തിരുവനന്തപുരത്തു വരുമോ, ധോണി– കോഹ്‌ലി പോരാട്ടം ?

തിരുവനന്തപുരം ∙ ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയും ഇപ്പോഴത്തെ നായകൻ വിരാട് കോഹ്‌ലിയും നേർക്കുനേർ എത്തുന്ന ആവേശപ്പോരാട്ടം നേരിൽ കാണാൻ ഭാഗ്യമുണ്ടാവുമോ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക്? ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെയും ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെയും പോരാട്ടത്തിനെങ്കിലും കാര്യവട്ടം സ്പോർട്സ് ഹബ് വേദിയാകുമെന്നാണു സൂചനകൾ.

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ചെന്നൈയുടെ ഹോം മൽസരങ്ങളെല്ലാം തിരുവനന്തപുരത്തേക്കു മാറ്റാൻ തീരുമാനിച്ചാൽ ഏഴു മൽസരങ്ങൾക്കു വേദിയൊരുക്കാനുള്ള അവസരമാണു ലഭിക്കുക. ചെന്നൈ– ബാംഗ്ലൂർ മൽസരത്തിനെതിരെയാണു മുഖ്യപ്രതിഷേധം. എന്നാൽ ചെന്നൈയുടെ ഹോം മൽസരങ്ങളൊന്നും ചെന്നൈയിൽ നടത്തരുതെന്ന ആവശ്യവും ഉയരുന്നുണ്ട്.

ആവശ്യമെങ്കിൽ മൽസരം സംഘടിപ്പിക്കാൻ സജ്ജമായിരിക്കാൻ ബിസിസിഐ സെക്രട്ടറി അമിതാബ് ചൗധരിയും ഐപിഎൽ ചെയർമാൻ രാജീവ് ശുക്ലയും നിർദേശിച്ചതായും അദ്ദേഹം അറിയിച്ചു. ഐപിഎൽ സംഘാടന ചുമതലയുള്ള ഏജൻസിയായ ഐഎംജിയുടെ പ്രതിനിധികളും കെസിഎയുമായി ബന്ധപ്പെട്ടുകഴിഞ്ഞു.

‘ചെന്നൈ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്. സൗകര്യങ്ങൾ ഒരുക്കുക എന്നതു മാത്രമേ കെസിഎക്കു ചെയ്യാനുള്ളൂ. സ്പോർട്സ് ഹബ് അധികൃതരും മൽസരം നടത്താൻ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. മൽസര പിച്ചുകൾ നിലവിൽ സ്റ്റേഡിയത്തിലുണ്ട്. അതിനാൽ തയാറെടുപ്പുകൾക്ക് അധികം സമയം വേണ്ടിവരില്ല. മൽസരം അനുവദിച്ചാൽ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ടിക്കറ്റ് വിൽപന ഉൾപ്പെടെ നടത്തുക ഐപിഎൽ അധികൃതരാണ്’-  കെസിഎ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.

അതേസമയം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനു കീഴിലുള്ള രാജ്കോട്ട് സ്റ്റേഡിയവും മാച്ചുകൾ സംഘടിപ്പിക്കുന്നതിനായി ചെന്നൈ ടീം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഗുജറാത്ത് ലയൺസിന്റെ മൽസരങ്ങൾക്കു വേദിയായതു രാജ്കോട്ട് ആയിരുന്നു. തൊട്ടയൽപക്കത്തെ വേദിയാണെന്നതും തമിഴ്നാട്ടിലെ തെക്കൻ മേഖലയിലുള്ളവർക്കും കളികാണാനെത്താൻ സൗകര്യമാണെന്നതും തിരുവനന്തപുരത്തിന് അനുകൂലമാവുന്നു.