ജയ്പൂരില്‍ സഞ്ജുവിനു വേണ്ടി കയ്യടിച്ച് ഒരു 'അഡാർ' ആരാധിക

ജയ്പൂരിലെത്തിയ സഞ്ജു സാംസൺ ആരാധികയായ പെൺകുട്ടി.ചിത്രം: ട്വിറ്റർ

ജയ്പൂർ∙ രാജസ്ഥാൻ റോയൽസ് നിരയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളാണ് മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ സീസണിൽ ഡൽ‌ഹിക്കു വേണ്ടി കളിച്ച സഞ്ജുവിനെ രാജസ്ഥാൻ ഐപിഎല്ലിൽ തിരിച്ചെത്തിയപ്പോൾ ടീമിലേക്കു വൻ വില കൊടുത്തു വാങ്ങിയതും ഈ താരത്തിന്റെ റേഞ്ച് മനസ്സിലാക്കിത്തന്നെയാണ്. 

കേരളത്തിനു പുറമെ രാജസ്ഥാനിലും സഞ്ജുവിന്റെ ബാറ്റിങ്ങിനു വേണ്ടി കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ ഏറെയാണ്. അക്കൂട്ടത്തിൽ ഗാലറിയിൽ നിന്ന് സഞ്ജുവിനു വേണ്ടി കയ്യടിക്കുകയാണ് രാജസ്ഥാനിൽ നിന്നും ഒരു പെൺകുട്ടി. ഇന്ത്യൻ പതാകയുടെ നിറം പോലെ ത്രിവർണം കൊണ്ടു മുഖത്ത് സഞ്ജു എന്ന് ഇംഗ്ലീഷ് അക്ഷരത്തിൽ എഴുതിയാണ് ഇവൾ ഞായറാഴ്ച നടന്ന രാജസ്ഥാൻ– മുംബൈ ഇന്ത്യൻസ് മൽസരം കാണാനെത്തിയത്. 

സഞ്ജു സാംസൺ മൽസരത്തിനിടെ

ഷെഫാലി ചുഗ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് കട്ട സഞ്ജു ഫാനായ പെൺകുട്ടിയുടെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ശ്രദ്ധയില്‍പെട്ടതോടെ രാജസ്ഥാൻ റോയൽ‌സിന്റെ ഒഫീഷ്യല്‍ അക്കൗണ്ടിൽ നിന്ന് ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. മുംബൈ ഇന്ത്യൻ‌സിനെതിരായ മൽസരത്തില്‍ സഞ്ജു അര്‍ധസെഞ്ചുറി നേടി ടീമിന്റെ വിജയത്തിൽ നിർ‌ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

Read more പിറന്നാള്‍ ദിനത്തിൽ സച്ചിനെ ട്രോളുന്നോ?; ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് ആരാധകരുടെ പൊങ്കാല...

ഐപിഎൽ 2018 സീസണില്‍ മികച്ച രീതിയിലാണ് സഞ്ജു ബാറ്റു വീശുന്നത്. ഐപിഎല്ലിൽ രാജസ്ഥാന്‍ ആറു മൽസരങ്ങള്‍ പിന്നിടുമ്പോൾ റൺവേട്ടയിൽ ഏറ്റവും മുന്നിലാണ് സഞ്ജുവിന്റെ സ്ഥാനം. രണ്ട് അർധസെഞ്ചുറിയുൾപ്പെടെ 239 റൺസാണ് തിരുവനന്തപുരം സ്വദേശിയായ സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്. ഇതുവരെയുള്ളതിൽ ഉയർന്ന സ്കോർ പുറത്താകാതെ 92 റൺസ്. സിക്സുകളും ഫോറുകളും കണ്ടെത്താൻ ഒരുപോലെ മിടുക്കു കാണിക്കുന്ന സഞ്ജുവിന്റെതു ക്ലാസിക്കൽ ശൈലിയിലുള്ള ബാറ്റിങ്ങാണെന്നാണു ക്രിക്കറ്റ് നിരീക്ഷകരുടെ പക്ഷം. 

അതേസമയം സഞ്ജുവിനെ ഇങ്ങനെ പുകഴ്ത്തുന്നതിനെതിരെ രംഗത്തുവന്ന മുൻ ഇന്ത്യൻതാരം വിനോദ് കാംബ്ലിയുടെ നിലപാടിനെതിരെ ട്വിറ്ററില്‍ വൻ വിമർശനങ്ങളാണു നേരിട്ടത്. കമന്റേറ്റര്‍മാരെ വിമര്‍ശിക്കുന്നതിന് സഞ്ജുവിന്റെ പേര് എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്നും ട്വിറ്ററിലൂടെ ക്രിക്കറ്റ് പ്രേമികള്‍ കാംബ്ലിയോട് ചോദിച്ചു. സഞ്ജുവിന്റെ ആഭ്യന്തര സീസണിലെയും ഐപിഎല്‍ സീസണിലെയും പ്രകടനത്തെ വിലയിരുത്തുന്ന കമന്റേറ്റര്‍മാര്‍ക്കു വേറെയൊന്നും പറയാനില്ലേ, ഇതു കേട്ട് ബോറടിക്കുന്നുവെന്നാണ് കാംബ്ലി ട്വിറ്ററില്‍ രോഷം കൊണ്ടത്.