Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളുകൂടിയാല്‍ കളി ജയിക്കില്ല; മുംബൈയോട് ആരാധകർ

സന്ദീപ് ചന്ദ്രൻ
Mumbai-Indians-Team മുംബൈ ഇന്ത്യൻസ് ടീം (ട്വിറ്റർ ചിത്രം)

ഷോപ്പിങ്ങിനിറങ്ങിയിട്ട് ഒരേ ആവശ്യത്തിനുള്ള ഒരുപാടു സാധനങ്ങള്‍ വാങ്ങി. ഓരോന്നും ഓരോ ദിവസവും മാറിമാറി ഉപയോഗിച്ചു നോക്കുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്ലിലെ ടീം കോംപിനേഷനെ ഇങ്ങനെ ചുരുക്കിപ്പറയാം. ബാറ്റിങ്ങിലാണെങ്കില്‍ ഒരുപാട് പേരുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ നിര വേറെ. ബോളിങ്ങിലും ആളുകൂടുതല്‍. ഇതൊക്കെയുണ്ടായിട്ടും ടീം പ്ലേ ഓഫിലേക്കു കടക്കാന്‍ ഏന്തിവലിയുകയാണ്.

12 കളി കഴിഞ്ഞിട്ടും ശരിയായ ടീം കോംപിനേഷന്‍ കണ്ടെത്താനാകാത്തതാണ് രോഹിത്തിനും സംഘത്തിനും വിനയാകുന്നത്. ക്യാപ്റ്റൻ കെയ്ൻ വില്യംസന്‍ ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാരില്‍നിന്നു കാര്യമായ സംഭാവനകളൊന്നുമില്ലാതിരുന്നിട്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജയിച്ചു കയറുന്നതിനു പിന്നിലെ രഹസ്യവും ഇതുതന്നെ. അവര്‍ ആദ്യ മല്‍സരങ്ങളില്‍നിന്നുതന്നെ തങ്ങളുടെ ടീമിനെ കണ്ടെത്തി. കൂടുതല്‍ പരീക്ഷണമില്ലാതെ ഒരു യൂണിറ്റായി കളിച്ചു.

ആദ്യ മല്‍സരങ്ങളിലേറ്റ തോല്‍വിയാണ് രോഹിത് ശര്‍മയെ പരീക്ഷണങ്ങളിലേക്ക് നയിച്ചത്. യാതൊരു ലോജിക്കുമില്ലാതെയാണ് ടീം തിരഞ്ഞെടുപ്പ് എന്നു പറയേണ്ടി വരും. നല്ലൊരു ട്വന്റി20 ബാറ്റ്‌സ്മാനും ബോളറുമായ ഡുമിനിയെ ടീമില്‍ എടുക്കുന്നത് എന്തിനെന്നു പോലും മുംബൈക്ക് നിശ്ചയമില്ല. മധ്യനിരയുടെ കരുത്തായ ഡുമിനിക്ക് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനം എട്ട്! ബാറ്റിങ്ങില്‍ കാര്യമായ അവസരം കിട്ടാത്ത ഡുമിനിക്ക് ബോളും കൊടുക്കുന്നില്ല. ഒരു വിദേശ കളിക്കാരനെയാണ് ഇങ്ങനെ പാഴാക്കുന്നതെന്ന് ഓര്‍ക്കണം.

ആദ്യ മല്‍സരങ്ങളില്‍ മികച്ച ഡെത്ത് ബോളിങ് കാഴ്ചവച്ച ബംഗ്ലദേശിന്റെ ഹീറോ മുസ്തഫിസുര്‍ റഹ്മാനെ പുറത്തിരുത്തിയാണ് രോഹിന്റെയും ജയവര്‍ധനെയുടെയും ഈ അഭ്യാസം. ആറു മല്‍സരങ്ങളില്‍നിന്ന് ഏഴു വിക്കറ്റ് നേടി ഫിസ്. സണ്‍റൈസേഴ്‌സിന് എതിരായ മല്‍സരത്തില്‍ പത്തൊന്‍പതാം ഓവറിലെ മികച്ച ബോളിങ്ങിലൂടെ കളി മുംബൈക്ക് അനുകൂലമാക്കിയത് മുസ്തഫിസുര്‍ ആണ്. എന്നിട്ടും മിക്ക മൽസരങ്ങളിലും മുസ്തഫിസുറിനെ പുറത്തിരുത്തി പകരമിറക്കുന്നത് ഫീല്‍ഡു ചെയ്യാന്‍ മാത്രം ഉപയോഗിക്കുന്ന ഡുമിനിയെയും റണ്‍സ് വഴങ്ങുന്നതില്‍ മിടുക്കന്‍മാരായ മക്‌ലീനാകനെയും ബെന്‍ കട്ടിങ്ങിനെയുമാണ്. ജസ്പ്രീത് ബുംമ്ര മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് മറ്റേയറ്റത്ത് റണ്‍സ് ചോര്‍ന്നു പോകുന്നതും മുംബൈ ഡെത്ത് ഓവറുകളില്‍ ‘ഡെത്ത്’ ചോദിച്ചു വാങ്ങുന്നതും.

മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആധിക്യമുള്ള ടീമില്‍ വിദേശ കളിക്കാരെ ബോളിങ് വിഭാഗത്തില്‍ മാത്രം ഉപയോഗിച്ചാല്‍ എത്രയോ ഭേദമാകുമായിരുന്നു സ്ഥിതിയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. എവിന്‍ ലൂയിസ് ഓപ്പണര്‍ സ്ഥാനത്ത് കളിക്കട്ടെ. ബാക്കി ബാറ്റ്‌സ്മാന്‍മാരെല്ലാം ഇന്ത്യക്കാർ മതിയല്ലോ.

സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ... ഇത്രയും പേര്‍ കളിക്കുമ്പോഴേക്കും ഓവറുകള്‍ തീരാനാകും. ഹാര്‍ദിക്കും ക്രുനാലും എല്ലാ കളിയിലും എറിയുന്നുമുണ്ട്. മുസ്തഫിസുര്‍, മക്‌ലിനാകന്‍, മില്‍നെ എന്നീ മുന്‍നിര ബോളര്‍മാരെ ഒരുമിച്ചു കളിപ്പിക്കാനുള്ള ത്രാണിയുണ്ട് മുംബൈക്ക്. അവസാന മല്‍സരങ്ങളിലെങ്കിലും മികച്ച മുംബൈ നിരയെ ഗ്രൗണ്ടില്‍ കാണുമെന്നു പ്രതീക്ഷിക്കാം.