ഈ കൊൽക്കത്തയ്ക്ക് ഇതെന്തുപറ്റിയെന്നാകും പതിനൊന്നാം വരവിലെ നൈറ്റ്റൈഡേഴ്സിനെ കണ്ട് ആരാധകർ പോലും ചിന്തിച്ചിരിക്കുക. തലപ്പൊക്കമുള്ള ഒരു പിടി താരങ്ങളും ചോരത്തിളപ്പുള്ള കുറേ യുവതുർക്കികളുമായി പതിവ് ഗെയിം പ്ലാനിൽ നിന്നു വഴിമാറുകയാണു ജാക്വസ് കാലിസ് പരിശീലകനായ മുൻ ചാംപ്യൻമാർ.
എല്ലാ മേഖലയിലും കരുത്തുറ്റ താരങ്ങളുമായി ഐപിഎല്ലിലെ സ്ഥിരതയുള്ള സംഘമെന്ന വിശേഷണം സ്ഥിരമായി കേട്ടുപോന്നതാണ് കിങ് ഖാന്റ നൈറ്റ്റൈഡേഴ്സ്. യുവതാരങ്ങളെ നിറച്ചെത്തുന്ന ഈ സീസണിൽ പക്ഷേ ആ മേൽക്കൈ കൈമോശം വന്ന നിലയിലാണു ഈഡൻ ഗാർഡൻസിലെ പടയൊരുക്കം.
ബാറ്റിങ് – വെടിക്കെട്ടും പരീക്ഷണവും
ട്വന്റി 20 കളിച്ചുതെളിഞ്ഞ വെടിക്കെട്ടുതാരങ്ങളും നവാഗത താരങ്ങളും ഒരുപോലെ ചേരുന്നതാണു ബാറ്റിങ് നിര. ഓസ്ട്രേലിയൻ സിക്സ് മെഷീൻ ക്രിസ് ലിൻ തന്നെ കൊൽക്കത്തയുടെ ബാറ്റിങ് കൊമ്പത്ത്. കൂട്ടിനു റോബിൻ ഉത്തപ്പയും ദിനേഷ് കാർത്തിക്കും പോലുള്ള പരിചയസമ്പന്നർ. ആന്ദ്രേ റസലും കാമറോൺ ഡെൽപോർട്ടും ഓൾറൗണ്ട് സാന്നിധ്യങ്ങളാകും. മുംബൈയ്ക്കു വേണ്ടി തകർത്തടിച്ച നിതീഷ് റാണ മുതൽ അണ്ടർ –19 താരം ശുഭ്മാൻ ഗിൽ വരെ നീളുന്ന ചില യുവതാരങ്ങളും ചേരുന്നതോടെ നിര പൂർണമാകും.
നായകനായും ബാറ്റ്സ്മാനായും നിറഞ്ഞുനിന്ന ഗൗതം ഗംഭീറിന്റെ വിടവാങ്ങൽ നിഴലിക്കുന്ന കൊൽക്കത്ത നിരയിൽ ഐപിഎൽ പോലൊരു നീളൻ ടൂർണമെന്റിനു വേണ്ട വിഭവങ്ങൾ ഉണ്ടോയെന്ന കാര്യം സംശയമാണ്. ക്രിസ് ലിന്നും ഉത്തപ്പയും പോലുള്ള മുൻനിരക്കാർ നൽകുന്ന തുടക്കം മുതലാക്കാൻ മനീഷ് പാണ്ഡേയും ഷാക്കിബും യൂസഫ് പഠാനും പോലുള്ള ‘ഫിനിഷേഴ്സ്’ ഇക്കുറിയില്ലെന്നതാണു കൊൽക്കത്തയുടെ ദു:ഖം. പുതുമുഖങ്ങളെ വച്ചുള്ള പരീക്ഷണം പിഴച്ചാൽ ടീമിന്റെ സ്ഥിതിയും സംഹാരവും ക്യാപ്റ്റൻ കാർത്തിക്കിന്റെയും റസലിന്റെയും ചുമലിലാകും. ഒറ്റവാക്കിൽ പറഞ്ഞാൽ, യുവതാരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ടീമിന്റെ കെട്ടുറപ്പ്.
ബോളിങ് –ആശയും ആശങ്കയും
ബാറ്റിങ് നിരയിലെ ഏറ്റക്കുറച്ചിലുകൾ അതേപടി ബോളിങ് വിഭാഗത്തിലും പകർത്തിയിട്ടുണ്ടെന്നു തോന്നിപ്പിക്കും കൊൽക്കത്തയുടെ ലൈനപ്പ്. ഒരു ഭാഗത്തു കരുത്തിന്റെ സമ്മേളനമാണ്. മറുവശത്താകട്ടെ ആശങ്കകൾക്കാണ് മുൻതൂക്കം. ടീമിന്റെ ശക്തിദുർഗമെന്നു പറയാവുന്ന സ്പിൻ വിഭാഗത്തിൽ മാത്രമേ പഴയ ശൗര്യം തലയുയർത്തി നിൽക്കുന്നുള്ളൂ.
സുനിൽ നരെയ്ൻ, കുൽദീപ് യാദവ്, പീയൂഷ് ചാവ്‌ല – ഏതു ബാറ്റിങ് നിരയെയും ചതിക്കുഴിയിൽ വീഴ്ത്താൻ ഈ സ്പിൻ ത്രയം ധാരാളം. ഇവർക്ക് ഉഴുതുമറിക്കാൻ പാകത്തിനുള്ള ഹോം ഗ്രൗണ്ട് കൂടിയൊരുങ്ങുന്നതോടെ നൈറ്റ്റൈഡേഴ്സിന്റെ സ്പിൻ വിഭാഗം നിരാശപ്പെടുത്തില്ല.
എന്നാൽ പേസ് ബോളിങ്ങിൽ അത്ര പന്തിയല്ല കാര്യങ്ങൾ. ആക്രമണത്തിന്റെ കുന്തമുനയാക്കാൻ ലക്ഷ്യമിട്ട ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിന്റെ പിൻമാറ്റത്തോടെ മിച്ചൽ ജോൺസണിലും ആന്ദ്രേ റസലിലുമായി ഉത്തരവാദിത്തം. കൂട്ടിനുള്ളതു വെറ്ററൻ താരം വിനയ് കുമാറും അണ്ടർ–19 ജോടികളായ കമലേഷ് നാഗർകോട്ടിയും ശിവം മാവിയും. വിദേശ സാന്നിധ്യങ്ങളായി ഇംഗ്ലിഷ് യുവതാരം ടോം കുറാനും വിൻഡീസിന്റെ സിയർലെസും കൂടി ചേരുന്നുണ്ട് ഇടവേളയ്ക്കു ശേഷമെത്തുന്ന ജോൺസണും പരിചയം കുറഞ്ഞ യുവതാരങ്ങളും എങ്ങനെ മുന്നോട്ടു നീങ്ങുമെന്നതിനെ ആശ്രയിച്ചിരിക്കും ടീമിന്റെ മുന്നേറ്റം.
TOP GUNS
∙ ക്രിസ് ലിൻ
മൽസരം: 102
റൺസ്: 2890
ആവറേജ്: 36.12
സ്ട്രൈക്ക് റേറ്റ്: 148.35
∙ ആന്ദ്രേ റസൽ
മൽസരം: 236
റൺസ്: 3508
ആവറേജ്: 23.86
സ്ട്രൈക്ക് റേറ്റ്: 164.38
∙ റോബിൻ ഉത്തപ്പ
മൽസരം: 216
റൺസ്: 5547
ആവറേജ്: 29.34
സ്ട്രൈക്ക് റേറ്റ്: 134.7
∙ സുനിൽ നരെയ്ൻ
മൽസരം: 271
വിക്കറ്റ്: 317
ഇക്കോണമി : 5.82
സ്ട്രൈക്ക് റേറ്റ് : 19.5
∙ കുൽദീപ് യാദവ്
മൽസരം: 54
വിക്കറ്റ്: 68
ഇക്കോണമി : 7.36
സ്ട്രൈക്ക് റേറ്റ് : 17.3
DREAM ELEVEN
ക്രിസ് ലിൻ (ബാറ്റ്)
റോബിൻ ഉത്തപ്പ (ബാറ്റ്)
ശുഭ്മാൻ ഗിൽ (ബാറ്റ്)
ദിനേഷ് കാർത്തിക് (ബാറ്റ് ആൻഡ് കീപ്പർ)
നിതീഷ് റാണ (ബാറ്റ്)
ആന്ദ്രേ റസൽ (ബാറ്റ് ആൻഡ് ബോൾ)
സുനിൽ നരെയ്ൻ (ബാറ്റ് ആൻഡ് ബോൾ)
മിച്ചൽ ജോൺസൺ (ബോൾ)
പീയൂഷ് ചാവ്‌ല (ബോൾ)
കുൽദീപ് യാദവ് (ബോൾ)
കമലേഷ് നാഗർകോട്ടി (ബോൾ)