Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷ്ണപ്പാ നീ പൊന്നപ്പനല്ല, തങ്കപ്പനാ...

rajastan-winners രാജസ്ഥാൻ താരങ്ങളായ സഞ്ജു വി. സാംസൺ, കൃഷ്ണപ്പ ഗൗതം, ജെഫ്ര ആർച്ചർ എന്നിവർ ക്യാപ്റ്റൻ രഹാനെയ്ക്കൊപ്പം.ചിത്രം: ഐപിഎൽ ട്വിറ്റർ

തുടർച്ചയായ രണ്ടു തോല്‍വികള്‍ക്കുശേഷം ഐപിഎല്ലിൽ രാജസ്ഥാന്റെ റോയൽ റീ എൻട്രി. കൊൽക്കത്തയോടും ചെന്നൈയോടും തോറ്റ രാജസ്ഥാൻ മുംബൈ ഇന്ത്യൻസിനെ മൂന്നു വിക്കറ്റിനാണു തോൽപ്പിച്ചത്. മലയാളികൾക്കു മധുരമായി സഞ്ജു വി.സാംസണ്‍ ടൂർണമെന്റിലെ രണ്ടാം അർധസെഞ്ചുറിയും സ്വന്തമാക്കി. ഒപ്പം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ പിന്നിലാക്കി ഓറഞ്ച് ക്യാപ് മൽസരത്തിലും സഞ്ജു വീണ്ടും ഒന്നാമതെത്തി. തോറ്റു എന്നു കരുതിയിടത്തുനിന്നും കൃഷ്ണപ്പ ഗൗതം എന്ന താരത്തിന്റെ പ്രതിഭ കൂടി ഫലം കണ്ടതോടെ മുംബൈ ഉയർത്തിയ വിജയലക്ഷ്യം രണ്ടു പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ മറികടക്കുകയായിരുന്നു.

നിലമൊരുക്കി സഞ്ജു; കളി ജയിച്ച് കൃഷ്ണപ്പ ഗൗതം

മുംബൈയ്ക്കെതിരെ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ റോയൽസിനു വേണ്ടി നിലമൊരുക്കുകയെന്ന പണിയായിരുന്നു സഞ്ജുവിന്. കഴിഞ്ഞ മൽസരത്തിൽ തിളങ്ങാനാകാത്തതിന്റെ സങ്കടവും സഞ്ജു ഞായറാഴ്ച നികത്തി. 39 പന്തുകളിൽ 52 റൺസെടുത്തു സീസണിലെ താരത്തിന്റെ രണ്ടാം അര്‍ധസെഞ്ചുറി ജയ്പൂരിൽ പിറന്നു. വിദേശതാരം ബെൻസ്റ്റോക്സും സഞ്ജുവും ചേർന്നു രാജസ്ഥാനെ സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചശേഷമാണു പുറത്തായത്.

sanju-batting1 അർധസെഞ്ചുറി നേടിയ സഞ്ജു വി.സാംസണ്‍.ചിത്രം: ഐപിഎൽ ട്വിറ്റർ

ബെൻസ്റ്റോക്സ് 27 പന്തിൽനിന്ന് 40 റണ്‍സ് നേടി. ജോസ് ബട്‍ലർ, ക്ലാസൻ, ജെഫ്രാ ആർച്ചർ എന്നിവരെ പുറത്താക്കി മുംബൈ ഒരു സമയത്തു മൽസരത്തിൽ തിരിച്ചെത്തിയിരുന്നു. തുടർന്നാണു കൃഷ്ണപ്പ ഗൗതമെന്ന കർണാടക താരത്തിലെ ഫിനിഷർ പുറത്തുവന്നത്. 11 പന്തുകളിൽ 33 റൺസെടുത്ത കൃഷ്ണപ്പ ഗൗതമാണു മൽസരത്തിലെ വിജയശിൽപി.

17–ാം ഓവർ അവസാനിക്കുമ്പോൾ ജയിക്കാൻ 18 പന്തിൽ 43 റൺസ് വേണമെന്ന നിലയിലായിരുന്നു രാജസ്ഥാന്‍. 18, 19, 20 ഓവറുകളിൽ കൃഷ്ണപ്പ ഗൗതം പത്തു വീതം റണ്‍സ് അടിച്ചു നേടി. പാണ്ഡ്യയെറിഞ്ഞ 20–ാം ഓവറിലെ നാലാം പന്ത് സിക്സർ പറത്തി ഫിനിഷിങ്ങിലെ തന്റെ മികവു കൂടിക്കാട്ടിക്കൊടുത്ത ശേഷമാണ് താരം ഗ്രൗണ്ട് വിട്ടത്.

ക്യാപ്റ്റൻ അജിൻക്യ രഹാനെ (17 പന്തിൽ 14), രാഹുൽ ത്രിപതി (എട്ട് പന്തിൽ ഒൻപത്), ജോസ് ബട്‍ലർ‌ (എട്ടു പന്തിൽ ആറ്), ഹെൻറിച്ച് ക്ലാസൻ (പൂജ്യം), ജെഫ്രാ ആർച്ചർ (ഒൻപതു പന്തിൽ എട്ട്) എന്നിങ്ങനെയാണു മറ്റു രാജസ്ഥാൻ താരങ്ങളുടെ സ്കോറുകൾ. ജയ്ദേവ് ഉനദ്ഘട്ട് റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. മുംബൈയ്ക്കു വേണ്ടി ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംമ്ര എന്നിവർ രണ്ടു വിക്കറ്റും മുസ്തഫിസുർ, ക്രുനാൽ പാണ്ഡ്യ, മിച്ചൽ മക്‌ലനാഗൻ എന്നിവർ ഓരോ വിക്കറ്റും വീതം നേടി.

സൂര്യകുമാർ, ഇഷൻ കിഷൻ തിളങ്ങി; മുംബൈയെ എറിഞ്ഞിട്ട് ആർച്ചർ

ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തിരുന്നു. യുവതാരങ്ങളായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരുടെ അർധ സെഞ്ചുറി പ്രകടനങ്ങളാണു മുംബൈയ്ക്കു തുണയായത്. സൂര്യ കുമാർ യാദവ് 47 പന്തുകളിൽ 72 റണ്‍സ് നേടിയപ്പോൾ ഇഷാൻ കിഷൻ 42 പന്തില്‍ 58 റണ്‍സെടുത്തു.

mumbai-batting

21 റണ്‍സെടുത്ത കീറൺ‌ പൊള്ളാർഡൊഴികെ മറ്റാർക്കും മുംബൈ നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ ഒരു റൺസ് പോലുമെടുക്കാതെ റണ്ണൗട്ടായി. എവിൻ ലൂയിസ് (പൂജ്യം), ക്രുനാൽ പാണ്ഡ്യ (ആറു പന്തിൽ ഏഴ്), ഹാർദിക് പാണ്ഡ്യ (രണ്ടു പന്തിൽ നാല്), മിച്ചൽ മക്‌ലനാഗൻ (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ മുംബൈ താരങ്ങളുടെ സ്കോറുകൾ.

ഐപിഎല്ലിലെ ആദ്യ മൽസരം കളിക്കാനിറങ്ങുന്ന വെസ്റ്റിൻഡീസ് താരം ജെഫ്രാ ആർച്ചറിന്റെ ബോളിങ്ങും മുംബൈയെ പ്രതിരോധത്തിലാക്കി. നാലോവറിൽ ആർച്ചർ 22 റൺസ് മാത്രമാണു വിട്ടുകൊടുത്തത്. 19–ാം ഓവറിൽ ക്രുനാൽ പാണ്ഡ്യ, മക്‌ലനാഗൻ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകള്‍‌ വീഴ്ത്തി മുംബൈയെ സമ്മർദ്ദത്തിലാക്കാനും ഈ ഇരുപത്തിമൂന്നുകാരനു സാധിച്ചു. മൽസരത്തിലെ മാൻ ഓഫ് ദി മാച്ചും ആര്‍ച്ചർ തന്നെ. അവസാന ഓവറുകളില്‍ രാജസ്ഥാൻ ബോളർമാർ റൺസ് വഴങ്ങുന്നതിലും പിശുക്കു കാണിച്ചതോടെ മുംബൈ സ്കോർ 167ൽ ഒതുങ്ങുകയായിരുന്നു. രാജസ്ഥാനു വേണ്ടി ധവൽ കുൽക്കർണി രണ്ടു വിക്കറ്റും ജയ്ദേവ് ഉനദ്ഘട്ട് ഒരു വിക്കറ്റും വീഴ്ത്തി.

മൂന്നാം ജയം സ്വന്തമാക്കിയെങ്കിലും പോയിന്റു പട്ടികയിൽ ഇപ്പോഴും അഞ്ചാം സ്ഥാനത്താണു രാജസ്ഥാൻ. മുംബൈ ഏഴാമതും നില്‍ക്കുന്നു.