കണ്ണുകൾ കള്ളം പറയില്ല; ഫുട്ബോളിലും. ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ആദ്യ മൽസരങ്ങളിൽ എല്ലാവരുടെയും കണ്ണുകൾ ഇടതു വിങ്ങിലായിരുന്നു. അവിടെ കളിച്ചിരുന്നത് സൂപ്പർ താരം ജെയ്ഡൻ സാഞ്ചോ. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞു. സാഞ്ചോ പോയി. കളിയുടെ നിമിഷങ്ങൾ ഒപ്പിയെടുക്കാൻ തിടുക്കപ്പെട്ടിരുന്ന ക്യാമറ ലെൻസുകൾ സൂം ചെയ്തത് രണ്ടു ഹാട്രിക്കുകളുമായി മിന്നിയ സെൻട്രൽ ഫോർവേഡ് റയാൻ ബ്രൂസ്റ്ററിലേക്കാണ്. പക്ഷേ, കളിയുടെ സൗന്ദര്യം കണ്ടിരുന്ന കണ്ണുകൾ നേരെ പോയത് ഇംഗ്ലണ്ടിന്റെ വലതു പാർശ്വത്തിലേക്ക്.
ബ്രൂസ്റ്റർക്കു ഗോളിലേക്കു തൊടുക്കാനുള്ള പന്തുകളെല്ലാം പാകപ്പെട്ടു വന്നത് അവിടെ നിന്നാണ്. ഒരു പരുക്കൻ ഡിഫൻഡർക്കു മുന്നിൽ ഇപ്പോ തീർന്നുപോകും എന്നു തോന്നിക്കുന്ന ശരീരപ്രകൃതിയുള്ള ഫിൽ ഫോഡന്റെ കാലിൽ നിന്ന്. ഇംഗ്ലണ്ട് ടീമിന്റെ ചക്രങ്ങൾ റയാൻ ബ്രൂസ്റ്ററും ഹഡ്സൺ ഒഡോയുമായിരുന്നെങ്കിൽ ഒട്ടും ശബ്ദങ്ങളുണ്ടാക്കാത്ത എൻജിൻ ഈ മാഞ്ചസ്റ്റർ സിറ്റി താരമായിരുന്നു. ഫൈനൽ കഴിഞ്ഞതോടെ ക്യാമറക്കണ്ണുകളും ഫോഡനിലേക്കു തിരിഞ്ഞു – ഈ ലോകകപ്പിലെ ഗോൾഡൻ ബോയ്, ഗോൾഡൻ ബോൾ!
ഇംഗ്ലണ്ട് ടീമിലെ ലാറ്റിനമേരിക്കൻ മികവുള്ള കളിക്കാരൻ എന്നു ഫോഡനെ വിശേഷിപ്പിച്ചത് മുൻ ഇംഗ്ലണ്ട് മാനേജർ ഗ്ലെൻ ഹോഡിലാണ്. ഹോഡിൽ അതു പറഞ്ഞത് ചിലെയ്ക്കെതിരെ ആദ്യമൽസരം കണ്ട ശേഷമായിരുന്നു. അതിനുശേഷം ഫൈനൽ വരെ കഴിഞ്ഞു. പതിനേഴുകാരൻ ഫിൽ ഫോഡന് ആരാധകരെത്ര – ഏറ്റവും ഒടുവിലായി മാഞ്ചസ്റ്റർ സിറ്റി സീനിയർ പരിശീലകൻ പെപ്പ് ഗ്വാർഡിയോള വരെ. ‘ഫോഡനെ ഞാൻ കഴിഞ്ഞ വാരം ലീഗ് കപ്പിൽ കളിപ്പിക്കാമെന്നു കരുതിയതാണ്. പക്ഷേ, ലോകകപ്പാകും ഫോഡന് നല്ലതാകുമെന്നതിനാൽ തിരിച്ചു വിളിച്ചില്ല.’ ഫൈനലിൽ ഫോഡന്റെ കളി കണ്ടവർ പെപ്പിനു നന്ദി പറയാതിരിക്കുന്നതെങ്ങനെ..!
മാഞ്ചസ്റ്റർ സിറ്റിയുടെ കഴിഞ്ഞ പ്രീ–സീസൺ അമേരിക്കൻ പര്യടനത്തിലാണു സ്റ്റോക്പോർട്ടിൽ നിന്നുള്ള ഈ പതിനേഴുകാരൻ പെപ്പ് ഗ്വാർഡിയോളയുടെ കണ്ണിലുടക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മൽസരത്തിൽ പെപ്പ് ഫോഡന് അവസരം നൽകിയിരുന്നു. മൽസരശേഷം ഫോഡന്റെ പ്രകടനത്തെക്കുറിച്ചു ചോദിച്ചപ്പോൾ പെപ്പ് പറഞ്ഞതിങ്ങനെ: ‘യുവതാരങ്ങൾക്ക് അമിത പ്രശംസ ആപത്താണ്. അതു കൊണ്ടുമാത്രം ഞാനൊന്നും പറയുന്നില്ല. ഹി ഈസ് എ സ്പെഷൽ പ്ലേയർ..!
തന്റെ സ്ഥിരം പൊസിഷനിൽ കളിച്ചല്ല ഫോഡൻ ഈ ലോകകപ്പിലെ മികച്ച താരമായത്. സിറ്റിയുടെ യൂത്ത് ടീമിൽ സെൻട്രൽ മിഡ്ഫീൽഡറായാണു മിക്കപ്പോഴും ഫോഡൻ കളിക്കുന്നത്. പാസുകൾ തിരിച്ചുവിടുന്ന ഒരു ജംക്‌ഷൻ പോലെ കളിക്കാനുള്ള ഫോഡന്റെ മികവു തന്നെ കാരണം. അണ്ടർ–17 ടീം കോച്ച് സ്റ്റീവ് കൂപ്പർ പക്ഷേ, ഫോഡനെ നിയോഗിച്ചത് വലതു വിങ്ങിലേക്കാണ്. മിഡ്ഫീൽഡ് പ്ലേയെക്കാളും ഇംഗ്ലണ്ട് വിശ്വസിച്ചത് വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്തിലാണ് എന്നതായിരുന്നു കാരണം.
എന്നിട്ടും അധികം മുന്നോട്ടു കയറിപ്പോകാതെ മിഡ്ഫീൽഡിനോടു ചേർന്നു കളിക്കാനാണു കൂപ്പർ ഫോഡനോടു നിർദേശിച്ചത്. അതുകൊണ്ടു രണ്ടു ഗുണങ്ങളുണ്ടായി. ടീമിന്റെ മിഡ്ഫീൽഡ് ദുർബലമായില്ല. കളി മെനയുക എന്നതിനപ്പുറം ഫോഡന്റെ പാസുകൾ ഗോളുകൾക്കു വഴിയൊരുക്കുന്ന കില്ലർ പാസുകളുമായി. ലോകകപ്പ് നേടി നാട്ടിൽ തിരിച്ചെത്തുന്ന ഫോഡനെ കാത്തിരിക്കുന്നത് എന്താകും? പെപ് ഗ്വാർഡിയോള സൂചിപ്പിച്ച പോലെ മാഞ്ചസ്റ്റർ സിറ്റി ജഴ്സിയാകട്ടെ..!