Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎല്ലിൽ തൃശൂർപൂരം

ben-stokes എത്തിപ്പിടിക്കുന്ന ലക്ഷ്യം: മുംബൈ ഇന്ത്യൻസിനെതിരെ റണ്ണൗട്ടിൽ നിന്നു ഡൈവിങ്ങിലൂടെ രക്ഷപ്പെടുന്ന രാജസ്ഥാൻ റോയൽസ് ബാറ്റ്സ്മാൻ ബെൻസ്റ്റോക്സ്.

വെറും നാലു മണിക്കൂർ, 240 പന്തുകൾ! അവസാന പന്ത് വരെ ആവേശം. ബാംഗ്ലൂർ താരം എബി ഡിവില്ലിയേഴ്സ് മുതൽ സാധാരണ ക്രിക്കറ്റ് പ്രേമികൾവരെ പറഞ്ഞുകഴിഞ്ഞു; ഈ ഐപിഎൽ ലേശം കടുപ്പമാണ്! ഇന്നലെ പഞ്ചാബിനെതിരെ അവസാന പന്തിൽ ഡൽഹിക്കു വേണ്ടിയിരുന്നത് അഞ്ചു റൺസ്. ശ്രേയസ് അയ്യർ ആഞ്ഞടിച്ചെങ്കിലും ബൗണ്ടറി ലൈനിൽ ക്യാച്ചിലൊതുങ്ങി. ഇതുൾപ്പെടെ ക്രിക്ക റ്റിന്റെ വെടിക്കെട്ടുൽസവം 2018 സീസണിൽ ഇതിനകം ആരാധകർക്കു സമ്മാനിച്ചത് അനേകം ത്രില്ലർ കളികൾ. ഉദ്ഘാടന മൽസരത്തിൽ മുംബൈയ്ക്കെതിരെ ചെന്നൈയുടെ ഡ്വെയ്ൻ ബ്രാവോ തിരികൊളുത്തിയ വെടിക്കെട്ട് വിഷുദിനത്തിൽ ഏറ്റെടുത്തു ബാറ്റിങ് പൂരമാക്കി മാറ്റിയതു മലയാളി താരം സഞ്ജു വി. സാംസൺ.  ഈ പോക്ക് പോയാൽ ഇനി വരാനിരിക്കുന്നതു ക്രിക്കറ്റിന്റെ തൃശൂർ പൂരം!

തിരികൊളുത്തി ബ്രാവോ

30 പന്തിൽ 68 റൺസുമായി വെസ്റ്റ് ഇൻഡീസുകാരൻ ഡ്വെയ്ൻ ബ്രാവോയാണ് ഈ സീസൺ ഐപിഎല്ലിലെ ആദ്യ ത്രില്ലർ പോരാട്ടത്തിൽ നായകനായത്. 11–ാം സീസൺ ഉദ്ഘാടനക്കളിയിൽ, മുംബൈ നേടിയതു 166 റൺസ്. മറുപടി ബാറ്റിങ്ങിൽ എട്ടിനു 118 എന്ന നിലയിൽ തോൽവിയിലേക്കു മൂക്കുകുത്താനൊരുങ്ങിയ ചെന്നൈയെ ബ്രാവോ രക്ഷപ്പെടുത്തി. 18, 19 ഓവറുകളിൽ 20 റൺസ് വീതം നേടിയ ചെന്നൈ, തോൽക്കുമെന്നു കരുതിയ കളി ജയിച്ച് തിരികെക്കയറി; ഒരു വിക്കറ്റ് വിജയം! 

സഞ്ജുവിന്റെ വിഷുപ്പടക്കം

വിഷുദിനത്തിൽ മലയാളി താരം സഞ്ജു വി. സാംസൺ രാജസ്ഥാനുവേണ്ടി നടത്തിയ വെടിക്കെട്ട് ഈ സീസണൽ ഐപിഎല്ലിലെ അവിസ്മരണീയ കാഴ്ചകളിലൊന്നാണ്. ഇതൊരു ചേസിങ് വിജയമായിരുന്നില്ലെന്നു മാത്രം. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനുവേണ്ടി സഞ്ജു 45 പന്തിൽ നേടിയ 92 റൺസിൽ രാജസ്ഥാനെ സുരക്ഷിത സ്ഥാനത്തിരുത്തി.– നാലിന് 217. പക്ഷേ, വിരാട് കോഹ്‌ലിയിലൂടെ (30 പന്തിൽ 57) ബാംഗ്ലൂർ തിരിച്ചടിച്ചതോടെ  സാധ്യതകൾ മാറിമറിഞ്ഞു. ഒടുവിൽ, ജയത്തിനും തോൽവിക്കുമിടയിൽ ആടിയുലഞ്ഞ ബാംഗ്ലൂരിനെ രാജസ്ഥാൻ മുക്കി– ആറിനു 198. 

ധോണിയും മുങ്ങി

അതേ വിഷുഞായറിൽ, വെടിക്കെട്ടു വീരൻ എം.എസ്. ധോണിയുടെ തകർപ്പൻ ബാറ്റിങ് കാണികൾക്കു സമ്മാനിച്ചത് ഉജ്വലമായൊരു വിഷുക്കാഴ്ച. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നേടിയത് ഏഴിനു 197. ചെന്നൈയുടെ മറുപടി ബാറ്റിങ് അവിശ്വസനീയ വിജയത്തിനു തൊട്ടരികെ, നാലു റൺസിന്റെ കുറവിൽ മുങ്ങിപ്പോയി! അവസാന ഓവർവരെ ആവേശം പിടിച്ചുനിർത്തി കളി ജയിക്കുന്ന പതിവു ധോണി സ്റ്റൈൽ പഞ്ചാബിനെതിരെ ഫലം കണ്ടില്ല. അഞ്ചുവിക്കറ്റ് നഷ്ടത്തിൽ പഞ്ചാബിനു നേടാനായതു 193 റൺസ് മാത്രം! 

ത്രില്ലർ ഡൽഹി

അവസാന പന്തിൽ നേടിയ വിജയങ്ങളിൽ ഏറ്റവും ത്രില്ലിങ് പോരാട്ടം ഡൽഹിയുടേതായിരുന്നു. മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയ 194 റൺസ് മറികടന്നത് അവസാന പന്തുവരെ ആ​​ഞ്ഞടിച്ച ഇംഗ്ലിഷുകാരൻ ജേസൺ റോയിയുടെ പ്രകടനമാണ്.  53 പന്തിൽ ആറുവീതം ഫോറും സിക്സുമടിച്ചു ജേസൺ റോയ് സെഞ്ചുറിയുടെ പടിവാതിൽവരെ (91) എത്തിയത് ഈ തകർപ്പൻ കളിക്കിടെ പലരും ശ്രദ്ധിച്ചില്ല. അവസാന ഓവറിൽ ഡൽഹിക്കു വേണ്ടിയിരുന്നതു 11 റൺസ്. മുസ്തഫിസുർ റഹ്മാന്റെ ആദ്യ രണ്ടു പന്തുകൾ ഫോറിനും സിക്സിനും പറത്തിയ റോയ് സ്കോർ തുല്യമാക്കി. പിന്നീടു മൂന്നു പന്തുകളിലും റോയിക്കു റണ്ണെടുക്കാനായില്ല. ഇതോടെ കളി മുൾമുനയിൽ. എന്നാൽ അവസാന പന്തിൽ റണ്ണെടുത്തു റോയ് വിജയം പൂർത്തിയാക്കി.    

ലാസ്റ്റ് ബോൾ മാജിക്

മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ വിജയവും അവസാന പന്തിൽ. 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ മുംബൈ നേടിയതു 147 റൺസ്. ഹൈദരാബാദിനു ജയിക്കാൻ അവസാന ഓവറിൽ വേണ്ടിയിരുന്നതു 11 റൺസ്. ബെൻ കട്ടിങ്ങിന്റെ ആദ്യപന്തുതന്നെ ദീപക് ഹൂഡ സിക്സറിനു പറത്തിയതോടെ സമ്മർദമൊഴിവായെന്നു കരുതി. പക്ഷേ, അവസാന പന്തിൽ ജയിക്കാൻ വേണ്ടിവന്നത് ഒരു റൺ. ബില്ലി സ്റ്റാൻലേക് വിജയറൺ നേടിയപ്പോൾ ഗാലറികളിൽ വിജയനിശ്വാസം!  

ആളിപ്പടർന്ന് ചെന്നൈ

ത്രില്ലിങ് മൽസരങ്ങളുടെ തമ്പുരാക്കന്മാരായ ചെന്നൈ സൂപ്പർ കിങ്സിന്റെ ഉജ്വല വിജയങ്ങളിലൊന്ന് അരങ്ങേറിയതു ചെന്നൈയിലാണ്. സ്റ്റേഡിയത്തിനു പുറത്ത് കാവേരി പ്രക്ഷോഭം ആളിക്കത്തുമ്പോൾ, കൊൽക്കത്തയ്ക്കെതിരെ സ്റ്റേഡിയത്തിനുള്ളിൽ ചെന്നൈയും കത്തിക്കയറി. സന്ദർശകർ 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ നേടിയത് 202 റൺസ്. 19.5 ഓവറിൽ അ‍ഞ്ചുവിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി ചെന്നൈ കളി കൈക്കലാക്കി. 

related stories