ജയത്തിലേക്ക് 18 പന്തിൽ 47 റൺസ്, രണ്ടു വിക്കറ്റ് കയ്യിൽ; പിന്നെ കണ്ടത് ബ്രാവോയുടെ അവതാരപ്പിറവി

മുംബൈയ്ക്കെതിരെ ബ്രാവോയുടെ ബാറ്റിങ്. ചിത്രം: വിഷ്ണു വി.നായർ

മുംബൈ∙ ഐപിഎൽ ഫൈനലിന്റെ ആവേശമായിരുന്നു ഇത്തവണ ഐപിഎൽ ഉദ്ഘാടന മൽസരത്തിന്. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ലീഗിലേക്ക് മടങ്ങിയെത്തിയ ചെന്നൈ സൂപ്പർ കിങ്സ് സാക്ഷാൽ ധോണിയുടെ നേതൃത്വത്തിൽ ഒരു വശത്തും, നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു ‘ഹിറ്റ്മാൻ’ രോഹിത് ശർമയുടെ നേതൃത്വത്തിൽ മറുവശത്തും അണിനിരന്ന പോരാട്ടം ആവേശത്തിന്റെ നിറകുടമായിരുന്നു. കാര്യമായ പോരാട്ടം കൂടാതെ ചെന്നൈ കീഴടങ്ങുമെന്നു കരുതിയിടത്തു നിന്നു ഡ്വെയ്ൻ ബ്രാവോയെന്ന ഒറ്റയാൻ തിരിച്ചടിക്കുന്ന കാഴ്ച, ഐപിഎല്ലിന് യോജിച്ച തുടക്കമായി.

166 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ ഭേദപ്പെട്ട രീതിയിലാണ് തുടക്കമിട്ടത്. എന്നാൽ മികച്ച തുടക്കം ലഭിച്ചവർക്കാർക്കും അതു വലിയ ഇന്നിങ്സാക്കി രൂപാന്തരപ്പെടുത്താൻ സാധിക്കാതെ പോയതോടെയാണ് ചെന്നൈ അനാവശ്യ സമ്മർദ്ദത്തിലേക്കു വഴുതിയത്. ഷെയ്ൻ വാട്സൺ (14 പന്തിൽ 16),സുരേഷ് റെയ്ന (ആറു പന്തിൽ നാല്), എംഎസ്. ധോണി (അഞ്ച് പന്തിൽ അഞ്ച്) എന്നീ വമ്പൻമാരെല്ലാം കാര്യമായ ചലനമുണ്ടാക്കാതെ മൈതാനം വിട്ടപ്പോൾ‌ ജയമുറപ്പിച്ച് ആഘോഷം തുടങ്ങിയതാണ് മുംബൈ ആരാധകർ.

അവിടെ നിന്നാണ് ബ്രാവോയുടെ പോരാട്ടവീര്യം മുംബൈയുടെ ആവേശം കെടുത്തിയത്. 166 റ‌ണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ എട്ടു വിക്കറ്റു നഷ്ടത്തില്‍ 118 എന്ന നിലയില്‍ തോല്‍വിയുറപ്പിച്ചു നില്‍ക്കുമ്പോഴായിരുന്നു ബ്രാവോയുടെ രക്ഷാപ്രവര്‍ത്തനം.

ബ്രാവോ അഥവാ ഒറ്റയാൻ

തോൽക്കുമെന്ന ഘട്ടത്തിൽ ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി വിജയത്തിലെത്തിച്ച ഡ്വെയ്ൻ ബ്രാവോയെ ഒറ്റയാൻ എന്നല്ലാതെ മറ്റെന്താണു വിളിക്കേണ്ടത്. മറ്റു ചെന്നൈ താരങ്ങളെല്ലാം നിലയുറപ്പിക്കാൻ പ്രയാസപ്പെട്ടപ്പോൾ, എണ്ണം പറഞ്ഞ ഏഴു സിക്സറുകളാണ് ഈ വെസ്റ്റിൻഡീസ് താരം തലങ്ങും വിലങ്ങും പായിച്ചത്. ഫോറുകളുടെ എണ്ണം മൂന്നു മാത്രം. 30 പന്തുകൾ നേരിട്ട ബ്രാവോ 68 റൺസുകൾ അടിച്ചുകൂട്ടി. ഒടുവിൽ വിജയത്തിനു തൊട്ടടുത്തെത്തിയപ്പോൾ ബുംമ്രയുടെ പന്തിൽ രോഹിത് ശർമയ്ക്കു ക്യാച്ച് നൽകിയാണ് ബ്രാവോ പുറത്തായിത്.

ഹാർദിക് പാണ്ഡ്യ എറിഞ്ഞ 17–ാം ഓവറിന്റെ മൂന്നാം പന്തിൽ ഇംഗ്ലണ്ട് താരം മാർക്ക് വുഡ് പുറത്താകുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന നിലയിലായിരുന്നു ചെന്നൈ. രാജ്യാന്തര ക്രിക്കറ്റിൽ പതിവുകാരൻ പോലുമല്ലാതായി മാറിക്കഴിഞ്ഞ ഡ്വെയിൻ ബ്രാവോയെന്ന പഴയ പടക്കുതിര ഒരു വശത്തു നിൽക്കുന്നുണ്ടായിരുന്നെങ്കിലും, കടുത്ത ചെന്നൈ ആരാധകർ പോലും വിജയം പ്രതീക്ഷിച്ചിരുന്നിരിക്കില്ല.

മാർക്ക് വുഡ് പുറത്താകുമ്പോൾ 16 പന്തിൽ 28 റൺസായിരുന്നു ബ്രാവോയുടെ സമ്പാദ്യം. ഹാർദിക് പാണ്ഡ്യ 17–ാം ഓവർ പൂർത്തിയാക്കുമ്പോൾ ചെന്നൈയുടെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 119 റൺസ് മാത്രം. രണ്ടു വിക്കറ്റ് മാത്രം കയ്യിലിരിക്കെ അവർക്കു വിജയത്തിലേക്കു വേണ്ടിയിരുന്നത് 18 പന്തിൽ 47 റൺസ്. ഓവറിൽ 15.66 റൺസ്!

ജയിക്കാൻ 18 പന്തിൽ 47 റൺസ്, കയ്യിൽ രണ്ടു വിക്കറ്റ്

കിവീസ് താരം മക്‌ലീനാഘൻ എറിഞ്ഞ 18–ാം ഓവറിൽ ബ്രാവോ നയം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിറിനെ ഒരു വശത്തു കാഴ്ചക്കാരനാക്കി തകർത്തടിച്ച ബ്രാവാ ആ ഓവറിൽ സ്കോർ ബോർഡിൽ എത്തിച്ചത് 20 റൺസ്. ആദ്യ പന്തിൽ താഹിർ സിംഗിൾ നേടി സ്ട്രൈക്ക് കൈമാറിയ ശേഷമായിരുന്നു ബ്രാവോയുടെ താണ്ഡവം.

രണ്ടാം പന്ത് ബോവറുടെ തലയ്ക്കു മുകളിലൂടെ ഗാലറിയിലെത്തിച്ച ബ്രാവോ അടുത്ത പന്ത് മിഡ്‌വിക്കറ്റിലൂടെ നിലം തൊടാതെ ബൗണ്ടറി കടത്തി. നാലാം പന്തിൽ രണ്ടു റൺസ് നേടി സ്ട്രൈക്ക് നിലനിർത്തിയ ബ്രാവോ അഞ്ചാ പന്ത് നിലംപറ്റെയും ബൗണ്ടറി കടത്തി. അവസാന പന്തിൽ സിംഗിൾ എടുത്ത് സ്ട്രൈക്ക് നിലനിർത്തിയതോടെ ബ്രാവയോടുടെ ഉള്ളിലിരുപ്പ് വ്യക്തം. പിന്നീട് ചെന്നൈയ്ക്കു വേണ്ടിയിരുന്നത് 12 പന്തിൽ 27 റൺസ്.

അപ്പോഴും മുംബൈയ്ക്ക് ഭയമില്ലായിരുന്നു. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡെത്ത് ഓവർ സ്പെഷലിസ്റ്റുകളായ ജസ്പ്രീത് ബുംമ്രയ്ക്കും മുസ്താഫിസുർ റഹ്മാനും ഓവർ ബാക്കിനിൽക്കുമ്പോൾ അവർ എന്തു ഭയക്കാൻ. എന്നാൽ, മറുവശത്ത് ഉജ്വല ഫോമിലായിരുന്ന ബ്രാവോയ്ക്ക് മുന്നിൽ ബോളർമാർ അപ്രസക്തരായിരുന്നു. മുന്നിലേക്കെത്തുന്ന പന്തുകൾ അതിലേറെ വേഗത്തിൽ ബൗണ്ടറി കടത്താൻ വെമ്പിനിന്ന അയാൾക്കു മുന്നിൽ ബുംമ്രയും ചെറുതായി.

യോർക്കറിനു ശ്രമിച്ചു പരാജയപ്പെട്ട ബുംമ്രയുടെ ആദ്യ പന്ത് ബ്രാവോ ലോങ് ഓഫിലൂടെ ഗാലറിയിലെത്തിച്ചു. ഫുൾടോസായെത്തിയ രണ്ടാം പന്തും മിഡ് വിക്കറ്റിലൂടെ ഗാലറിലേക്കു പറത്തിയ ബ്രാവോ ചെന്നൈയെ വിജയത്തോട് അടുപ്പിച്ചു. മൂന്നാം പന്തിൽ ഡബിൾ മാത്രം വഴങ്ങിയ ബുംമ്ര, നാലാം പന്ത് രക്ഷിച്ചെടുത്ത് ട്രാക്കിലേക്കു വന്നെന്നു കരുതിയെങ്കിലും, അഞ്ചാം പന്തിൽ വീണ്ടും ബ്രാവോ മിന്നിക്കത്തി. ലോ ഫുൾടോസായെത്തിയ അഞ്ചാം പന്ത് മിഡ് വിക്കറ്റിലൂടെ പറന്ന് ഗാലറിയിലെത്തി വിശ്രമിച്ചു. അവസാന പന്തിൽ ബ്രാവോയെ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈകളിലെത്തിച്ച് ബുംമ്ര തിരിച്ചടിച്ചെങ്കിലും വൈകിപ്പോയിരുന്നു.

ചെന്നൈ ടീമംഗങ്ങളുടെ വിജയാഹ്ലാദം. ചിത്രം: വിഷ്ണു വി.നായർ

പരുക്കേറ്റ് തിരിച്ചുകയറിയ കേദാർ ജാദവ് തിരിച്ചിറങ്ങുമ്പോൾ വിജയം ഏതു വഴിക്കും തിരിയാമെന്ന സ്ഥിതിയായിരുന്നു. ചെന്നൈയിക്ക് വിജയത്തിലേക്ക് ആറു പന്തിൽ ഏഴു റൺസും മുംബൈയ്ക്ക് വിജയത്തിലേക്ക് ഒരേയൊരു വിക്കറ്റും എന്ന ഘട്ടത്തിൽ നിൽക്കെ ആരാധകരും ആവേശത്തിലായി.

മുസ്താഫിസുറിന്റെ ആദ്യ മൂന്നു പന്തുകളിലും ജാദവിന് ഒന്നും ചെയ്യാനാകാതെ പോയതോടെ ചെന്നൈയുടെ പ്രതീക്ഷയറ്റു. മുംബൈ നിരയിലേക്ക് ആവേശം മടങ്ങിയെത്തുകയും ചെയ്തു. ഇക്കഴിഞ്ഞ നിദാഹാസ് ട്രോഫിയിൽ മുസ്താഫിസുറിനു മുന്നിൽ പതറിനിന്ന വിജയ് ശങ്കറിനെ ഓർമിപ്പിച്ചു, ജാദവ്. എന്നാൽ, പരുക്കെല്ലാം ഒരു നിമിഷത്തേക്കു മറന്ന ജാദവ് നാലാം പന്തിൽ വിശ്വരൂപം പുറത്തെടുത്തു. നിലം തൊടാതെ ഗാലറിയിലേക്കു പറന്ന പന്തിൽ നോക്കി നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്നും ഇമ്രാൻ താഹിർ ഓടിയെത്തി. വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അതേശൈലിയിൽ പാഞ്ഞെത്തിയ താഹിർ, ജാദവിനെ ആശ്ലേഷിച്ചു. അപ്രതീക്ഷിത പ്രഹരത്തിൽ പകച്ചുപോയ മുസ്താഫിസുറിന്റെ അടുത്ത പന്ത് കവറിലൂടെ ബൗണ്ടറി കടത്തിയ ജാദവ് ചെന്നൈയ്ക്ക് ആവേശജയം സമ്മാനിച്ചാണ് തിരിച്ചുകയറിയത്.

മായങ്ക്, മുംബൈയുടെ ബോളിങ് പ്രതീക്ഷ

മൽസരം ചെന്നൈ സ്വന്തമാക്കിയെങ്കിലും,  അവരുടെ ക്യാപ്റ്റൻ എം.എസ്. ധോണ‍ിയുടെതുൾപ്പെടെ നിർണായകമായ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ഇരുപതുകാരൻ താരം മായങ്ക് മാർക്കണ്ഡെയുടെ പ്രകടനം മുംബൈയ്ക്ക് ആവേശം പകരുമെന്നുറപ്പ്. നാലോവറിൽ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് പോക്കറ്റിലാക്കിയാണ് മായങ്ക് മാര്‍ക്കണ്ഡെ വരവറിയിച്ചത്. ട്വന്റി20യിൽ അഞ്ചാം മത്സരം മാത്രമാണു താരം ഇന്നലെ മുംബൈയ്ക്കു വേണ്ടി കളിക്കാനിറങ്ങിയത്. ഐപിഎല്ലിലെ ആദ്യ കളിയും.

ബൗണ്ടറികൾ വിട്ടുകൊടുക്കുന്ന കാര്യത്തിലും മായങ്ക് പിശുക്കു കാട്ടി. ആകെ വഴങ്ങിയത് രണ്ടു സിക്സറുകൾ മാത്രം. മക്‌ലീനാഘനും മുസ്താഫിസുറും ബുംമ്രയും ചെന്നൈ താരങ്ങളുടെ തല്ല് വാങ്ങിയപ്പോഴാണ് ഹാർദിക് പാണ്ഡ്യയ്ക്കു കൂട്ടായി താരം നിർണായക പ്രകടനം നടത്തിയത്. വരും മത്സരങ്ങളിലും ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ഇതോടെ മായങ്കിനായി. പാണ്ഡ്യയും ചെന്നൈയ്ക്കെതിരെ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. 

'നാൽപതു' കടന്ന യുവതാരങ്ങളിൽ സ്കോറുയർത്തി മുംബൈ

നേരത്തെ, ടോസ് നേടിയ ചെന്നൈ മുംബൈയുടെ ഹോം ഗ്രൗണ്ടിൽ അവരെ ബാറ്റിങ്ങിനു വിടുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് താരം എവിൻ ലൂയിസും ക്യാപ്റ്റൻ രോഹിത് ശർമയും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് ആദ്യ മത്സ‍രത്തിൽ മുംബൈയെ തുണച്ചില്ല. രണ്ടാം ഓവറിന്റെ തുടക്കത്തിൽ തന്നെ ലൂയിസിനെ മുംബൈയ്ക്കു നഷ്ടമായി. ദീപക് ചഹറിന്റെ പന്തിൽ എൽബിഡബ്ല്യു ആയാണു ലൂയിസ് പുറത്തായത്.തൊട്ടടുത്ത ഓവറില്‍ രോഹിത് ശർമയും പുറത്തായി. ഓസീസ് താരം ഷെയ്ൻ വാട്സന്റെ പന്തില്‍ അംബാട്ടി റായിഡുവിന്റെ ഉജ്വല ക്യാച്ചിലാണ് രോഹിത് മടങ്ങിയത്.

പിന്നീടു ഇഷാൻ കിഷനും സൂര്യകുമാര്‍ യാദവും ചേര്‍ന്നു നടത്തിയ രക്ഷാ പ്രവർത്തനം മുംബൈയ്ക്കു തുണയായി. ഇരുവരും ചേർന്ന് സ്കോർ 100 കടത്തി. അർധസെഞ്ചുറിക്ക് ഏഴു റൺസ് അകലെ സൂര്യകുമാറിനെയും വാട്സൺ പുറത്താക്കി. 

ഇമ്രാൻ താഹിറിന്റെ പന്തിൽ മാർക് വുഡിനു ക്യാച്ച് നൽകി ഇഷാൻ കിഷൻ മടങ്ങി. അവസാന ഓവറുകളിൽ ക്രുനാൽ പാണ്ഡ്യയും മുംബൈ ഇന്ത്യൻസിന്റെ സ്കോറുയർത്തി. 22 പന്തിൽ 41 റൺസുമായി ക്രുനാൽ പുറത്താകാതെ നിന്നു. അഞ്ചു ഫോറുകളും രണ്ടു സിക്സറുകളുമാണ് പാണ്ഡ്യ പറത്തിയത്. ഹാർദിക് പാണ്ഡ്യ 20 പന്തില്‍ 22 റൺസുമായി ക്രുനാലിനൊപ്പം പുറത്താകാതെ നിന്നു. അവസാന പന്തിൽ റണ്ണെടുക്കാനായി ഓടുന്നതിനിടെ ഡ്വെയ്ൻ ബ്രാവോയുമായി കൂട്ടിയിടിച്ചു ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേൽക്കുകയും ചെയ്തു. ചെന്നൈയ്ക്കായി ഷെയ്ൻ വാട്സൺ രണ്ടും ദീപക് ചഹർ, ഇമ്രാൻ താഹിർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മൽസരത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ

ഐപിഎൽ ഉദ്ഘാടന മൽസരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടുന്നു. ചിത്രങ്ങൾ: വിഷ്ണു വി.നായർ
ഐപിഎൽ ഉദ്ഘാടന മൽസരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടുന്നു. ചിത്രങ്ങൾ: വിഷ്ണു വി.നായർ
ഐപിഎൽ ഉദ്ഘാടന മൽസരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടുന്നു. ചിത്രങ്ങൾ: വിഷ്ണു വി.നായർ
ഐപിഎൽ ഉദ്ഘാടന മൽസരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടുന്നു. ചിത്രങ്ങൾ: വിഷ്ണു വി.നായർ
ഐപിഎൽ ഉദ്ഘാടന മൽസരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടുന്നു. ചിത്രങ്ങൾ: വിഷ്ണു വി.നായർ
ഐപിഎൽ ഉദ്ഘാടന മൽസരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടുന്നു. ചിത്രങ്ങൾ: വിഷ്ണു വി.നായർ
ഐപിഎൽ ഉദ്ഘാടന മൽസരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടുന്നു. ചിത്രങ്ങൾ: വിഷ്ണു വി.നായർ
ഐപിഎൽ ഉദ്ഘാടന മൽസരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടുന്നു. ചിത്രങ്ങൾ: വിഷ്ണു വി.നായർ
ഐപിഎൽ ഉദ്ഘാടന മൽസരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടുന്നു. ചിത്രങ്ങൾ: വിഷ്ണു വി.നായർ
ഐപിഎൽ ഉദ്ഘാടന മൽസരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടുന്നു. ചിത്രങ്ങൾ: വിഷ്ണു വി.നായർ
ഐപിഎൽ ഉദ്ഘാടന മൽസരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടുന്നു. ചിത്രങ്ങൾ: വിഷ്ണു വി.നായർ
ഐപിഎൽ ഉദ്ഘാടന മൽസരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടുന്നു. ചിത്രങ്ങൾ: വിഷ്ണു വി.നായർ