പന്ത് കൊണ്ടു വിസ്മയിപ്പിക്കൂ, മൈതാനം അടക്കിവാഴൂ –വിജയപരാജയങ്ങൾ നോക്കാതെ നിങ്ങളെ നോക്കി ലോകം കൈകൂപ്പും. ഗോൾതൂക്കം അളന്നല്ല ഫുട്ബോൾ ഒരിക്കലും ജേതാവിനെ തീരുമാനിക്കുന്നത്. ഗോളടിച്ചു മടങ്ങുന്നവനെക്കാൾ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട് കളത്തിൽ സുന്ദരമുഹൂർത്തങ്ങൾ സൃഷ്ടിച്ചു പരാജിതരായി മടങ്ങിയവർ. കളിയിൽ കസറണം, അതുവഴി മനം കീഴക്കണം – സ്കോർ ബോർഡിലെ സാങ്കേതികത്വം മാത്രമാകും അതോടെ ഗോളിന്റെ വിലാസം.
ഉദാഹരണമായി ഒരു ലോകകപ്പ് തന്നെയുണ്ട്. 1974 ലെ ലോകകപ്പ്. ജയിച്ച ജർമനിയെയല്ല, ‘കളിച്ചു’ തോറ്റ ഹോളണ്ടിനെയാണ് ലോകം ഇന്നും ഓർമിക്കുന്നത്. യൊഹാൻ ക്രൈഫും സംഘവും അഴിച്ചുവിട്ട ടോട്ടൽ ഫുട്ബോളിനൊപ്പം മായാതെ നിൽക്കുന്നുണ്ട് ആ ഫോർമേഷനും. ടോട്ടൽ ഫുട്ബോളിന്റെ പര്യായമായി മാറിയ 4–3–3 ഇന്നും സൂപ്പർ പരിവേഷത്തിൽ തന്നെ.
∙ എന്താണ് 4–3–3?
പൊസെഷൻ ഫുട്ബോൾ കളിക്കുന്ന ടീമുകളുടെ ഫേവറിറ്റ് ശൈലികളിലൊന്നാണ് 4–3–3. ഡച്ച് ഫുട്ബോളിനു പടർന്നു പന്തലിക്കാൻ അടിവേരു സമ്മാനിച്ച ഫോർമേഷൻ മിഡ്ഫീൽഡർമാരിൽ കേന്ദ്രീകരിച്ചുള്ള ഗെയിം പ്ലാനാണ്. ഫുട്ബോളിന്റെ ജീവൻ മൈതാനമധ്യത്തിലാണെന്നു വിളിച്ചുപറയുന്ന ശൈലി.
കളിയുടെ നിയന്ത്രണം വ്യത്യസ്ത റോളുകളുടെ ചുമതലയിലെത്തുന്ന മൂന്നു മധ്യനിരക്കാരിലാണ്. ഒരാളുടെ ദൗത്യം പ്രതിരോധമാകും. ഒരാൾ കളി നിയന്ത്രിക്കും. മൂന്നാമൻ അവസരമൊരുക്കും – ഇതാണ് 4–3–3 ശൈലി പിന്തുടരുന്ന ടീമുകളുടെ പതിവു സമവാക്യം. സാഹചര്യത്തിനനുസരിച്ച് 4–2–3–1, 4–1–4–1 എന്നിങ്ങനെയുള്ള രണ്ടു വേരിയേഷനുകളിലേയ്ക്ക് എളുപ്പത്തിൽ മാറാമെന്ന ആനുകൂല്യം കൂടി ഈ ഫോർമേഷനുണ്ട്.
∙ മാജിക്കൽ മിഡ്ഫീൽഡ്
കരുത്തരായ മൂന്നു സ്പെഷലൈസ്ഡ് മധ്യനിരക്കാരുടെ സാന്നിധ്യം ടീമിനു മറ്റൊരു ഫോർമേഷനിലും ഇല്ലാത്ത കെട്ടുറപ്പാണു നൽകുന്നത്. പ്രതിഭയും വീക്ഷണവും സമ്മേളിച്ച, ഉയർന്ന നിലവാരമുള്ള മധ്യനിരയുണ്ടെങ്കിൽ മാത്രമേ ഈ ഫോർമേഷൻ വിജയത്തിലെത്തൂ.
കളത്തിൽ നിന്നു തന്നെ ഉദാഹരണം തേടിയാൽ ബാർസിലോനയിൽ ചെന്നു നിൽക്കും. ഡിഫൻസീവ് റോളിൽ ബുസ്കറ്റ്സും മുന്നിലായി ഇനിയേസ്റ്റയും ചാവിയും ഇറങ്ങിയ ബാർസയുടെ മധ്യനിരയെ ഈ ശൈലിയുടെ ‘ബ്രാൻഡ് അംബാസിഡർ’മാരെന്നു തന്നെ വിശേഷിപ്പിക്കാം. ചെൽസിയെ കിരീടത്തിളക്കമുള്ള ടീമാക്കി മാറ്റുന്നതിൽ ഹോസെ മൗറീഞ്ഞോ പയറ്റിയതും ഇതേ 4–3–3 ഫോർമേഷൻ തന്നെ.
∙ മുന്നേറ്റത്തിലെ വൈവിധ്യം
മുന്നേറ്റനിരയിലെ ഒരു താരം സെൻട്രൽ സ്ട്രൈക്കറുടെ റോളിൽ ഇറങ്ങുമ്പോൾ കൂട്ടാളികൾ ‘വൈഡ് ഫോർവേഡ്’ എന്നു പറയുംവിധം വിങ്ങുകളിലേയ്ക്കു നീങ്ങിയാകും സ്ഥാനമുറപ്പിക്കുക. ഇതോടെ അറ്റാക്കിങ് മിഡ്ഫീൽഡറുടെ പാസിങ് ഇടനാഴികൾ വിശാലമാകും. ഇരുപാർശ്വങ്ങളിൽ നിന്നും സ്ട്രൈക്കറെ ലക്ഷ്യമാക്കി പന്തെത്തുകയും ചെയ്യും. എതിർ ടീമിന്റെ ഫുൾ ബാക്കുകൾക്കും പിടിപ്പതു പണിയാണ് വിങ്ങുകളിലെ ഫോർവേഡ് സാന്നിധ്യം.
ഇതിലും തീരുന്നില്ല ഭീഷണി. ഡിഫൻസീവ് മിഡ്ഫീൽഡറുടെ സാന്നിധ്യം തണലാക്കി മുന്നേറ്റത്തിനു മുതിരുന്ന വിങ് ബാക്കുകൾ കൂടി ചേരുന്നുണ്ട് ഈ ഗെയിം പ്ലാനിൽ. ഡാനി ആൽവസും ജോർഡി ആൽബയും മാഴ്സലോയും പോലുള്ള താരങ്ങൾ തന്നെ ഉത്തമോദാഹരണം. ഇതോടെ ഫലത്തിൽ ഏഴു പേർ നിരക്കുന്ന ‘ആക്രമണം’ നേരിടേണ്ട സ്ഥിതിയിലെത്തും എതിരാളികൾ.