മുംബൈ ∙ ക്രിക്കറ്റിൽ പ്രായത്തേക്കാളേറെ പ്രാധാന്യം ഫിറ്റ്നസിനാണ് എന്നു തെളിയിക്കുന്നതാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ സ്വപ്നതുല്യമായ കുതിപ്പെന്ന് ധോണി. ഐപിഎൽ താരലേലത്തിൽ 30 വയസ്സിനു മുകളിൽ പ്രായമുള്ള ഒൻപതു പേരെ ടീമിലെടുത്തതിന് ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടിവന്ന ടീമാണു ചെന്നൈ. ‘‘പ്രായത്തെപ്പറ്റി ഞങ്ങൾ ഒരുപാടു സംസാരിച്ചു, പ്രായത്തിനല്ല, ഫിറ്റ്നസിനാണു പ്രാധാന്യം.
ഉദാഹരണത്തിന് റായുഡുവിന്റെ (32) കാര്യമെടുക്കാം. റായുഡു ഫിറ്റാണ്. ദീർഘദൂരം ഓടാനാകുന്ന ആൾ. കളിക്കുന്ന മൽസരങ്ങളിൽ വളരെയധികം സമയം ഗ്രൗണ്ടിൽ ചെലവിടേണ്ടിവന്നാലും റായുഡു പരാതിപ്പെടാറില്ല. ഇതാണ് ഫിറ്റ്നസിന്റെ പ്രാധാന്യം’’– ഹൈദരാബാദിനെതിരായ ഫൈനലിനുശേഷം ധോണി പറഞ്ഞു.
‘‘ക്യാപ്റ്റന് ഫീൽഡിൽ ആവശ്യം ഗ്രൗണ്ടിലൂടെ ഓടാനിഷ്ടപ്പെടുന്ന കളിക്കാരെയാണ്. അവർ ഏതു വർഷം ജനിച്ചു എന്നതിലല്ല കാര്യം. നിങ്ങളുടെ പ്രായം പത്തൊൻപതോ മുപ്പതോ ആയിക്കൊള്ളട്ടെ, നിങ്ങൾ ഊർജ്വസ്വലനായിരിക്കണം’’– ധോണി കൂട്ടിച്ചേർത്തു.