Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ടർ–17 ലോകകപ്പ് ഇന്ത്യയ്ക്കു നൽകുന്നത് പുതിയ പ്രതീക്ഷകൾ; ഇനി മുന്നേറാം

U-17 WCup ഇവിടെ നീളുന്നതു പ്രതീക്ഷയുടെ വിരൽമുദ്രകളാണ്. ലോക ഫുട്ബോളിൽ ഇന്ത്യ പതിപ്പിക്കുന്ന കയ്യടയാളം. അണ്ടർ 17 ലോകകപ്പിൽ സ്പെയിനിനെ വീഴ്ത്തി ഇംഗ്ലണ്ട് വിജയകിരീടമണിഞ്ഞ രാവിൽ കൊൽക്കത്ത സ്റ്റേഡിയം ഇരമ്പുകയായിരുന്നു. മൽസരശേഷം താരങ്ങളെ ഒന്നു തൊടാനായി വേലിക്കെട്ടുകൾ കടന്നും നീളുകയാണ് ആരാധനയുടെ ആയിരം കരങ്ങൾ. ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടർ 17 ലോകകപ്പിനു ശുഭസമാപ്തി.

കൊൽക്കത്ത∙ കഴിഞ്ഞു, ഫുട്ബോളിന്റെ സൗന്ദര്യം കൊൽക്കത്തയ്ക്കുമേൽ ജ്വലിച്ചുനിന്ന ഒരു രാത്രി. കഴിഞ്ഞു, ഫുട്ബോളിന്റെ സാധ്യതകൾ ഇന്ത്യയിൽ ഉദിച്ച 23 ദിവസങ്ങൾ. കഴിഞ്ഞു, 17ൽ താഴെയുള്ളവരുടെ ലോകകപ്പ്. ഫൈനലിന്റെ മനോഹര നിമിഷങ്ങൾ ഇനി ഓർമയിൽ. പക്ഷേ, ഇന്ത്യയിൽ ഉദിച്ച ഫുട്ബോൾ സാധ്യതകൾ ഇനി ഉയരണം, സീനിയർ ലോകകപ്പിലേക്ക്. ഇന്ത്യൻ ടീം യോഗ്യതാ മൽസരങ്ങളിലൂടെ അവിടെ കളിക്കുന്നതിലേക്ക്.

∙ കാണികൾക്കു മനോഹരമായ, മറക്കാനാവാത്ത മുഹൂർത്തങ്ങൾ നൽകിയ ലോകകപ്പ്. എത്ര നല്ല ഗോളുകൾ. ഗോൾ ആയില്ലെങ്കിൽപോലും അഴകൊത്ത നീക്കങ്ങൾ. രക്ഷപ്പെടുത്തലുകൾ. ലോകഫുട്ബോളിന്റെ  ഭാവിതാരങ്ങളുടെ ഉദയം. ജേഡൻ സാഞ്ചോ ഭാഗികമായി ഈ ലോകകപ്പിന്റെ ഭാഗമായെങ്കിലും വിനീസ്യൂസ് ജൂനിയർ വന്നതേയില്ല. പക്ഷേ ഫിൽ ഫോഡൻ മുതൽ ഇന്ത്യയുടെ ഗോളി ധീരജ് സിങ് വരെ ഭാവിക്ക് ഈ ലോകകപ്പ് വച്ചുനീട്ടുന്ന വാഗ്ദാനങ്ങൾ. ഇവരൊക്കെ ഒന്നര പതിറ്റാണ്ടെങ്കിലും നമ്മളെ ഫുട്ബോളിലേക്കു വിരുന്നുവിളിക്കും, ഉറപ്പ്.

∙ തയാറെടുപ്പുകളുടെ തുടക്കത്തിൽ ഫിഫയ്ക്കു കഷ്ടപ്പാടുകൾ നൽകിയെങ്കിലും പിന്നീടു സംതൃപ്തി നൽകിയ ലോകകപ്പ്. കാണികളുടെ പങ്കാളിത്തം, സുരക്ഷ, മൽസര നടത്തിപ്പ്, പ്രാദേശിക സംഘാടകരുമായുള്ള ഏകോപനം എന്നിങ്ങനെ വിവിധ മേഖലകളിൽ ഫിഫ പുതിയ പല പാഠങ്ങളും പഠിച്ചു. അണ്ടർ 17 ലോകകപ്പിന്റെ ചരിത്രത്തിൽ കാണികളുടെ എണ്ണത്തിൽ ഈ ടൂർണമെന്റ് റെക്കോർഡ് കുറിച്ചു. ഫിഫയ്ക്കു സന്തോഷിക്കാം, ഇന്ത്യ ഈ ടൂർണമെന്റ് നടത്തട്ടെ എന്ന തീരുമാനം തെറ്റിയില്ല.

∙ ഒന്നാം ക്ലാസിൽ ഇരുന്ന അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് നേരിട്ടു പ്ലസ് ടു പ്രവേശനം നൽകിയ ലോകകപ്പ്. നമുക്ക് ഇത്രയൊക്കെ മതിയേ എന്നു പറഞ്ഞിരുന്നവരെ വിളിച്ചുവരുത്തി പണിയെടുപ്പിച്ചു ഫിഫ നൽകിയ സമ്മാനം. കാഴ്ചയിലെ പരിമിതികൾ ഇതോടെ മാറി. ഇനി കാഴ്ചപ്പാട് മാറണം. അണ്ടർ 20 ലോകകപ്പ് നടത്താൻ അവസരം കിട്ടിയാലും ഇല്ലെങ്കിലും  ഈ കഠിനാധ്വാനം കൈവിടരുത്. ശീലമാക്കണം. 

ഇന്ത്യയുടെ അണ്ടർ 17 ടീമിന് ബിരിയാണിക്ക് അപ്പുറം സ്നേഹവും ആദരവും നൽകിയ ലോകകപ്പ്. ‘ഇനി ബിരിയാണിയെങ്കിലും കിട്ടിയാലോ’ എന്നു കരുതിയിരുന്ന ആരാധകർക്ക് ടീം പൊരുതി.  വീണപ്പോൾ സങ്കടമായെന്നതു നേര്. പക്ഷേ, ആ തോൽവിയെ നമ്മൾ വലിയ വീഴ്ചയായി കണക്കിലെടുക്കുന്നില്ല എന്നു ഫുട്ബോളിനെ സ്നേഹിക്കുന്ന ഇന്ത്യൻ ജനത വിധിയെഴുതിയ നാളുകളാണിത്. ഈ കുട്ടികൾ ഇപ്പോൾ ദേശീയശ്രദ്ധയിലുണ്ട്. ഇവരെ ചിതറിപ്പോകാൻ  അനുവദിക്കരുത്. വിദേശ മൽസര പരിചയം ഇവർക്കു കൂടുതൽ ആവശ്യമുണ്ട്.

ഇന്ത്യയ്ക്കു മൊത്തത്തിലും കേന്ദ്ര സർക്കാരിനും ആറു സംസ്ഥാന സർക്കാരുകൾക്കും പുതിയൊരു രാജ്യാന്തര മേൽവിലാസം നൽകിയ ലോകകപ്പ്. ഫുട്ബോൾ ലോകകപ്പിന് ആതിഥ്യമരുളിയ രാജ്യം, സംസ്ഥാനം എന്നിങ്ങനെയുള്ള മേൽവിലാസം എല്ലാവർക്കും കിട്ടുന്നതല്ല.

ഈ ലോകകപ്പിനായി ഒരുക്കിയ പരിശീലന മൈതാനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, നവീകരിച്ച സ്റ്റേഡിയങ്ങൾ  എന്നിവ ഫലപ്രദമായി ഉപയോഗിക്കാൻ കർമപരിപാടി വേണം. ഉത്തരവാദിത്തമുള്ള ചുമതലക്കാർ വേണം. ചുമതല രാഷ്ട്രീയക്കാർക്കല്ല, പന്തുകളിയുമായി രക്തബന്ധമുള്ളവർക്കാണു  നൽകേണ്ടതെന്ന പാഠവും ഈ ലോകകപ്പ് തരുന്നു. അധികാരികൾ കേൾക്കുന്നുണ്ടോ?