കൊല്‍ക്കത്ത∙ വൈകിയവേളയിലെങ്കിലും രാജസ്ഥാന്‍ ഓര്‍ക്കണമായിരുന്നു, ടീമിനായി റണ്ണടിക്കേണ്ടത് ജോസ് ബട്‌ലറുടെ മാത്രം കടമയല്ല! ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തിൽ വീണുകിട്ടിയ സ്വപ്നതുല്യമായ തുടക്കം അവിശ്വസനീയമാം വിധം കളഞ്ഞുകുളിച്ച രാജസ്ഥാന്‍ കൊല്‍ക്കത്തയോട് ആറു വിക്കറ്റിന് തോറ്റു. നാലും വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് രാജസ്ഥാനെ തകര്‍ത്തത്. സ്കോര്‍ രാജസ്ഥാന്‍ 19 ഓവറില്‍ 142നു പുറത്ത്, കൊല്‍ക്കത്ത 18 ഓവറില്‍ 145–4. ജയത്തൊടെ കൊല്‍ക്കത്ത പ്ലേ ഓഫിലേക്ക് ഒരു ചുവടുകൂടി അടുത്തു.
താരതമ്യേന ചെറിയ സ്കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ വിജയത്തിന് ലിന്‍ (45), ദിനേഷ് കാര്‍ത്തിക് (41*), നരേന്‍ (21) തുടങ്ങിയവരുടെ റണ്‍ സംഭാവന തന്നെ അധികമായിരുന്നു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ രാജസ്ഥാനു മിന്നുന്ന തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. രണ്ടാം ഓവറിൽ മാത്രം പ്രസിദ്ധിനെതിരെ രാഹുല്‍ ത്രിപാഠി 18 റണ്ണടിച്ചു. ശിവം മവി എറിഞ്ഞ മൂന്നാം ഓവറിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 28 റണ്ണടിച്ച് ബട്‌ലറും ജ്വലിച്ചതോടെ രാജസ്ഥാൻ മൂന്ന് ഓവറിൽ 49–0 എന്ന നിലയിലെത്തി. പക്ഷേ, രാജസ്ഥാന്റെ സന്തോഷം അധികം നീണ്ടില്ല, അഞ്ചാം ഓവറിൽ ത്രിപാഠിയെ (27) റസൽ മടക്കി.
രഹാനെയുടെ (11) ഇന്നിങ്സും അധികം നീണ്ടില്ല. 9 ഓവർ പിന്നിട്ടപ്പോൾ 85–2 എന്ന നിലയിൽലെത്തിയ ശേഷമാണ് രാജസ്ഥാൻ തകർന്നത്. തുടർച്ചയായ ആറാം അർധ സെഞ്ചുറിയിലേക്കു കുതിച്ച ബട്‌ലറെ (39) പത്താം ഓവറിൽ കുൽദീപ് പുറത്താക്കി. പിന്നീടെത്തിയ രാജസ്ഥാൻ ബാറ്റ്സ്മാർമാർ വന്നതും പോയതും പെട്ടെന്നായിരുന്നു. മറുപടി ബാറ്റിങില്‍ കാര്യമായ ആപത്തുകൂടാതെ കൊല്‍ക്കത്ത വിജയതീരത്തിലെത്തി. മല്‍സരം തോറ്റതോടെ രാജസ്ഥാന്‍ പ്ലേ ഓഫ് കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.