Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യയിലുമെത്തും സിംപിൾ, പവർഫുൾ 4–4–2 !

4-4-2 2016ൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ലെസ്റ്റർ സിറ്റിയുടെ ഫോർമേഷൻ.

രണ്ടു വർഷം മുൻപു മാഞ്ചസ്റ്റർ ടീമുകളെയും ചെൽസിയെയും കാഴ്ചക്കാരാക്കി ലെസ്റ്റർ സിറ്റി ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം ഉയർത്തുമ്പോൾ ലോകം വിസ്മയിച്ചതു കാലം തളർത്താത്തൊരു തന്ത്രം കണ്ടിട്ടുകൂടെയാണ്. ടിക്കി ടാക്കയും ഫാൾസ് നയനും പോലെ ആധുനിക ഫുട്ബോൾ തന്ത്രങ്ങളുടെ പിൻബലത്തിലായിരുന്നില്ല ക്ലോഡിയോ റാനിയേരിയെന്ന വയോധികൻ ലെസ്റ്ററിന്റെ കുറുനരിക്കൂട്ടത്തിനു പ്രീമിയർഷിപ് സമ്മാനിച്ചത്.

ഫുട്ബോളിലേറ്റവും പഴക്കം ചെന്നതെന്നു പറയാവുന്നൊരു ഫോർമേഷന്റെ മികവിലാണു റാനിയേരി ക്ലബ് ഫുട്ബോൾ സമീപകാലത്തു സാക്ഷ്യം വഹിച്ച വമ്പൻ അട്ടിമറിക്കു തിരിതെളിച്ചത് – 4–4–2. ലോകമെമ്പാടുമുള്ള സർവ ടീമുകളും പരീക്ഷിച്ചിട്ടുള്ള, ഇംഗ്ലിഷ് ഫുട്ബോളിനോടു ചേർന്നുകിടക്കുന്ന ഈ ക്ലാസിക് ഫോർമേഷനെ റഷ്യയിലും കാണാം.

എന്താണ് 4–4–2 ?

രണ്ടു സ്ട്രൈക്കർമാരെ മുൻനിർത്തിയുള്ള അതിലളിതമെന്നു പറയാവുന്നൊരു യുദ്ധതന്ത്രം. 4–4–2 ഫോർമേഷനെ ഇങ്ങനെ ചുരുക്കാം.. കളത്തിലെ പാർട്നർഷിപ്പുകളിലൂടെയാണ് കളി മുന്നോട്ടുപോകുക. ഒരു ജോടി സ്ട്രൈക്കർമാരും മധ്യനിരക്കാരും ഇരുപാർശ്വത്തിലൂടെയും കുതിക്കുന്ന വിങ്ങർമാരും ചേരുന്ന ‘ഒത്തുകളി’യിലാണു രസതന്ത്രം. കളത്തിലെ റോളിനെക്കുറിച്ച് ഇവർക്കിടയിൽ ഒരു ടെലിപ്പതിക് ധാരണയുണ്ടാവേണ്ടതും അനിവാര്യം. പാസിങ്ങും ഡ്രിബ്ലിങ്ങും ഇന്റർസെപ്ഷനുമെല്ലാം ചേരുന്ന ഓൾറൗണ്ട് സ്കിൽ വശമായുള്ള ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർമാരും ഓവർലാപ്പ് ചെയ്തെത്തി അളന്നുമുറിച്ചെന്നവണ്ണം ക്രോസുകൾ തൊടുക്കുന്ന വിങ്ങർമാരും ചേരുമ്പോൾ പദ്ധതി പാതി വിജയമാകും. ഇനിയുള്ള ദൗത്യം ആക്രമണനിരയുടേതാണ്. ഫിനിഷിങ് മികവും വേഗവും കൈമുതലായുള്ള സ്ട്രൈക്കിങ് ജോടിക്കു മിഷൻ അനായാസം പൂർത്തിയാക്കാം.

ഫോം മങ്ങിയ ഫോർമേഷൻ

സുവർണകാലം പിന്നിട്ടുകഴിഞ്ഞു 4–4–2. നാട്ടിലെ ലീഗും ചാംപ്യൻസ് ലീഗും ലക്ഷ്യമിടുന്ന പല യൂറോപ്യൻ ക്ലബുകളും ഈ പഴഞ്ചൻ സമ്പ്രദായത്തിനു പിന്നാലെ പോകുന്നതു തന്നെ മാനക്കേടായി കാണുന്നവരാണ്. ലെസ്റ്റർ കഴിഞ്ഞാൽ സ്പാനിഷ് ലീഗിലെ അത്‌ലറ്റിക്കോ മഡ്രിഡാണ് ഈ ഫോർമേഷനിലൂടെ അടുത്തിടെ ശ്രദ്ധ നേടിയ പ്രമുഖ ടീം. ക്ലാസിക് 4–4–2 ടീം എന്ന വിശേഷണം മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളതാണ്. തൊണ്ണൂറുകളിൽ ട്രെബിൾ നേട്ടം കൈവരിച്ച അലക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്ററാണ് ഇതിലെ മാസ്റ്റേഴ്സ്.

ഫോർമേഷന്റെ കരുത്ത്

വ്യക്തതയുള്ള ഘടനയും നടപ്പാക്കാനുള്ള അനായാസതയും കാരണം പരിശീലകരും കളിക്കാരും ഒരുപോലെ ഇഷ്ടപ്പെടും ഈ ഫോർമേഷൻ. ഇരട്ടമുനയുള്ള മുന്നേറ്റത്തിലേക്കു എളുപ്പം പന്ത് എത്തിക്കാൻ മധ്യനിരയ്ക്കു കഴിയും. സ്ട്രൈക്കർമാരെ സംബന്ധിച്ചു മധ്യനിരക്കാർ മുന്നോട്ടുകയറി വരുന്നതിനായി കാത്തുനിൽക്കേണ്ട കാര്യമില്ല. ലോങ് പാസുകളായും ക്രോസുകളായും പന്തിന്റെ സപ്ലൈ മുടങ്ങാതെയുണ്ടാകും. ലെസ്റ്ററിനു വേണ്ടി എൻഗോളെ കാന്റെയെന്ന മിഡ്ഫീൽഡറുടെ ദൗത്യം തന്നെ ഉദാഹരണം. വിങ്ങുകളിലൂടെ ആക്രമിച്ചു കയറാനും ആളുണ്ടെന്നതിനാൽ എതിർപ്രതിരോധത്തിനു ഇരട്ടിപ്പണി ഉറപ്പ്.   

ഇതാണ് വീക്ക്നെസ് 

ലളിതം എന്നതു തന്നെയാണ് ഈ തന്ത്രത്തിന്റെ പോരായ്മ. അത്ര സങ്കീർണമൊന്നുമല്ലാത്ത ഗെയിം പ്ലാൻ പൊളിച്ചടുക്കാൻ എതിരാളികൾക്കും എളുപ്പം സാധിക്കും. കാലങ്ങളായി കളത്തിലുള്ള ഫോർമേ‌‌ഷന്റെ പാസിങ് ഇടനാഴിയും പ്ലെയർ പൊസിഷനിങ്ങും ഇന്നു പ്രവചനാതീതമായ ഒന്നല്ല. മധ്യനിര താരങ്ങൾക്കു അധികഭാരം ഉണ്ടാക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ ശ്രദ്ധിക്കേണ്ടിവരുന്നതു മിഡ്ഫീൽഡർമാരെ തളർത്തും.

ലോകകപ്പിൽ 4–4–2?

ക്ലബ് ഫുട്ബോളിലേതു പോലെ അരച്ചു കലക്കിയ തന്ത്രങ്ങളുടെ മികവിലാകില്ല ലോകകപ്പ് പോലൊരു ടൂർണമെന്റിൽ ടീമുകളെത്തുക. അടുത്തിടെ മാത്രം ടീമിനൊപ്പം ചേർന്ന താരങ്ങളുമായി പല ടീമുകളും ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. സ്വാഭാവികമായും കളിച്ചു പഴകിയ, അനായാസം നടപ്പാക്കാവുന്ന തന്ത്രമെന്ന നിലയിൽ ഈ വഴിക്കു തിരിയാൻ പരിശീലകർ ശ്രമിക്കും. വ്യത്യസ്ത പരീക്ഷണങ്ങളുമായി കളത്തിലിറങ്ങിയ ശേഷം സമ്മർദനിമിഷങ്ങളിൽ ടീമുകൾ 4–4–2 രീതിയിലേക്കു മാറുന്നതും റഷ്യയിൽ കാണാം.