ധവാന് ഉപ്പു നോക്കാൻപോലും തികഞ്ഞില്ല, രാജസ്ഥാന്റെ 125 റൺസ്!

ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് വേദിയിലേക്കുള്ള തിരിച്ചുവരവിൽ ഒട്ടും ‘റോയലാ’കാതെ രാജസ്ഥാൻ. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഐപിഎല്ലിലേക്കു തിരിച്ചെത്തിയ രാജസ്ഥാൻ റോയൽസ്, ആരാധകരെ നിരാശപ്പെടുത്തിയ പ്രകടനത്തിലൂടെ സീസണു തുടക്കമിട്ടു. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ചെറിയ സ്കോർ കുറിച്ച രാജസ്ഥാൻ, സൺറൈസേഴ്സ് ഹൈദരാബാദിനു സമ്മാനിച്ചത് ഒൻപതു വിക്കറ്റിന്റെ ഉജ്വല വിജയം. 20 ഓവറും ബാറ്റു ചെയ്ത് രാജസ്ഥാൻ ബാറ്റ്സ്മാൻമാർ അടിച്ചുകൂട്ടിയ 125 റൺസ്, ഹൈദരാബാദ് ഓപ്പണർ ശിഖർ ധവാന് ‘ഉപ്പു നോക്കാൻ’ പോലും തികഞ്ഞില്ലെന്നതാണ് വാസ്തവം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ സ്വന്തമാക്കിയത് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 125 റൺസ്. നൂറിനു താഴെ ഒതുങ്ങേണ്ടിയിരുന്ന രാജസ്ഥാൻ സ്കോർ 100 കടത്തിയത് അർധസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ മലയാളി താരം സഞ്ജു സാംസന്റെ ഇന്നിങ്സും. മറുപടി ബാറ്റിങ്ങിൽ സൺറൈസേഴ്സ് കത്തിജ്വലിച്ചപ്പോൾ, കോടികൾ നൽകി കൊണ്ടുവന്ന രാജസ്ഥാൻ ബോളർമാർ കരിഞ്ഞുവീണു. അർധസെഞ്ചുറി നേടിയ ശിഖർ ധവാന്റെയും (57 പന്തിൽ പുറത്താകാതെ 77), ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും (35 പന്തിൽ 36) മികവിൽ അവർ അനായാസം വിജയത്തിലെത്തുമ്പോൾ സൺറൈസേഴ്സ് ഇന്നിങ്സിൽ 25 പന്തുകൾ ബാക്കിയായിരുന്നു.

‘തല’ പോയ ആവേശം

സീസൺ ആരംഭിക്കുന്നതിനു തൊട്ടുമുൻപു ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ പന്തു ചുരണ്ടൽ വിവാദത്തിൽ ‘തല’ പോയ രണ്ടു ടീമുകളും നേർക്കുനേർ എത്തിയപ്പോൾ ആരാധകർ പ്രതീക്ഷിച്ചതൊരു ആവേശപ്പോരാട്ടമായിരുന്നു. എന്നാൽ, ഈ സീസണിലെ ഏറ്റവും ‘തണുത്ത’ പോരാട്ടമാണ് ഇരു ടീമുകളും ആരാധകർക്കു മുന്നിൽ കാഴ്ചവച്ചത്. രാജസ്ഥാൻ റോയൽസിന്റേത് മോശം തുടക്കമായിരുന്നു. ടോസ് നഷ്ടപ്പെട്ടതിൽ തുടങ്ങുന്നു അവരുടെ കഷ്ടകാലം. ഓപ്പണർമാരെയത്തിയ ഡാർസി ഷോർട്ട്, അജിങ്ക്യ രഹാനെ എന്നിവർക്ക് മികച്ച തുടക്കം സമ്മാനിക്കാനുമായില്ല. സ്കോർ ബോർഡിൽ ആറു റൺ‌സ് മാത്രമുള്ളപ്പോൾ അനാവശ്യ റണ്ണിനോടി ഡാർസി ഷോർട്ട് റണ്ണൗട്ടായി. സൺറൈസേഴ്സ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ നേരിട്ടുള്ള ഏറ് സ്റ്റംപു തെറുപ്പിക്കുമ്പോൾ ഇഞ്ചുകൾക്കു പുറത്തായിരുന്നു ഷോർട്ടിന്റെ ബാറ്റ്.

രണ്ടാം വിക്കറ്റിൽ നിലയുറപ്പിച്ചു കളിക്കാൻ ശ്രമിച്ച അജിങ്ക്യ രഹാനെ–സഞ്ജു സാംസൺ സഖ്യം കാര്യമായ പരുക്കു കൂടാതെ രാജസ്ഥാനെ മുന്നോട്ടു നയിച്ചു. കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ടീമിന്റെ സ്കോർ 50 കടത്തിയതിനു പിന്നാലെ രഹാനെ മടങ്ങി. സിദ്ധാർഥ് കൗളിന്റെ പന്ത് ഗാലറിയിലെത്തിക്കാനുള്ള രഹാനെയുടെ ശ്രമം റാഷിദ് ഖാന്റെ ഉജ്വല ക്യാച്ചിൽ അവസാനിച്ചു. 13 പന്തിൽ രണ്ടു ബൗണ്ടറി ഉൾപ്പെടെ നേടിയ 13 റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.

കോടികളുടെ കിലുക്കവുമായെത്തിയ ഇംഗ്ലിഷ് താരം ബെൻ സ്റ്റോക്സിനെ സ്റ്റാൻലേക്ക് മടക്കിയതോടെ രാജസ്ഥാൻ അപകടം മണത്തു. എട്ടു പന്തിൽ അഞ്ചു റൺസ് മാത്രം നേടിയായിരുന്നു സ്റ്റോക്സിന്റെ മടക്കം. തുടർന്നെത്തിയ രാഹുൽ ത്രിപാഠിയും സ‍ഞ്ജുവും ചേർന്ന് സ്കോർ 90 കടത്തി. പിന്നാലെ 15 പന്തിൽ രണ്ടു ബൗണ്ടറി ഉൾപ്പെടെ 17 റൺസുമായി ത്രിപാഠിയും മടങ്ങി. ഷാക്കിബ് അൽ ഹസ്സനായിരുന്നു വിക്കറ്റ്.

കൃഷ്ണപ്പ ഗൗതം (രണ്ടു പന്തിൽ പൂജ്യം), ജോസ് ബട്‌ലർ (ഒൻപതു പന്തിൽ ആറ്), ജയ്ദേവ് ഉനദ്ഘട് (രണ്ടു പന്തിൽ ഒന്ന്) എന്നിവരെല്ലാം കാര്യമായ പോരാട്ടത്തിനു മുതിരാതെ പെട്ടിമടക്കിയതോടെ രാജസ്ഥാന്റെ പോരാട്ടം താരതമ്യേന ചെറിയ സ്കോറിലൊതുങ്ങി. അവസാന ഓവറുകളിൽ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ച ശ്രേയസ് ഗോപാലാണ് രാജസ്ഥാനെ 120 കടത്തിയത്. ഗോപാൽ 18 പന്തിൽ 18 റൺസെടുത്തു. ബെൻ ലാഫ്‌ലിൻ, ധവാൻ കുൽക്കർണി  എന്നിവർ ഓരോ റണ്ണെടുത്ത് പുറത്താകാതെ നിന്നു. സൺറൈസേഴ്സിനായി ഷാക്കിബ് അൽ ഹസ്സൻ നാല് ഓവറിൽ 23 റൺസ് വഴങ്ങിയും സിദ്ധാർഥ് കൗൾ നാല് ഓവറിൽ 18 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ, സ്റ്റാൻലേക്ക്, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മോശമാക്കാതെ സഞ്ജു

മലയാളി താരം സഞ്ജു സാംസന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു രാജസ്ഥാൻ ഇന്നിങ്സിന്റെ ഹൈലൈറ്റ്. കാര്യമായ തോതിൽ ആക്രമണത്തിനു തുനിഞ്ഞില്ലെങ്കിലും 42 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 49 റൺസെടുത്ത സഞ്‍ജുവിന്റെ പ്രകടനമാണ് രാജസ്ഥാന് മാന്യമായ സ്കോർ സമ്മാനിച്ചത്. ഓപ്പണർ ഷോർട്ട് പെട്ടെന്നുതന്നെ പുറത്തായതിന്റെ ഞെട്ടൽ മാറും മുൻപേ കളത്തിലിറങ്ങിയ സഞ്ജു പക്വമായ ഇന്നിങ്സാണ് കളിച്ചത്. ആദ്യം ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ചും പിന്നീട് രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ചും സഞ്ജു നടത്തിയ പോരാട്ടമാണ് രാജസ്ഥാൻ സ്കോർ 100 കടത്തിയത്.

സീസണിലെ ആദ്യ അർധസെഞ്ചുറിക്കു തൊട്ടരികിൽ നിൽക്കെ ഷാക്കിബ് അൽ ഹസ്സനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെയായിരുന്നു സഞ്ജുവിന്റെ മടക്കം. 42 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 49 റൺസെടുത്ത സഞ്ജുവിനെ ഷാക്കിബ് അൽ ഹസ്സന്റെ പന്തിൽ റാഷിദ് ഖാനാണ് ക്യാച്ചെടുത്തു പുറത്താക്കിയത്. അർഹിച്ച അർധസെഞ്ചുറി നഷ്ടമായതിന്റെ വിഷമത്തിലായിരുന്നു സഞ്ജുവിന്റെ പുറത്താകൽ.

ധവാന്റെ ആറാട്ടിൽ രാജസ്ഥാൻ ഔട്ട്!

രാജസ്ഥാൻ ടീമിലെ താരങ്ങളെല്ലാം കൂടി പൊരുതിനേടിയ സ്കോർ ഹൈദരാബാദ് ഓപ്പണർ ശിഖർ ധവാനു മുന്നിൽ ഒന്നുമല്ലെന്ന് അധികം വൈകാതെ തെളിഞ്ഞു. സ്കോർ ബോർഡിൽ റൺസ് ചേർക്കും മുൻപേ ധവാനെ പിടികൂടാൻ കിട്ടിയ അവസരം കളഞ്ഞുകുളിച്ച രാജസ്ഥാൻ നായകൻ അജിങ്ക്യ രഹാനെയുടെ പിഴവും നിർണായകമായി.

പിന്നീടു തിരിഞ്ഞുനോക്കിയതേയില്ല ധവാൻ. ഓപ്പണിങ് പങ്കാളി വൃദ്ധിമാൻ സാഹ തുടക്കത്തിലേ പുറത്തായെങ്കിലും ഉറച്ച പിന്തുണയുമായി ക്യാപ്റ്റൻ കെയ്ൻ വില്യംസൻ എത്തിയതോടെ ധവാൻ സാക്ഷാൽ ധവാനായി. കോടിക്കിലുക്കവുമായെത്തിയ രാജസ്ഥാന്റെ ജയ്ദേവ് ഉനദ്ഘട്, ധവാൽ കുൽക്കർണി, ബെൻ ലാഫ്‌ലിൻ എന്നിവരെയെല്ലാം അടിച്ചൊതുക്കിയ ധവാൻ രാജകീയമായിത്തന്നെ സൺറൈസേഴ്സിനെ വിജയത്തിലെത്തിച്ചു.

57 പന്തിൽ 13 ബൗണ്ടറികളും ഒരു സിക്സും  ഉൾപ്പെടുന്നതായിരുന്നു ധവാന്റെ ഇന്നിങ്സ്. ഐപിഎല്ലിൽ ധവാന്റെ 29–ാം അർധസെഞ്ചുറി കൂടിയാണിത്. വില്യംസൻ 36 പന്തിൽ 36 റൺസുമായി വിജയത്തിലേക്കു ധവാനു തുണനിന്നു.