, അജയ് ഖരെ, ടി.രാജു, ദേബബ്രത മജുംദാർ, സുമിത് മുഖർജി എന്നിവരടങ്ങിയ ടീമാണു പുരുഷ വിഭാഗത്തിൽ വെങ്കലം സ്വന്തമാക്കിയത്. കിരൺ നാടാർ, ഹേമ ദേവ്‌റ, ഹിമാനി ഖണ്ഡേൽവാൽ,
ബി.സത്യനാരായണ, ഗോപിനാഥ് മന്ന, രാജീവ് ഖണ്ഡേൽവാൽ എന്നിവരുൾപ്പെടുന്ന സംഘം മിക്സ്ഡ് ടീമിനത്തിലും മൂന്നാം സ്ഥാനം നേടി. ഇന്ത്യൻ ടീമിലെ 21 പേരും 50 വയസ്സിനു മുകളിലുള്ളവരാണ്. ഏറ്റവും പ്രായം കൂടിയ അംഗത്തിന് 79 വയസ്സ്. ഏറ്റവും പ്രായം കുറഞ്ഞയാൾ മുപ്പത്തിയെട്ടുകാരനാണ്.