വിനയ്കുമാറിന്റെ ചോരയ്ക്കായി മുറവിളി; ‘കുട്ടിത്താരങ്ങൾ’ എവിടെയെന്ന് ആരാധകർ

ചെന്നൈ–കൊൽക്കത്ത മൽസരശേഷം ട്വിറ്ററിൽ പ്രചരിച്ച ട്രോളുകളിൽ ഒന്ന്.

അവസാന ഓവറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയിക്കാന്‍ വേണ്ടത് 17 റണ്‍സ്. ആദ്യ പന്തില്‍ തന്നെ ഫുള്‍ടോസ് നോബോളിലൂടെ സിക്‌സര്‍. തീര്‍ന്നില്ല, പിന്നാലെ ഒരു വൈഡും അവസാനം ജയം വിട്ടു നല്‍കിയ ഒരു സിക്‌സറും. എന്തു ചെയ്യണം ഈ ബോളറെ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആരാധകര്‍ ചോദിക്കുന്നത് ഇതാണ്.

ചെന്നൈയുടെ മഞ്ഞപ്പട ഇരമ്പിയാര്‍ത്ത ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വിനയ് കുമാര്‍ അവസാന ഓവര്‍ എറിയാനെത്തും വരെ കളി എങ്ങോട്ടും തിരിയാമെന്ന ഘട്ടത്തിലായിരുന്നു. ആദ്യ പന്തിലെ നോബോള്‍ സിക്‌സിലൂടെ തന്നെ കളി ചെന്നൈക്ക് അനുകൂലമാകുകയായിരുന്നു. കളിയില്‍ ആകെ രണ്ടോവറേ വിനയ് എറിഞ്ഞിട്ടുള്ളൂ. ഒന്നാം ഓവറും ഇരുപതാം ഓവറും. ആദ്യ ഓവറില്‍ 16 റണ്‍സ് വഴങ്ങിയ ബോളറെ വീണ്ടും ധൈര്യത്തോടെ ബോള്‍ ഏല്‍പിക്കുകയായിരുന്നു ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്. ആ തീരുമാനം രണ്ടാം കളിയിലും പാളി. 19 റണ്‍സാണ് വിട്ടുനല്‍കിയത്.

കാഴ്ചയില്‍ തന്നെ ഒട്ടും ആത്മവിശ്വാസം തോന്നിക്കാതെയാണ് വിനയ് എറിഞ്ഞു തുടങ്ങിയത്. ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ ഇന്ത്യന്‍ ബോളര്‍ക്ക് ആദ്യ മല്‍സരത്തിലും ഇതേ ഗതിയായിരുന്നു. ആദ്യ ഓവര്‍ എറിഞ്ഞു. പിന്നെ ബോള്‍ കൈയില്‍ കിട്ടിയത് ഇരുപതാം ഓവറില്‍. 30 റണ്‍സിന് രണ്ടു വിക്കറ്റായിരുന്നു നേട്ടം. ഒരു കോടി രൂപ കൊടുത്ത് കൊല്‍ക്കത്ത വാങ്ങിയ വിനയ്കുമാറിന്റെ രണ്ടു കളിയിലെ സമ്പാദ്യം 3.5 ഓവറില്‍ 65 റണ്‍സിന് രണ്ട് വിക്കറ്റ്!

മികച്ച രഞ്ജി സീസണിന്റെ പിന്‍ബലവുമായാണ് കര്‍ണാടക ക്യാപ്റ്റന്‍ വിനയ് കുമാര്‍ കൊല്‍ക്കത്ത ജഴ്‌സിയിലെത്തിയത്. ഹാട്രിക് അടക്കം ഒട്ടേറെ ബോളിങ് റെക്കോര്‍ഡുകള്‍ കഴിഞ്ഞ സീസണില്‍ ഈ മുപ്പത്തിനാലുകാരന്റെ പേരില്‍ കുറിക്കപ്പെട്ടു. തോല്‍വിയുടെ ഭാരം മുഴുവന്‍ ആരാധകര്‍ വിനയ് യുടെ മേല്‍ ചാരുകയാണ്. അണ്ടര്‍ 19 ലോകകപ്പിലെ താരങ്ങളായ കമലേഷ് നാഗര്‍കോട്ടിയെയും ശിവം മാവിയെയും ഇറക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. 145 കിലോ മീറ്റര്‍ വേഗത്തില്‍ എറിയുന്ന ഇരുവരും അവസരം കാത്തിരിപ്പാണ്. രണ്ടു പേര്‍ക്കും ട്വന്റി 20 കളിച്ച പരിചയമില്ലെന്നതു ഐപിഎല്‍ പോലുള്ള സമ്മര്‍ദ മല്‍സരങ്ങളില്‍ പ്രകടനത്തെ ബാധിക്കാനിടയുണ്ട്. പതറിപ്പോയാല്‍ അത് ഇരുവരുടെയും മുന്നോട്ടുള്ള കരിയറിനെവരെ കരിച്ചു കളയും. എങ്കിലും വിനയ് കുമാറിനെ അധിക മല്‍സരങ്ങളില്‍ പുറത്തിരുത്താനുള്ള ശേഷി കൊല്‍ക്കത്തയ്ക്കില്ല. വേറൊരൊറ്റ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ പേസറും ടീമിലില്ലെന്നതു തന്നെ കാരണം.

ബേസില്‍ തമ്പി, സന്ദീപ് ശര്‍മ, ടി.നടരാജന്‍ തുടങ്ങിയ മികച്ച കളിക്കാര്‍ കിടിലന്‍ പേസ് ബാറ്ററിയുള്ള സണ്‍റൈസേഴ്‌സ് ഇലവനില്‍ സ്ഥാനം ലഭിക്കാതെ വിശ്രമിക്കുമ്പോഴാണ് കൊല്‍ക്കത്ത ആളില്ലാതെ കുഴയുന്നത്. 26 കളിക്കാരെവരെ ടീമില്‍ എടുക്കാമെന്നിരിക്കെ നൈറ്റ് റൈഡേഴ്‌സ് എടുത്തത് 19 പേരെ മാത്രമാണ്. ബാറ്റിങ്ങിനു കരുത്തുകൂട്ടിയപ്പോള്‍ വന്ന ഈ വീഴ്ചയ്ക്ക് ടീം വലിയ വില തന്നെ നല്‍കേണ്ടിവരും.