Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവരാജ്, ഹർഭജൻ, രഹാനെ, അശ്വിൻ, ഗംഭീർ...; നയിക്കാൻ ആരൊക്കെയെത്തും?

Captain-Contenders അജിങ്ക്യ രഹാനെ, ഹർഭജൻ സിങ്, യുവരാജ് സിങ്, ഗൗതം ഗംഭീർ, അശ്വിൻ

ചെന്നൈ ∙ ചെന്നൈയ്ക്ക് മഹേന്ദ്രസിങ് ധോണി, ബാംഗ്ലൂരിന് വിരാട് കോഹ്‍ലി, മുംബൈയ്ക്ക് രോഹിത് ശർമ... കഴിവും താരത്തിളക്കവും സമ്മേളിക്കുന്ന ഇത്തരം ഇന്ത്യൻ ക്യാപ്റ്റൻമാരെ ഏതൊരു ഐപിഎൽ ടീമും കൊതിക്കും. ഇത്തവണയും ഈ മൂന്നു പേരെയും അതാത് ഐപിഎൽ ടീമുകൾ നിലനിർത്തുകയും ചെയ്തു. എന്നാൽ ബാക്കിയുള്ള അഞ്ചു ടീമുകളെ നയിക്കാൻ ആരൊക്കെ വരും എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചർച്ചാ വിഷയം. മിക്ക ടീമുകളും ഇന്ത്യൻ ക്യാപ്റ്റൻമാർക്കാണ് മുൻതൂക്കം നൽകുന്നത് എന്നതിനാൽ ഐപിഎൽ ക്യാപ്റ്റൻമാരുടെ പട്ടികയിൽ കൂടുതൽ ഇന്ത്യൻ താരങ്ങളെത്താനും സാധ്യതയേറെ.

സൺറൈസേഴ്സ് ഹൈദരാബാദ് ഡേവിഡ് വാർണറെയും രാജസ്ഥാൻ റോയൽസ് അവരുടെ പഴയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും നിലനിർത്തിയ സ്ഥിതിക്ക് ഇവരും അതാത് ടീമുകളുടെ തലപ്പത്തു കാണുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. ഇപ്പോഴും ചോദ്യങ്ങളിലുള്ളത് ബാക്കി മൂന്നു ടീമുകളെ നയിക്കാൻ ആരെത്തും എന്നതാണ്.

ഡൽഹി ഡെയർഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളുടെ കാര്യത്തിലാണ് ക്യാപ്റ്റൻമാരെ ചൊല്ലി ആകാംഷയുള്ളത്. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് യുവരാജ് സിങ്, ഹർഭജൻ സിങ്, അജിങ്ക്യ രഹാനെ, ആർ.അശ്വിൻ തുടങ്ങിയവരെയാണ് മിക്ക ടീമുകളും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇന്ത്യ ‘എ’യെ മികച്ച വിജയങ്ങളിലേക്ക് നയിച്ചിട്ടുള്ള മനീഷ് പാണ്ഡെയുടെ പേരും ചില ടീമുകൾ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സംബന്ധിച്ച് ഗൗതം ഗംഭീർ തന്നെയാണ് ഇപ്പോഴും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നതെങ്കിലും മനീഷ് പാണ്ഡെയുടെ പേരും അവരുടെ ആലോചനകളിലുണ്ട്. തുടർച്ചയായി ഏഴു സീസണുകളിൽ കൊൽക്കത്തയെ നയിച്ച താരമാണ് ഗംഭീർ. 2012ലും 2014ലും ടീമിന് കിരീടവും സമ്മാനിച്ചു. എന്നാൽ, ഇന്ത്യൻ ടീമിൽനിന്ന് പണ്ടേ പുറത്തായിക്കഴിഞ്ഞ ഗംഭീറിന് താരമൂല്യം കുറഞ്ഞെന്ന വിലയിരുത്തലിലാണ് ടീം മാനേജ്മെന്റ്. ആരാധകരെ പിടിച്ചുനിർത്താൻ സാധിക്കുന്ന പുതിയൊരു താരത്തെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചാൽ ഗംഭീറിന് പകരം പാണ്ഡെ കൊൽക്കത്തയുടെ മുൻനിരയിലേക്കു വരാനാണ് സാധ്യത.

അതേസമയം, ആർ.അശ്വിനെയാണ് ഡൽഹി അവരുടെ ക്യാപ്റ്റൻ സ്ഥാനത്തേക്കു നോട്ടമിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അശ്വിനെ എന്തുവില കൊടുത്തും ചെന്നൈയിലേക്കു തന്നെ കൊണ്ടുവരുമെന്ന് ധോണി ആദ്യമേ പ്രഖ്യാപിച്ചെങ്കിലും അങ്ങനെ വിട്ടുകൊടുക്കാൻ ഡൽഹി തയാറാവില്ല എന്നാണ് വിവരം. അങ്ങനെയെങ്കിൽ ഇത്തവണ ഡൽഹി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് ഇത്തവണ അശ്വിനെ കാണാം. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനെ നയിച്ച അനുഭവസമ്പത്തും അശ്വിനുണ്ട്. കൊൽക്കത്ത ഗൗതം ഗംഭീറിനെ കൈവിടുന്ന പക്ഷം അദ്ദേഹത്തെ ടീമിലെത്തിച്ച് ക്യാപ്റ്റനാക്കുന്ന കാര്യവും ടീം പരിഗണിക്കുന്നുണ്ട്. ഗംഭീർ ഡൽഹിക്കാരനാണെന്നതും ഈ നീക്കത്തിന് കരുത്തു പകരുന്നു.

ഇപ്പോഴും ക്യാപ്റ്റൻ സ്ഥാനത്തേക്ക് ആരെ നിയോഗിക്കുമെന്നറിയാതെ ഉഴറുന്ന ടീം പഞ്ചാബാണ്. ക്യാപ്റ്റൻമാരെ മാറ്റുന്ന കാര്യത്തിൽ ‘കുപ്രസിദ്ധ’രായ പഞ്ചാബ് ഇത്തവണ വെറ്ററൻ താരങ്ങളിലേക്കാണ് ശ്രദ്ധയൂന്നുന്നത്. യുവരാജ് സിങ്ങോ ഹർഭജൻ സിങ്ങോ ക്യാപ്റ്റൻ സ്അഥാനത്തെത്തുമെന്നാണ് ഐപിഎൽ വൃത്തങ്ങളിലെ സംസാരം. ഇരുവരെയും ടീമിലെത്തിക്കുമെന്ന് ടീം ഡയറക്ടർ വീരേന്ദർ സേവാഗ് അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആദ്യ രണ്ടു സീസണുകളിൽ പഞ്ചാബിന്റെ ക്യാപ്റ്റനുമായിരുന്നു യുവി. അതേസമയം, 2012ൽ മുംബൈ ഇന്ത്യൻസിനെ പ്ലേ ഓഫിലേക്കു നയിച്ച താരമാണ് ഹർഭജൻ. ഇക്കഴിഞ്ഞ ആഭ്യന്തര സീസണിൽ അദ്ദേഹം പഞ്ചാബിന്റെ ക്യാപ്റ്റനുമായിരുന്നു.

ഇവർക്കെല്ലാം പുറമെ ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനിടയുള്ള പേര് ഇന്ത്യൻ ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ്. താരത്തെ ടീമിൽ നിലനിർത്താൻ രാജസ്ഥാൻ റോയൽസ് ശ്രമിച്ചില്ലെങ്കിൽ രഹാനയെ മറ്റേതെങ്കിലും ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് കാണാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും ഇപ്പോഴും ക്യാപ്റ്റന്റെ കാര്യത്തിൽ ചില ടീമുകളിൽ ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിൽ.

related stories