പന്തില്‍ കൃത്രിമം കാണിച്ച് സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും കളത്തിനു പുറത്തായതോടെ ഐപിഎല്‍ ഫ്രാഞ്ചൈസികളായ രാജസ്ഥാന്‍ റോയല്‍സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ക്യാപ്റ്റന്‍മാരെയും നഷ്ടമായി. ആക്രമണോല്‍സുകരായ സ്മിത്തിന്റെയും വാര്‍ണറുടെയും സ്ഥാനത്ത്പകരമെത്തുന്നത് ശാന്തരായ അജിന്‍ക്യ രഹാനെയും കെയ്ന്‍ വില്യംസണുമാണെന്നത് കൗതുകകരം. ഇരുവര്‍ക്കും ഐപിഎല്ലില്‍ നായക മികവ് തെളിയിക്കാന്‍ പറ്റിയ അവസരമാണ് ഒരുങ്ങിയത്.
ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകനായ രഹാനെ കിട്ടിയ അവസരങ്ങളിലെല്ലാം തന്റെ ശാന്തഭാവത്തിലുള്ള നേതൃപാടവം വെളിവാക്കിയിട്ടുണ്ട്. ഫീല്‍ഡില്‍ ചിന്തിക്കുന്ന ക്യാപ്റ്റനാണ് രഹാനെ, സഹതാരങ്ങളെ സമ്മര്‍ദത്തിലാക്കാത്ത നായകന്‍. ഇതുവരെ കണ്ട രാജസ്ഥാനെ ആയിരിക്കില്ല ഒരു പക്ഷേ ഈ സീസണില്‍ കാണാന്‍ പോകുന്നത്. രഹാനെയ്ക്ക് ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനം നടത്താനായാല്‍ ഇന്ത്യന്‍ ടീമിലെ ആടിയുലയുന്ന സ്ഥാനം ഉറപ്പിച്ചെടുക്കാനാകും. മറിച്ചായാല്‍ ടി 20 പോയിട്ട്,വണ്‍ ഡേയില്‍ പോലും അവസരം ലഭിച്ചേക്കില്ല.
രാജ്യാന്തര തലത്തിലെ മികച്ച ബാറ്റ്‌സ്മാനായിട്ടും കഴിഞ്ഞ സീസണിലും മിക്കവാറും ഐപിഎല്‍ മല്‍സരങ്ങളിലും സണ്‍റൈസേഴ്‌സ് ടീമിനു പുറത്തായിരുന്നു വില്യംസണിന്റെ സ്ഥാനം. കിട്ടിയ അവസരങ്ങളിലെല്ലാം അദ്ദേഹം നന്നായി കളിക്കുകയും ചെയ്തു. വില്യംസണിന്റെ കുഴപ്പമായിരുന്നില്ല, ടീം ഇക്വേഷന് ഇണങ്ങാത്തതു കാരണമായിരുന്നു പുറത്തിരിക്കേണ്ടിവന്നത്. ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍ എന്നീ മുന്‍നിരക്കാരായിരുന്നു കഴിഞ്ഞ രണ്ടു സീസണിലും ടീമിന്റെ മികച്ച പ്രകടനത്തിന് ഉത്തരവാദികള്‍. ഇവര്‍ ഉയര്‍ത്തുന്ന സ്‌കോറിനെ പ്രതിരോധിക്കലായിരുന്നു മികച്ച ബോളിങ് നിരയുടെ ജോലി. ഈ ഇടയില്‍ പിടിച്ചു നിന്നു കളിക്കുന്ന വില്യംസണ്‍ ചേരാതെ പോയെന്നു മാത്രം. ഇത്തവണ ടീമിന്റെ തന്ത്രങ്ങള്‍ ഉടച്ചു വാര്‍ക്കേണ്ടി വരും. ക്യാപ്റ്റനായി വില്യംസണ്‍ എത്തുമ്പോള്‍ എല്ലാകളികളിലും അദ്ദേഹത്തെ കളിപ്പിക്കണം. റാഷിദ് ഖാന്‍ എല്ലാ ഇലവനിലുമുണ്ടാകും. പിന്നെ രണ്ടു സ്ഥാനങ്ങളേ ഒഴിവുള്ളൂ.
ന്യൂസീലന്‍ഡിനെ മികച്ച രീതിയില്‍ നയിക്കുന്ന വില്യംസണ്‍ ഗ്രൗണ്ടിലെ ബഹളക്കാരനേയല്ല. ചെറുപുഞ്ചിരിയാണ് ഭാവം തന്നെ. റാഷിദ് ഖാനെയും ഭുവനേശ്വര്‍ കുമാറിനെയുമൊക്കെ വില്യംസണ്‍ എങ്ങനെയുപയോഗിക്കുമെന്ന് കാത്തിരുന്ന് കാണാം.