Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടക്കം കിടുക്കി ബ്രാവോ; ആദ്യ മൽസരത്തിൽ ചെന്നൈയ്ക്ക് ജയം

bravo-running മുംബൈയ്ക്കെതിരെ വിജയമുറപ്പിച്ചപ്പോൾ ചെന്നൈ താരങ്ങളുടെ ആഘോഷം. വിജയശിൽ‌പി ഡ്വെയ്ൻ ബ്രാവോയാണ് മുന്നിൽ‌. ചിത്രം. വിഷ്ണു വി. നായർ∙ മനോരമ

‌മുംബൈ ∙ വെടിക്കെട്ടു ക്രിക്കറ്റിന്റെ ആഗോള ഉല്‍സവത്തിന് വെസ്റ്റ് ഇന്‍ഡീസുകാരന്‍ ഡ്വെയ്ന്‍ ബ്രാവോ ബാറ്റുകൊണ്ട് തിരികൊളുത്തി. 30 പന്തുകളില്‍ 68 റണ്‍സുമായി അവസാന ഓവറുകളില്‍ ബ്രാവോ കത്തിക്കയറിയപ്പോള്‍ ഐപിഎല്‍ പതിനൊന്നാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ മുംബൈയ്ക്കെതിരെ ചെന്നൈ സൂപ്പര്‍കിങ്സിന് ഒരു വിക്കറ്റിന്റെ നാടകീയ ജയം. മുംബൈ ഉയര്‍ത്തിയ 166 റ‌ണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ എട്ടു വിക്കറ്റു നഷ്ടത്തില്‍ 118 എന്ന നിലയില്‍ തോല്‍വിയുറപ്പിച്ചു നില്‍ക്കുമ്പോഴായിരുന്നു ബ്രാവോയുടെ രക്ഷാപ്രവര്‍ത്തനം. 

ജസ്പ്രീത് ബുമ്ര എറിഞ്ഞ പതിനെട്ടാം ഓവറിലും മുസ്തഫിസുര്‍ റഹ്മാനെറിഞ്ഞ പത്തൊന്‍പതാം ഓവറിലും ചെന്നൈ 20 റണ്‍സ് വീതം നേടി. അമ്പാട്ടി റായ്ഡു(22), കേദാര്‍ ജാദവ് (22) എന്നിവരും ചെന്നൈ നിരയില്‍ തിളങ്ങി. നേരത്തെ പേരിലെ ഇന്ത്യൻ വീര്യം ബാറ്റിങ്ങിലും പുറത്തെടുത്ത ആഭ്യന്തര താരങ്ങളുടെ കരുത്തിലാണ്  മുംബൈ ഇന്ത്യൻസിനു മികച്ച സ്കോറിലെത്തിയത്. ഐപിഎല്ലിലേക്ക് രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയ ചെന്നൈയ്ക്കെതിരെ ഇഷാൻ കിഷൻ (29 പന്തുകളിൽ 40), സൂര്യകുമാർ യാദവ് (29 പന്തിൽ 43) കൃണാൽ പാണ്ഡ്യ (22 പന്തിൽ 41) എന്നീ യുവതാരങ്ങൾ മുംബൈ ഇന്നിങ്സിന്റെ നെടുംതൂണായി.

സഹോദരൻ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം (22) കൃണാൽ അഞ്ചാം വിക്കറ്റിൽ 52 റൺസ് നേടി. തകർച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. വമ്പനടിക്കാരനായ എവിൻ ലൂവിസ് മൂന്നാം ഓവറിൽ തന്നെ മടങ്ങി. പതിയെ തുടങ്ങിയ നായകൻ രോഹിത് ശർമയ്ക്കും അധികം ആയുസ്സുണ്ടായില്ല.