ഒടുവിലിതാ, മുംബൈ ഇന്ത്യൻസ് ജയിച്ചു തുടങ്ങുന്നു. തുടർച്ചയായ മൂന്നു തോൽവികളുടെ കയ്പുനീർ സമ്മാനിച്ച അനുഭവങ്ങളിൽനിന്ന് പാഠം പഠിച്ച മുംബൈ വാംഖഡെയിൽ ഒടുവിൽ വിജയവഴി കണ്ടെത്തിയിരിക്കുന്നു. അതും ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്‍ലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തികച്ചും ‘റോയലാ’യുള്ള ജയത്തിലൂടെ. കഴിഞ്ഞ മൂന്നു മൽസരങ്ങളിലും കപ്പിനും ചുണ്ടിനുമിടയിൽ വഴുതിപ്പോയ വിജയമാണ് നാലാം മൽസരത്തിൽ മുംബൈ കൈനീട്ടി പിടിച്ചെടുത്തത്.
ജയം നേടിയെന്നതിനും അപ്പുറം, ക്യാപ്റ്റൻ രോഹിത് ശർമ ഫോം വീണ്ടെടുത്തതാകും മുംബൈ ടീം മാനേജ്മെന്റിനെയും ആരാധകരെയും കൂടുതൽ ആശ്വസിപ്പിക്കുക. ബാറ്റിങ്ങിനു പുറമെ ബോളിങ്ങിലും റോയൽ ചാലഞ്ചേഴ്സിനുമേൽ ആധിപത്യം നേടാൻ മുംബൈയ്ക്കു സാധിച്ചതോടെ ആദ്യ ജയവും അനായാസം കൂടെ പോന്നു. തുടർച്ചയായ രണ്ടാം മൽസരത്തിലാണ് ടോസ് നേടിയിട്ടും റോയൽ ചാലഞ്ചേഴ്സ് തോൽവി വഴങ്ങുന്നത്.
ഹിറ്റ്മാൻ റിട്ടേൺസ്!
മൂന്നു വട്ടം ഐപിഎൽ ചാംപ്യൻ പട്ടം നേടിയ ടീമാണ് മുംബൈ. പറഞ്ഞിട്ടെന്താ, വിജയത്തിന്റെ കാര്യത്തിൽ പഴയ പ്രതാപത്തിന്റെ ഏഴയലത്തു വരില്ല 11–ാം സീസണിലെ പ്രകടനം. ആരെയും തോൽപ്പിക്കുന്ന ടീമെന്ന ഖ്യാതിയിൽനിന്ന് ആർക്കും തോൽപ്പിക്കാൻ സാധിക്കുന്ന ടീമായി മാറിയിരിക്കുന്നു അവർ. ആ പേരുദോഷത്തിൽനിന്ന് തിരികെയെത്താൻ ശ്രമിക്കുന്ന മുംബൈ ഇന്ത്യൻസിന് ആശ്വസിക്കാവുന്ന പ്രകടനമാണു റോയൽ ചാലഞ്ചേഴ്സിനെതിരെ ബാറ്റിങ്ങിൽ കണ്ടത്.
സീസണിലാദ്യമായി ക്യാപ്റ്റൻ രോഹിത് ശര്‍മ അർധസെഞ്ചുറി നേടി. സീസണിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടത്തിന് ആറു റൺസ് അകലെ പുറത്തായെങ്കിലും, ഇന്ത്യൻ ടീമിന്റെ ഹിറ്റ്മാൻ ഐപിഎല്ലിന്റെയും ഹിറ്റ്മാനാകുന്നതിന് വാംഖഡെ സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചു. ഐപിഎല്ലിലെ ആദ്യ മൽസരങ്ങളിൽ മുംബൈ ക്യാപ്റ്റന്റെ പ്രകടനങ്ങൾ നോക്കുക:
∙ചെന്നൈ സൂപ്പർ കിങ്സിനെതിരെ 18 പന്തില്‍ 15
∙സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 10 പന്തിൽ 11
∙ഡൽഹി ഡെയര്‍ ഡെവിൾസിനെതിരെ 15 പന്തിൽ 18
ബാറ്റിങ്ങിന്റെ കാര്യത്തില്‍ രോഹിത് തീർത്തും നിരാശപ്പെടുത്തിയപ്പോൾ, മുംബൈ ആദ്യ മൂന്നു മൽസരങ്ങളും തോറ്റു. ഒടുവിൽ രോഹിത് തിളങ്ങിയപ്പോൾ 46 റൺസിന്റെ മിന്നുന്ന ജയവും. പത്തു ബൗണ്ടറികളും അഞ്ചു സിക്സറുകളുമാണ് ബാംഗ്ലൂരിനെതിരെ രോഹിതിന്റെ ബാറ്റിൽനിന്ന് പിറന്നത്. ഒടുവിൽ ഈ ഐപിഎൽ സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായാണ് രോഹിത് മൈതാനം വിട്ടത്. രോഹിതിനു മുന്നിൽ രണ്ടാമനായത് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണും. ഇതേ എതിരാളികൾക്കെതിരെ സഞ്ജു പുറത്താകാതെ നേടിയ 92 റൺസിന്റെ റെക്കോർഡാണ് രോഹിതിനു മുന്നിൽ വഴിമാറിയത്.
അനായാസം സെഞ്ചുറിയിലേക്കു നീങ്ങിയ രോഹിത് ഒടുവിൽ 94 റൺസെടുത്തു പുറത്താവുകയായിരുന്നു. 52 പന്തിലാണ് രോഹിത് 94 റണ്‍സെടുത്തത്. കോറി ആൻഡേഴ്സനെറിഞ്ഞ 20–ാം ഓവറിലെ അഞ്ചാം പന്തിൽ ക്രിസ് വോക്സിനു ക്യാച്ച് നൽകിയായിരുന്നു രോഹിതിന്റെ മടക്കം.
രണ്ടിന് പൂജ്യം, എന്നിട്ടും ടീം ടോട്ടൽ 200!
ഈ സീസണിലെ ഏറ്റവും മോശം തുടക്കമാണ് റോയൽ ചാലഞ്ചേഴ്സിനെതിരെ മുംബൈയ്ക്ക് ലഭിച്ചത്. ഇന്നിങ്സിന്റെ ആദ്യ പന്തിൽ സൂര്യകുമാർ യാദവ് ഉമേഷ് യാദവിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങി. തൊട്ടടുത്ത പന്തിൽ ഇഷാൻ കിഷനും സൂര്യകുമാറിനെ അനുഗമിച്ചതോടെ മുംബൈ പതറിയതാണ്. അവിടെ നിന്നായിരുന്നു മുംബൈയുടെ തിരിച്ചടിയുടെ തുടക്കം. മൂന്നാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച ലൂയിസും രോഹിതും ചേർന്ന് മുംബൈയെ രക്ഷപ്പെടുത്തുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 108 റൺസാണ് മൽസരഫലത്തിൽ നിർണായകമായതെന്ന് നൂറുവട്ടം.
മുംബൈയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത വിൻഡീസ് താരം എവിൻ ലൂയിസും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രോഹിതിനു സമാനമായി ലൂയിസും അർധസെഞ്ചുറി നേടിയപ്പോള്‍ മുംബൈ സ്കോര്‍ 200 കടന്നു. ഇരുവരും ചേർന്നു പറത്തിയ കൂറ്റൻ ബൗണ്ടറികൾക്കു മുൻപിൽ നിരാശയോടെ നോക്കി നിൽക്കാനെ വിരാട് കോഹ്‍ലിക്കും സംഘത്തിനും സാധിച്ചുള്ളു. ലൂയിസ് അഞ്ചു സിക്സുകൾ പായിച്ചു. ആറു ബൗണ്ടറികളും ആ ബാറ്റിൽനിന്നു പിറന്നു. ലൂയിസ് 42 പന്തിൽ 65 റൺസെടുത്താണു പുറത്തായത്. അഞ്ചു പന്തുകളിൽനിന്നും 17 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുടെ പ്രകടനവും കാണാതിരിക്കാനാകില്ല.
കോഹ്‍ലി, കോഹ്‍ലി മാത്രം; ഇതെന്ത് ബാംഗ്ലൂർ?
രണ്ടോ മൂന്നോ താരങ്ങൾ ഭേദപ്പെട്ട രീതിയിൽ (എന്നു പറഞ്ഞാൽ 30നു മുകളിൽ) സ്കോർ ചെയ്തു കളി മുന്നോട്ടു കൊണ്ടുപോകുന്ന ബാംഗ്ലൂരിനെയാണു ആദ്യ മൂന്നു മൽസരങ്ങളിൽ കണ്ടതെങ്കിൽ അതിൽ നിന്നും വിഭിന്നമായി കോഹ്‍ലിയിലേക്കു മാത്രമായി ഒതുങ്ങുന്ന ബാംഗ്ലൂരിനെയാണ് മുംബൈയിൽ കണ്ടത്.
ക്വിന്റൺ ഡികോക്ക് (19), എബി ഡിവില്ലിയേഴ്സ്( ഒന്ന്), മന്‍ദീപ് സിങ് (16), കോറി ആൻഡേഴ്സൺ (പൂജ്യം), വാഷിങ്ടൻ സുന്ദർ (ഏഴ്), സർഫറാസ് ഖാൻ (അഞ്ച്) എന്നിങ്ങനെ പോകുന്നു ബാംഗ്ലൂർ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ.
ക്വിന്റണ്‍ ഡികോക്ക്, എബി, മൻദീപ് സിങ് തുടങിയവരെല്ലാം മുംബൈയ്ക്കെതിരെ തീർത്തും നിറം മങ്ങി. മക്കല്ലത്തിനു പകരം ടീമിലെത്തിയ കോറി ആൻഡേഴ്സനും പ്രതീക്ഷ കാക്കാനായില്ല. മുംബൈയുടെ വന്‍സ്കോറിന്റെ അമരത്ത് രോഹിത് ശർമയായിരുന്നെങ്കിലും ഉറച്ച പിന്തുണയുമായി എവിൻ ലൂയിസുമുണ്ടായിരുന്നു. ബാംഗ്ലൂർ നിരയിൽ പക്ഷേ, കോഹ്‍ലിക്കു കൂട്ടായി ചൊവ്വാഴ്ച ആരുമുണ്ടായിരുന്നില്ല. എല്ലാവരും വന്നു, പോയി. അത്ര തന്നെ!
ടീം തോറ്റെങ്കിലും കോഹ്‍ലി നടത്തിയ ഒറ്റയാൾ പോരാട്ടത്തെ വിലകുറച്ചു കാണാനാകില്ല. 62 പന്തിൽ നേടിയ 92 റൺസ് വിരാട് കോഹ്‍ലിയെ ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപിനും അവകാശിയാക്കി. രണ്ട് അർധസെഞ്ചുറികളുൾപ്പെടെ 201 റൺസാണു കോഹ്‍ലിക്ക് ഇപ്പോഴുള്ളത്. മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണെ പിന്തള്ളിയാണ് കോഹ്‍ലി പട്ടികയിൽ ഒന്നാമതെത്തിയത്. സഞ്ജു മൂന്നു മൽസരങ്ങളിൽനിന്ന് 178 റൺസെടുത്തപ്പോൾ നാലു മൽസരങ്ങളിൽനിന്നാണ് കോഹ്‍ലി 201 റൺസിലെത്തിയത്.
മുംബൈയ്ക്കെതിരെ ഏഴു ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു കോഹ്‍ലിയുടെ ഇന്നിങ്സ്. രണ്ടാം ജയം കൊതിച്ചിറങ്ങിയ ബാംഗ്ലൂരിനു മുംബൈയിൽ നിന്ന് മൂന്നാം തോൽവിയുമായി മടങ്ങാനായിരുന്നു വിധി.
‘ക്രൂരൻ’ ക്രുനാൽ, തല്ലുകൊള്ളിയായി മുസ്തഫിസുർ
വാംഖഡെയിലെ പോരിൽ ബാംഗ്ലൂരിനെതിരെ ബോളിങ്ങിലും മേധാവിത്വം നേടാൻ മുംബൈയ്ക്കു കഴിഞ്ഞു. മൂന്നു വിക്കറ്റു വീഴ്ത്തി ക്രുനാൽ പാണ്ഡ്യ തിളങ്ങി. രണ്ടു വിക്കറ്റു വീതം നേടി ജസ്പ്രീത് ബുംമ്രയും മിച്ചല്‍ മക്‌ലീനാഗനും ബാംഗ്ലൂരിനെ ഒതുക്കി. നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങിയ മായങ്ക് മാർക്കണ്ഡെ ഒരു വിക്കറ്റും നേടി.
അതേസമയം, നാലോവറിൽ 55 റൺസ് വിട്ടുകൊടുത്ത ബംഗ്ലദേശി ബോളർ മുസ്തഫിസുർ റഹ്മാൻ മുംബൈ നിരയിലെ 'തല്ലുകൊള്ളി' ബോളറായി. ഈ സീസണിൽ ഇതുവരെ ഒരു മുംബൈ ബോളർ വിട്ടുകൊടുക്കുന്ന ഏറ്റവും ഉയര്‍ന്ന റൺസാണ് ഇന്നലെ മുസ്തഫിസുറിന്റെ പന്തുകളിൽ ബാംഗ്ലൂർ താരങ്ങൾ അടിച്ചെടുത്തത്.