വി‍ൻഡീസിന്റെ ജോഫ്ര, ഇംഗ്ലണ്ടിന്റെ ആർച്ചർ; കാരണം?

സെൽഫിക്കു പോസ് ചെയ്യുന്ന രാജസ്ഥാൻ താരങ്ങളായ അജിങ്ക്യ രഹാനെ, ജോഫ്ര ആർച്ചർ, കൃഷ്ണപ്പ ഗൗതം, സഞ്ജു സാംസൻ. (ട്വിറ്റർ ചിത്രം)

വെസ്റ്റിൻഡീസുകാർ തങ്ങളുടേതെന്നും ഇംഗ്ലിഷ് ആരാധകർ അവരുടേതെന്നും പറഞ്ഞ് ആരാധിക്കുന്ന താരമാണ് രാജസ്ഥാൻ റോയൽസിന്റെ ഓൾ റൗണ്ടർ ജോഫ്ര ആർച്ചർ. ഐപിഎല്ലിലെ ആദ്യ മൽസരത്തിൽത്തന്നെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടി രാജസ്ഥാന്റെ പ്രതീക്ഷകളെ കാക്കുകയാണ് ആർച്ചർ.

ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് പേരെടുത്തതെങ്കിലും ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിലെ ‘മിന്നും പ്രകടന’ത്തിലൂടയാണ് ആർച്ചർ താരമായത്. അതുവരെ ഇന്ത്യൻ ആരാധകർക്ക് അത്ര പരിചിതനല്ലാതിരുന്ന ആർച്ചറെ 7.2 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെടുത്തത്. ആരാണീ ആർച്ചർ എന്ന് കാത്തിരുന്നവർക്കു മുന്നിലേക്കാണ് കഴിഞ്ഞ ദിവസം കളിയിലെ കേമൻ പട്ടം നേടി ആർച്ചർ അവതരിച്ചത്.

അതേസമയം, ദുഃഖത്തിന്റെയും നിരാശയുടെയും വാശിയുടെയും ‘അമ്പുകൾ’ ഉള്ളിൽ സൂക്ഷിക്കുന്നതാണ് ജോഫ്രയുടെ ജീവിതം. 

കളിച്ചത് വിൻഡീസിനായി

18 അടി റണ്ണപ്പിനുശേഷം 150 കിലോ‌മീറ്റർ വേഗത്തിൽ പായുന്ന ആർച്ചറുടെ തീയുണ്ട യോർക്കറുകളുടെ ആരംഭം വെസ്റ്റിൻഡീസിന്റെ അണ്ടർ 19 ദേശീയ ടീമിനു വേണ്ടിയാണ്. മികച്ച പ്രകടനം കാഴ്ചവച്ചിട്ടും 2014ലെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കപ്പെടാതിരുന്നത് ജോഫ്രയുടെ മനസ്സിൽ വല്ലാത്ത നീറ്റലായി. ഈ സങ്കടം പിന്നീട് ടീമിനോടുള്ള പകയായി വളരുകയായിരുന്നു. ആയിടയ്ക്ക് പുറത്തിനേറ്റ പരുക്കു കൂടിയായപ്പോൾ തകർച്ച പൂർണമായി. വിൻ‍ഡീസ് ക്രിക്കറ്റ് അതോടെ തിരിഞ്ഞു നോക്കാതെ കൈവിട്ടു. 

തുണച്ചത് ജോർദാൻ

ജോഫ്ര ആർച്ചറിന്റെ പിതാവ് ഇംഗ്ലിഷുകാരനാണ്. അമ്മയും സഹോദരിയും ബാർബഡോസിൽ തുടരുന്നു. ലോകകപ്പ് ടീമിൽ ഇടം നേടാനാകാതെ പരുക്കിന്റെ പിടിയിൽ നിൽക്കുമ്പോൾ രക്ഷകനായത് മറ്റൊരു വിൻഡീസ് വംശജനും ഇംഗ്ലിഷ് ക്രിക്കറ്ററുമായ ക്രിസ് ജോർദാൻ. ജോർദാൻ ആർച്ചറെ സസെക്സ് കൗണ്ടിയുമായി മുട്ടിച്ചു. അങ്ങനെ സസെക്സിൽ രണ്ടാം കരിയർ തുടങ്ങി, 2016ൽ. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ടീമിലെ പ്രധാന കളിക്കാരനായി ജോഫ്ര.

ബാറ്റിങ്ങിൽ കൂടി കനപ്പെട്ട സംഭാവനകൾ നൽകാൻ തുടങ്ങിയതോടെ മികച്ച ഓൾറൗണ്ടറെന്ന പേരുമായി. അത് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലെത്തിച്ചു. ബിഗ് ബാഷിലെ വിക്കറ്റുവേട്ടയാണ് ലോകക്രിക്കറ്റിൽ ആർച്ചർ എന്ന പേരുകാരന് മേൽവിലാസമുണ്ടാക്കിക്കൊടുത്തത്. കഴിഞ്ഞ സീസണിൽ 17 വിക്കറ്റ് നേടി. പിന്നീട് ബംഗ്ലദേശ് പ്രിമിയർ ലീഗിലും ഐപിഎല്ലിലും വിലപിടിപ്പുള്ള താരമായി മാറി. 

ഇംഗ്ലണ്ടിനായി കളിക്കണം

‌ഇംഗ്ലിഷ് പാസ്പോർട്ടുള്ള ആർച്ചറിന് ഇംഗ്ലണ്ടിനായി ടെസ്റ്റ് മൽസരങ്ങൾ കളിക്കുന്ന നാളുകളാണ് മനസ്സിലെ സ്വപ്നം. പക്ഷേ അതിന് ഇനിയും കാത്തിരിക്കണമെന്നു മാത്രം. ഇംഗ്ലിഷ് ദേശീയ ടീമിൽ കളിക്കണമെങ്കിൽ ഏഴു വർഷത്തെ റസിഡൻസി കാലയളവ് നിർബന്ധമാണ്. 2022ലേ അതു സാധ്യമാകുകയുള്ളൂ. കളിച്ചു പേരെടുത്തപ്പോൾ ആർച്ചർ തിരിച്ചു വരണമെന്ന ആശയിലാണ് വിൻഡീസ് ക്രിക്കറ്റ് ബോർഡ്. 2022 വരെ അദ്ദേഹത്തിനു കാത്തുനിൽക്കാൻ കഴിയില്ലെന്ന് അവർ പ്രതീക്ഷിക്കുന്നു.

ആർച്ചറിലെ പേസറെ കണ്ടെത്തിയത് മുൻ വിൻഡീസ് ബോളിങ് കോച്ച് റോഡി എസ്റ്റ്‌വിക് ആണ്. ലെഗ് സ്പിന്നറായ പയ്യനെക്കൊണ്ട് വേഗത്തിൽ എറിയിക്കുകയായിരുന്നു അദ്ദേഹം. അണ്ടർ 19 കാലത്ത് മാർഗനിർദേശങ്ങൾ നൽകി കൂടെ നിർത്തിയതും അദ്ദേഹമായിരുന്നു. എസ്റ്റ്‌വിക് ഇപ്പോഴും പ്രതീക്ഷയിലാണ്, മറൂൺ നിറത്തിലുള്ള ജഴ്സിയണിയാൻ ആർച്ചറെത്തുന്നതും കാത്ത്. എന്നാൽ അടുത്തിടെയും ആർച്ചർ പറഞ്ഞു: ‘ 2022 വരെ കാത്തു നിൽക്കും. അതുവരെ മാന്യമായി ജീവിക്കാൻ ലോകത്തെ ഐപിഎൽ പോലുള്ള ടൂർണമെന്റുകളിൽ കളിക്കും’.