മുംബൈ∙ ‘ലോകത്തെ ഏറ്റവും മികച്ച ട്വന്റി 20 സ്പിന്നർ’ റാഷിദ് ഖാന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ നൽകിയ വിശേഷണമാണ്. അഫ്ഗാനിസ്ഥാന്റെ പത്തൊൻപതുകാരൻ സ്പിന്നറാണ് ഈ ഐപിഎല്ലിൽ പന്തുകൊണ്ട് മായാജാലം തീർത്തത്. സീസണിൽ 17 കളികളിൽനിന്നായി 21 വിക്കറ്റുകൾ കറക്കിവീഴ്ത്തിയ റാഷിദാണു വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിൽ രണ്ടാമൻ.
അഫ്ഗാനിസ്ഥാനിൽ ഒട്ടേറെ ആരാധകരുള്ള സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന്റെ അഭിനന്ദന ട്വീറ്റിന്റെ ‘ഞെട്ടൽ’ ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നാണ് റാഷിദ് ഖാന്റെ പക്ഷം. കൊൽക്കത്തയ്ക്കെതിരായ എലിമിനേറ്റർ പോരാട്ടത്തിനു ശേഷം ടീം ബസിൽ കയറാനെത്തുമ്പോഴാണ് സച്ചിന്റെ ട്വീറ്റിന്റെ കാര്യം റാഷിദ് അറിയുന്നത്.
ബസിൽ കയറിയതിനു പിന്നാലെ ഒരു സുഹൃത്താണ് ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് അയച്ചുതന്നത്. ആദ്യം കണ്ടപ്പോൾ ഞെട്ടിപ്പോയി. ആ ഷോക്ക് മാറാൻ കുറേ സമയമെടുത്തു. സച്ചിന്റെ ട്വീറ്റിന് മറുപടി അയയ്ക്കുന്നതിനു മുൻപ് എന്തെഴുതുമെന്ന് ആലോചിക്കുകയായിരുന്നു ഞാൻ. എന്താണ് എഴുതേണ്ടതെന്ന് ഒരു പിടിയും കിട്ടിയില്ല. ഒടുവിൽ മറുപടി അയച്ചു – റാഷിദ് ഖാൻ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ എല്ലാവരും ആ ട്വീറ്റ് കണ്ടിട്ടുണ്ടാകുമെന്നാണ് റാഷിദിന്റെ പക്ഷം. സച്ചിൻ അവിടെ വളരെ പ്രശസ്തനാണ്. ഇത്രയേറെ പുകഴ്ത്തിക്കൊണ്ടുള്ള ട്വീറ്റ് കണ്ട് അഫ്ഗാൻകാർ ഞെട്ടിക്കാണും. ഇത്തരം അഭിനന്ദനങ്ങൾ യുവതാരങ്ങൾക്ക് വലിയ പ്രചോദനം കൂടിയാണ് – റാഷിദ് ചൂണ്ടിക്കാട്ടി.
കോഹ്‍ലി, ഡിവില്ലിയേഴ്സ്, എം.എസ്. ധോണി തുടങ്ങിയവരുടെ വിക്കറ്റുകൾ നേടിയതാണ് ഏറ്റവും അമൂല്യമായി കരുതുന്നത്. ഇതുവരെ കരിയറിൽ നേടിയിട്ടുള്ള വിക്കറ്റുകളിൽ ഹൃദയത്തോടു ചേർത്തു സൂക്ഷിക്കുന്നതും അതു തന്നെ. സ്പിൻ കളിക്കുന്നതിൽ ഏറ്റവും മികവുള്ളവരാണ് ഇവർ. അതുകൊണ്ടുതന്നെ ഇവരുടെ വിക്കറ്റ് ഏറെ സന്തോഷം നൽകുന്നു – റാഷിദ് ഖാൻ കുറിച്ചു.
ഇന്ത്യയ്ക്കെതിരെ വരാനിരക്കുന്ന പരമ്പരയിൽ പ്രയോഗിക്കാനുള്ള രഹസ്യായുധങ്ങളുടെ പണിപ്പുരയിലാണു താനെന്നും റാഷിദ് പറയുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നതിലൂടെ ഏറെ നാളത്തെ ഞങ്ങളുടെ സ്വപ്നാണ് യാഥാർഥ്യമാകാൻ പോകുന്നത്. ആ മൽസരത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവരെല്ലാം വലിയ ഭാഗ്യമായാണ് അതിനെ കാണുന്നത്. മാത്രമല്ല, ഞങ്ങൾ ചരിത്രത്തിന്റെ കൂടി ഭാഗമാകുകയാണല്ലോ. അതിനെല്ലാം പുറമെ ഇന്ത്യയെ അവരുടെ നാട്ടിൽ നേരിടുന്നതിന്റെ ആകാംക്ഷയുമുണ്ട് – റാഷിദ് വെളിപ്പെടുത്തി. എന്റെ പരിമിതമായ അറിവുവച്ച്, അഫ്ഗാനിസ്ഥാനിൽ പ്രസിഡന്റ് കഴിഞ്ഞാൽ ഏറ്റവും പ്രശസ്തനായ വ്യക്തി ഞാനായിരിക്കും – റാഷിദ് കൂട്ടിച്ചേർത്തു.