റസ്സലിന്റെ തല ഉന്നമിടാൻ ഉമേഷിനോടു കോഹ്‍ലി; ഇതു തന്ത്രമോ കുതന്ത്രമോ? – വിഡിയോ

കൊൽക്കത്ത∙ ഐപിഎല്ലിൽ ഞായറാഴ്ച നടന്ന രണ്ടാം മൽസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആന്ദ്രെ റസ്സലിനെതിരെ ബൗൺസർ എറിയാൻ ഉമേഷ് യാദവിനോട് ആവശ്യപ്പെടുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്‍ലിയുടെ വിഡിയോ വൈറലാകുന്നു. മൽസരം ഏതുവശത്തേക്കു തിരിയാമെന്ന ഘട്ടത്തിലാണ് ‘അറ്റകൈ’ പ്രയോഗമെന്ന നിലയിൽ റസ്സലിനെതിരെ ബൗൺസർ പ്രയോഗം നടത്താൻ കോഹ്‍ലി നിർദ്ദേശിക്കുന്നത്. ഇതിന്റെ വിഡിയോ പുറത്തായതോടെ കോഹ്‍ലിയെ വിമർശിച്ചും ഒരു കൂട്ടം ആരാധകർ രംഗത്തെത്തി.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ വിഡിയോ ചേർത്തിരിക്കുന്നത്. ‘ശിരസ്സിന് ഉന്നം വയ്ക്കൂ’ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിനു ചുവടെ ഒരു ചെറിയ കുറിപ്പുമുണ്ട്:

ആന്ദ്രെ റസ്സൽ ക്രീസിൽ നിൽക്കുമ്പോൾ ബാംഗ്ലൂർ നായകൻ വിരാട് കോഹ്‍ലിക്ക് ഒരു പദ്ധതിയുണ്ട്. ബൗൺസർ എറിയാനാണ് ഉമേഷ് യാദവിനുള്ള നിർദ്ദേശം – വിഡിയോയ്ക്കു ചുവടെയുള്ള വാക്കുകളാണിത്.

സുനിൽ നരെയ്ന്റെ ബാറ്റിങ് വെടിക്കെട്ടിനുശേഷം ചെറിയ തകർച്ചയിലേക്കു നീങ്ങിയ കൊൽക്കത്ത, ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിന്റെ നേതൃത്വത്തിൽ തിരിച്ചുവരവിനു ശ്രമിക്കുമ്പോഴാണ് കോഹ്‍ലി റസ്സലിന്റെ ശിരസ് ഉന്നമിടാൻ ഉമേഷ് യാദവിനു നിർദ്ദേശം നൽകിയത്. ക്രീസില്‍ ബാറ്റ് ചെയ്യുകയായിരുന്ന ആന്ദ്രെ റസ്സലിന്റെ തലയ്ക്കു നേരെ പന്തെറിയാന്‍ ബൗളര്‍ ഉമേഷ് യാദവിനോടു ആംഗ്യം കാണിക്കുന്നത് വിഡിയോയില്‍ പതിയുകയായിരുന്നു. പിന്നീടുള്ള ഉമേഷിന്റെ പന്തുകളെല്ലാം മൂളിപ്പാഞ്ഞത് ബാറ്റ്സ്മാന്റെ തലയ്ക്കു നേരെ.

പന്ത് അടിക്കാന്‍ കഴിയാതെ വിഷമിച്ച ആന്ദ്രെ റസ്സലിനെ നോക്കി കോഹ്‌ലിയും മക്കല്ലവും ചിരിക്കുന്നതും വിഡിയോയില്‍ കാണാം. ഉമേഷ് യാദവ് മാത്രമല്ല, റോയല്‍ ചാലഞ്ചേഴ്സിന്റെ മിക്ക ബോളര്‍മാരും ബാറ്റ്സ്മാന്റെ ശരീരം ലക്ഷ്യം വച്ചുള്ള ബൗണ്‍സറുകളാണ് എറിഞ്ഞിരുന്നത്. 

എന്തായാലും റോയൽ ചാല‍ഞ്ചേഴ്സ് ബാംഗ്ലൂർ ഉയർത്തിയ 177 റൺസ് പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഓപ്പണറായിറങ്ങിയ സുനിൽ നരെയ്ന്റെ അർധസെഞ്ചുറിയുടെയും നിതീഷ് റാണ, ക്യാപ്റ്റൻ ദിനേഷ് കാർത്തിക് എന്നിവരുടെ ഭേദപ്പെട്ട പ്രകടനത്തിന്റെയും ബലത്തിൽ ഏഴു പന്തു ബാക്കിനിൽക്കെ വിജയത്തിലെത്തിയിരുന്നു.

സംഭവത്തിന്റെ വിഡിയോ ചുവടെ (വിഡിയോയ്ക്കു കടപ്പാട്: ഐപിഎൽ വെബ്സൈറ്റ്, ബിസിസിഐ)