ന്യൂഡൽഹി∙ 2015 ലോകകപ്പ് ടീമിൽ ഗൗതം ഗംഭീറിനെയും സച്ചിൻ തെൻഡുൽക്കറിനെയും വീരേന്ദർ സേവാഗിനെയും ഒരുമിച്ചു കളിപ്പിക്കില്ലെന്ന് ലോകകപ്പിനു മൂന്നു വർഷം മുൻപുതന്നെ മഹേന്ദ്രസിങ് ധോണി പ്രഖ്യാപിച്ചിരുന്നതായി വെളിപ്പെടുത്തൽ. വിരമിക്കൽ മൽസരത്തിനു പിന്നാലെ ഗംഭീർ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. ലോകകപ്പിനു മൂന്നു വർഷം മുൻപുതന്നെ ധോണി ഇത്തരമൊരു പ്രസ്താവന നടത്തിയത് കനത്ത ആഘാതമായിരുന്നുവെന്നും ഗംഭീർ വെളിപ്പെടുത്തി.
അതിനിടെ, ക്രിക്കറ്റ് കരിയറിൽ താൻ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ അനിൽ കുംബ്ലെയാണെന്നും ഗംഭീർ വ്യക്തമാക്കി. രാഹുൽ ദ്രാവിഡ്, മഹേന്ദ്രസിങ് ധോണി, വിരാട് കോഹ്‍ലി തുടങ്ങിയ ക്യാപ്റ്റൻമാരുടെയും കീഴിൽ കളിച്ചിട്ടുള്ള ഗംഭീർ, ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രിയപ്പെട്ട ക്യാപ്റ്റൻ അനിൽ കുംബ്ലെയാണെന്ന് വെളിപ്പെടുത്തിയത്. 2007–08 കാലഘട്ടത്തിലാണ് ഗൗതം ഗംഭീർ കുംബ്ലെയുടെ ക്യാപ്റ്റൻസിയിൽ കളിച്ചിട്ടുള്ളത്. 2004ൽ രാഹുൽ ദ്രാവിഡ് നായകനായിരിക്കെയാണ് ഗംഭീർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കുംബ്ലെ, ധോണി, കോഹ്‍ലി തുടങ്ങിയവർക്കു കീഴിലും കളിച്ചു.
അതേസമയം, വിജയത്തോടെ വിടവാങ്ങാനുള്ള ഗൗതം ഗംഭീറിന്റെ മോഹം സഫലമായില്ല. ആന്ധ്രയ്ക്കെതിരെ ജയം ഉറപ്പുള്ള ഘട്ടത്തിൽ മഴയെത്തിയതോടെ രഞ്ജി ട്രോഫി മൽസരത്തിൽ ഡൽഹി സമനില നേടി. 77 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഡൽഹി വിജയത്തിന് 36 റൺസ് മാത്രം അകലെ നിൽക്കെ വെളിച്ചക്കുറവ് മൂലം അംപയർമാർ കളി നിർത്തുകയായിരുന്നു. സ്കോർ: ആന്ധ്ര– 380,130. ഡൽഹി– 433, വിക്കറ്റ് നഷ്ടമില്ലാതെ 31. ഡൽഹിയുടെ ആദ്യ ഇന്നിങ്സിൽ ഗംഭീർ (112) സെഞ്ചുറി നേടിയിരുന്നു.
∙ ഒന്നു തീരുമാനിച്ചാൽ അതിൽ ഉറച്ചുനിൽക്കണം
‘2012ൽ ഓസ്ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിന്റെ സമയത്ത് ധോണി ഒരു പ്രഖ്യാപനം നടത്തി. 2015 ലോകകപ്പു പരിഗണിച്ച് എന്നെയും സച്ചിനെയും സേവാഗിനെയും ഒരുമിച്ചു കളിപ്പിക്കാനാവില്ലെന്നായിരുന്നു അത്. എനിക്കതു വലിയ ഷോക്കായിരുന്നു. ഏതൊരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ചും ഇതു ഷോക്കായിരിക്കും. 2015 ലോകകപ്പിൽ നിങ്ങൾ ടീമിലുണ്ടാകില്ലെന്ന് ആരോടെങ്കിലും 2012ൽ തന്നെ പറഞ്ഞിട്ടുള്ളതായി ഞാൻ കേട്ടിട്ടില്ല. ഫോം നിലനിർത്താനും റൺസ് നേടാനും സാധിക്കുമെങ്കിൽ പ്രായം വെറും നമ്പർ മാത്രമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ’ – ഗംഭീർ പറഞ്ഞു.
‘നിങ്ങൾക്ക് റൺസ് കണ്ടെത്താൻ കഴിവുണ്ടായിരിക്കുകയും ഫീൽഡിങ്ങിൽ ഒരു ബാധ്യതയാകുകയും ചെയ്യുന്നില്ലെങ്കിൽ ആകുന്നത്ര കാലം കളിക്കാമെന്നാണ് എന്റെ അഭിപ്രായം. എന്നിട്ടും ഞങ്ങൾ മൂന്നു പേർക്കും ഒരുമിച്ചു കളിക്കാനാകില്ലെന്ന് ഓസ്ട്രേലിയയിൽവച്ച് ധോണി പ്രഖ്യാപിച്ചു. എന്നിട്ടും ഞങ്ങൾക്ക് ഒരുമിച്ചു കളിക്കാൻ സാധിച്ചു’ – ഗംഭീർ പറഞ്ഞു.
മൂവരും ഒരുമിച്ചു കളിച്ച ഒരു മൽസരത്തെക്കുറിച്ചും ഗംഭീർ മനസ്സു തുറന്നു. ‘ഹൊബാർട്ടിൽ ജയം അനിവാര്യമായ മൽസരത്തിൽ ശ്രീലങ്കയെ നേരിടുമ്പോൾ ഞങ്ങൾ മൂന്നു പേരും ഒരുമിച്ചു കളിച്ചിരുന്നു. അന്ന് സച്ചിനും സേവാഗും ഓപ്പൺ ചെയ്തു. ഞാൻ വൺ ഡൗണായി ഇറങ്ങി. കോഹ്‍ലി നാലാമതും. വിജയലക്ഷ്യം 321 റൺസായിരുന്നെങ്കിലും ആ മൽസരം നമ്മൾ 37 ഓവറിനുള്ളിൽ ജയിക്കുകയും ചെയ്തു.’
ഈ പരമ്പരയുടെ തുടക്കത്തിൽ റൊട്ടേഷൻ സിസ്റ്റത്തിന്റെ പേരിൽ ഞങ്ങൾ മൂന്നുപേരെയും ഒരുമിച്ചു കളിപ്പിച്ചിരുന്നില്ല. എന്നാൽ, ഒരു അത്യാവശ്യം വന്നപ്പോൾ ഞങ്ങളെ ഒരുമിച്ചു കളിപ്പിക്കാൻ ധോണി നിർബന്ധിതനായി. ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചുനിൽക്കണം. അല്ലാതെ തരം പോലം മാറ്റരുത്’ – ഗംഭീർ പറഞ്ഞു.
‘ഞങ്ങൾ മൂവരെയും ഒരുമിച്ചു കളിപ്പിക്കുന്നില്ല എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ, പിന്നീട് ഒരുമിച്ചു കളിപ്പിക്കാൻ തീരുമാനിച്ചു. ഒന്നുകിൽ ആദ്യത്തെ തീരുമാനം തെറ്റായിരുന്നു. അല്ലെങ്കിൽ രണ്ടാമത്തെ തീരുമാനം. എന്തായാലും ധോണിയുടെ തീരുമാനം ഞങ്ങൾ മൂന്നുപേർക്കും ഷോക്കായിരുന്നു’ – ഗംഭീർ പറഞ്ഞു.
∙ എന്റെ പ്രിയ ക്യാപ്റ്റൻ കുംബ്ലെ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റൻ അനിൽ കുംബ്ലെ ആയിരുന്നുവെന്നും ഗംഭീർ പറഞ്ഞു. ‘നായകൻ, നേതാവ് എന്നൊക്കെ പറയുമ്പോൾ അതിൽ ചില വ്യത്യാസങ്ങളുണ്ട്. എന്റെ കരിയറിൽ ഒട്ടേറെ ക്യാപ്റ്റൻമാർക്കു കീഴിൽ കളിച്ചിട്ടുണ്ട്. അതിൽ ഏറ്റവും സത്യസന്ധനും നിസ്വാർഥനുമായ ക്യാപ്റ്റൻ അനിൽ കുംബ്ലെയായിരുന്നു’ – ഗംഭീർ വെളിപ്പെടുത്തി.
‘വിവിധ ക്യാപ്റ്റൻമാർക്കു കീഴിൽ കളിച്ചിട്ടുള്ളതിൽ ഏറ്റവും പ്രിയപ്പെട്ടത് ആരെന്ന് പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട്. ഓരോ ക്യാപ്റ്റനും അവരുടെ ടീമിനോളം നല്ലതാണെന്നാണ് ഞാൻ മറുപടി നൽകിയിട്ടുള്ളത്. ഇന്നെനിക്കു ഉറപ്പിച്ചു പറയാനാകുന്ന കാര്യം, വിവിധ ക്യാപ്റ്റൻമാർക്കു കീഴിൽ കളിച്ചിട്ടുള്ളതിൽ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റൻ അനിൽ കുംബ്ലെയാണെന്നാണ്. അദ്ദേഹത്തിൽനിന്ന് വളരെയധികം കാര്യങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്’ – ഗംഭീർ പറഞ്ഞു.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ള ക്യാപ്റ്റൻമാരിൽ ഒരാളായ ഗംഭീർ, കുംബ്ലെ ഇന്ത്യൻ ടീമിനെ നയിച്ച രീതിയെയും പ്രശംസിച്ചു. ‘കുംബ്ലെയ്ക്കു കീഴിൽ ഞാൻ അഞ്ചു ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ നേതൃമികവു സ്വായത്തമാക്കിയത് അദ്ദേഹത്തിൽനിന്നാണ്. തീർത്തും നിസ്വാർഥനായിരുന്നു അദ്ദേഹം. സ്വന്തം കളിയിൽ അദ്ദേഹം സത്യസന്ധനുമായിരുന്നു. ഇപ്പോൾ ക്രിക്കറ്റിൽനിന്ന് വിരമിക്കുമ്പോൾ, ഞാൻ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ അനിൽ കുംബ്ലെ ആയിരുന്നുവെന്ന് ഉറപ്പിച്ചു പറയാനാകും’ – ഗംഭീർ പറഞ്ഞു.
അതേസമയം, ആറ് ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ഗംഭീർ അതിലെല്ലാം ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഐപിഎല്ലിൽ രണ്ടു സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലെത്തിച്ച ചരിത്രവുമുണ്ട് ഗംഭീറിന്.