പ്രതിഷേധം വീശിയടിക്കും, ആവേശം വിസിലടിക്കും; ചെന്നൈയ്ക്ക് ഇന്ന് ആദ്യ ഹോം മാച്ച്

തോക്കേന്തിയ പൊലീസിന്റെ അകമ്പടിയോടെ ചെന്നൈ സൂപ്പർ കിങ്സ് കളിക്കാരുമായി ടീം ബസ് ചെപ്പോക്ക് എം.എ.ചിദംബരം സ്റ്റേഡിയത്തിലേക്കെത്തിയപ്പോൾ. ചിത്രം: വിബി ജോബ് ∙ മനോരമ

ചെന്നൈ ∙ ആവേശത്തിന്റെ വിസിലടിക്കാനാണു ധോണിയും സംഘവും പറയുന്നത്. പ്രതിഷേധത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുമെന്നു ചില തമിഴ് സംഘടനകൾ മുന്നറിയിപ്പു നൽകുന്നു. അവിടെ പാലുകാച്ചൽ, ഇവിടെ കല്യാണം എന്നു പറഞ്ഞതുപോലെയാണു ചെന്നൈയിലെ സീൻ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം, സ്റ്റേഡിയത്തിൽ നാളത്തെ മൽസരത്തിനുള്ള തിരക്കിട്ട ഒരുക്കങ്ങൾ.

രണ്ടു വർഷത്തിനു ശേഷം പ്രിയ ടീം മടങ്ങിവരുന്നതിന്റെ ആഘോഷത്തിനു മേലെ കാവേരി പ്രതിഷേധത്തിന്റെ കാർമേഘം മൂടിയിരിക്കുന്നു. ആദ്യ മൽസരം ജയിച്ചെത്തുന്ന കൊൽക്കത്തയും നൈറ്റ് റൈഡേഴ്സും  ചെന്നൈ സൂപ്പർ കിങ്സും നേർക്കു നേർ വരുമ്പോൾ കളത്തിൽ ആരാധകർ പ്രതീക്ഷിക്കുന്നതു കളിയാവേശത്തിന്റെ വേലിയേറ്റം മാത്രം. രാത്രി എട്ടിനാണു മൽസരം. 

മൂന്നാം അംപയർക്കു വിട്ട റണ്ണൗട്ട് തീരുമാനം പോലെയായിരുന്നു ഇന്നലെ ഉച്ചവരെ മൽസരത്തിന്റെ ഗതി. ചെപ്പോക്കിൽ നടക്കുമെന്നും തിരുവനന്തപുരത്തേക്കു മാറ്റുമെന്നും അഭ്യൂഹം. ചെന്നൈയിൽ തന്നെ മൽസരം നടക്കുമെന്ന് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല വ്യക്തമാക്കിയതോടെ സംശയങ്ങളെല്ലാം നീങ്ങി. ഇതിനു പിന്നാലെ തീവ്ര തമിഴ് സംഘടനകളും ചില രാഷ്ട്രീയ പാർട്ടികളും സിനിമാ പ്രവർത്തകരും പ്രതിഷേധം കടുപ്പിച്ചു. 

മൽസരം നടത്തിയാൽ സ്റ്റേഡിയം ഉപരോധിക്കുമെന്നു തമിഴ് വാഴ്‌വുരിമൈ കക്ഷി നേതാവ് വേൽ മുരുകൻ മുന്നറിയിപ്പ് നൽകി. താരങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ തങ്ങൾ ഉത്തരവാദികളായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞുവച്ചു. തൊട്ടു പിന്നാലെ സംവിധായകൻ ഭാരതി രാജ, നടൻ സത്യരാജ്, കർഷക നേതാവ് പി.ആർ.പാണ്ഡ്യൻ, അണ്ണാഡിഎംകെ പിന്തുണയോടെ ജയിച്ച സ്വതന്ത്ര എംഎൽഎമാരായ തനിയരശ്, തമീമുൽ അൻസാരി, നാം തമിഴർ കക്ഷി നേതാവ് സീമാൻ എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തി. 

സ്റ്റേഡിയത്തിലും താരങ്ങൾ താമസിക്കുന്ന ഹോട്ടലിലും കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തിലധികം പൊലീസുകാർക്കാണു സുരക്ഷാ ചുമതല. ഇതിനു പുറമെ ഐപിഎൽ സംഘാടകർ ഏർപ്പെടുത്തിയ സ്വകാര്യ സുരക്ഷാ ഭടന്മാരും. ഇരു ടീമുകളും വൈകിട്ട് സ്റ്റേഡിയത്തിലെത്തി പരിശീലനം നടത്തി.

പഴുതടച്ച സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കാണികൾക്കു വൻ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചവരെ സ്റ്റേഡിയത്തിനുള്ളിലേക്കു പ്രവേശിപ്പിക്കില്ല. മൊബൈൽ ഫോണുകൾ, ബാനറുകൾ, പതാകകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ അകത്തേക്കു കൊണ്ടുപോകാൻ അനുവദിക്കില്ല. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് താരങ്ങളോടു ഹോട്ടൽ മുറിയിൽത്തന്നെ തങ്ങാൻ നിർദേശിച്ചിട്ടുണ്ട്. നഗരത്തിലെ സ്കൂളിൽ സുരേഷ് റയ്ന പങ്കെടുക്കേണ്ടിയിരുന്ന പൊതുപരിപാടി അവസാന നിമിഷം റദ്ദാക്കി.