പന്തെറിഞ്ഞ് മൽസരം (ഹൃദയം) കവർന്നവർ!

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന സൺറൈസേഴ്സ് താരങ്ങൾ. ചിത്രം: വിഷ്ണു വി.നായർ

മുംബൈ∙ ബാറ്റ്സ്മാൻമാരുടെ താരത്തിളക്കവും റണ്ണൊഴുക്കും കണ്ട മൽസരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതാ, പന്തേറുകാരുടെ പകർന്നാട്ടം കണ്ടൊരു ഐപിഎൽ ആവേശപ്പോരാട്ടം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ്–മുംബൈ ഇന്ത്യൻസ് മൽസരം വ്യത്യസ്തമാകുന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ബോളർമാരുടെ ആധിപത്യം കൊണ്ടാണ്. ബാറ്റ്സ്മാൻമാർ തീർത്തും അപ്രസക്തരായി മാറുന്ന, വല്ലപ്പോഴും മാത്രം ക്രിക്കറ്റ് കളങ്ങളിൽ തെളിയുന്ന കാഴ്ചയ്ക്കാണ് ഇന്നലെ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ആദ്യം ബാറ്റു ചെയ്ത് 118 റൺസിലൊതുങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് സീസണിലെ മൂന്നാം തോൽവിയിലേക്കാണെന്നുറപ്പിച്ച ആരാധകരെ ‍ഞെട്ടിച്ചാണ് മാസ്മരിക ബോളിങ് പ്രകടവുമായി അവർ തിരിച്ചടിച്ചത്. 200 റൺസ് പോലും അത്ര ഭേദപ്പെട്ട ലക്ഷ്യമല്ലാത്ത ഇക്കാലത്ത്, വെറും 118 റൺസ് പ്രതിരോധിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് ജയിച്ചു കയറിയത് സുന്ദരമായൊരു ക്രിക്കറ്റ് കാഴ്ചയായി. അതും 31 റൺസിന്റെ ട്വന്റി20യിലെ താരതമ്യേന ‘വലിയ’ വിജയം! താരതമ്യേന ദുർബലമായ 119 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത മുംബൈയെ, 18.5 ഓവറിൽ 87 റൺസിന് പുറത്താക്കിയാണ് സൺറൈസേഴ്സ് സീസണിലെ നാലാം ജയം കുറിച്ചത്.

ബോളാണ് താരം!

ബാറ്റ്സ്മാൻമാരുടെ മാത്രം പോരാട്ടമായി മാറാറുള്ള ഐപിഎൽ വേദിയിൽ ഇന്നലത്തെ താരം പന്തായിരുന്നു. സൺറൈസേഴ്സ്–മുംബൈ പോരാട്ടത്തിൽ നിലം തൊടാതെ പന്ത് ഗാലറിയിലെത്തിയത് രണ്ടേ രണ്ടു തവണയാണ്. സൺറൈസേഴ്സിനായി യൂസഫ് പത്താനും മുംബൈയ്ക്കായി കീറൻ പൊള്ളാർഡുമാണ് മൽസരത്തിൽ പിറന്ന രണ്ടു സിക്സ് സ്വന്തമാക്കിയത്. 13 ബൗണ്ടറികൾ മാത്രം പിറന്ന സൺറൈസേഴ്സ് ഇന്നിങ്സ് ഇക്കാര്യത്തിലും തീർത്തും ശുഷ്കമായെന്നു തോന്നിച്ചെങ്കിലും, മുംബൈയുടെ ബാറ്റിങ് കഴിഞ്ഞതോടെ ആ പതിമൂന്നു ബൗണ്ടറികൾക്കും അപൂർവ സൗന്ദര്യം കൈവന്നു. വെറും 10 ബൗണ്ടറിയാണ് ഈ മൽസരത്തിൽ മുംബൈ താരങ്ങൾക്കെല്ലാം കൂടി നേടാനായത്.

നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത സിദ്ധാർഥ് കൗളാണ് മുംബൈയെ തകർക്കുന്നതിന് നേതൃത്വം നൽകിയത്. അതേസമയം, കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത് അഫ്ഗാൻ വണ്ടർ റാഷിദ് ഖാനാണ്. നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 11 റൺസ് വഴങ്ങിയ റാഷിദ് രണ്ടു വിക്കറ്റും വീഴ്ത്തി. ക്രുനാൽ പാണ്ഡ്യ, കീറൻ പൊള്ളാർഡ് എന്നീ വമ്പൻമാരാണ് റാഷിദ് ഖാനു മുന്നിൽ കീഴടങ്ങിയത്.

വിജയത്തോടെ ആറു മൽസരങ്ങളിൽനിന്ന് എട്ടു പോയിന്റുമായി സൺറൈസേഴ്സ് പോയിന്റു പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. അതേസമയം, ആറാം മൽസരത്തിൽ സീസണിലെ അഞ്ചാം തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസ് ഒരി‍ക്കൽക്കൂടി സമ്പൂർണമായി നിരാശപ്പെടുത്തി. സൺറൈസേഴ്സിനെ 118 റൺസിൽ എറിഞ്ഞൊതുക്കിയ മുംബൈ ബോളർമാർ ടീമിന് വിജയപ്രതീക്ഷ നൽകിയെങ്കിലും, നിലമറന്ന ബാറ്റിങ്ങിലൂടെ ബാറ്റ്സ്മാൻമാർ ഈ പ്രതീക്ഷകൾ എറിഞ്ഞുടച്ചു.

താരമായി തമ്പിയും!

ബോളർമാരുടെ കുത്തൊഴുക്കുള്ള സൺറൈസേഴ്സ് ടീമിൽ ബേസിൽ തമ്പിയെന്ന മലയാളി താരത്തിന് ആദ്യമായി ലഭിച്ച അവസരമായിരുന്നു ഇന്നലെ. ഭുവനേശ്വർ കുമാർ കളിക്കാതിരുന്നതിന്റെ പേരിൽ ലഭിച്ച അവസരം എന്താലായും ബേസിൽ മുതലാക്കി. 1.5 ഓവറിൽ നാലു റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയാണ് ബേസിൽ തമ്പിയും ഈ സീസണിലെ ആദ്യ മൽസരം ഗംഭീരമാക്കിയത്.

ആറ്റുനോറ്റിരുന്ന് ടീമിന്റെ ആറാം മൽസരത്തിൽ സീസണിലെ ‘അരങ്ങേറ്റത്തിന് അവസരം’ ലഭിച്ചെങ്കിലും ആദ്യ ഓവർ എറിയാൻ 15 ഓവറുകളാണ് ബേസിലിന് കാത്തിരിക്കേണ്ടി വന്നത്. എന്തായാലും വരവ് ലേറ്റായെങ്കിലും അതു ലേറ്റസ്റ്റാക്കി മാറ്റി തമ്പി. ഹാർദിക് പാണ്ഡ്യ–സൂര്യകുമാർ യാദവ് സഖ്യം മുംബൈയെ മൽസരത്തിലേക്കു തിരികെ കൊണ്ടുവരാൻ ശ്രമിക്കുമ്പോഴായിരുന്നു ബേസിലിന്റെ വരവ്. അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ 36 പന്തിൽ 44 റൺസെന്നത് മുംബൈയ്ക്ക് എത്തിപ്പിടിക്കാനാകാത്ത ലക്ഷ്യമൊന്നുമായിരുന്നില്ല. അതും 36 പന്തിൽ 33 റൺസുമായി നിലയുറപ്പിച്ച സൂര്യകുമാറും വമ്പനടികളുടെ ആശാനായ ഹാർദിക് പാണ്ഡ്യയും ക്രീസിൽ നിൽക്കുമ്പോൾ.

എന്നാൽ, അഞ്ചാമത്തെ പന്തിൽ സൂര്യകുമാർ യാദവിന്റെ പ്രതിരോധം തകർത്ത ബേസിൽ തമ്പി, മൽസരം സൺറൈസേഴ്സിന്റെ വഴിക്കു തിരിച്ചു. ക്രീസിൽ നിലയുറപ്പിച്ച ഏക താരം കൂടി മടങ്ങിയതോടെ മുംബയുടെ പോരാട്ടം അവസാനിക്കുകയും ചെയ്തു. 38 പന്തിൽ നാലു ബൗണ്ടറികളോടെ 34 റൺസെടുത്ത യാദവിനെ ബേസിൽ തമ്പി റാഷിദ് ഖാന്റെ കൈകളിലെത്തിച്ചു. ഒടുവിൽ അവസാന ബാറ്റ്സ്മാനായ മുസ്താഫിസുർ റഹ്മാനെയും മടക്കിയ ബേസിൽ തമ്പി മുംബൈയെ ചുരുട്ടിക്കെട്ടുകയും ചെയ്തു. ഒടുവിൽ 11 പന്തുകൾ മാത്രം എറിയാൻ അവസരം ലഭിച്ച തമ്പി നാലു റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റും പോക്കറ്റിലാക്കി.

രണ്ടക്കം കടന്ന് രണ്ടുപേർ!

രണ്ടുപേർ മാത്രം രണ്ടക്കം കടന്ന മുംബൈ ഇന്നിങ്സിൽ, 38 പന്തിൽ നാലു ബൗണ്ടറികളോടെ 34 റൺസെടുത്ത സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. 20 പന്തിൽ നാലു ബൗണ്ടറികളോടെ 24 റൺസെടുത്ത ക്രുനാൽ പാണ്ഡ്യയാണ് രണ്ടക്കം കടന്ന രണ്ടാമത്തെ താരം. മറ്റുള്ളവരെല്ലാം പൂർണമായും നിരാശപ്പെടുത്തി.

എവിൻ ലൂയിസ് (ഒൻപതു പന്തിൽ അഞ്ച്), ഇഷാൻ കിഷൻ (മൂന്നു പന്തിൽ പൂജ്യം), രോഹിത് ശർമ (ആറു പന്തിൽ രണ്ട്), കീറൻ പൊള്ളാർഡ് (ആറു പന്തിൽ ഒൻപത്), ഹാർദിക് പാണ്ഡ്യ (19 പന്തിൽ മൂന്ന്), മക്‌ലീനാകൻ (രണ്ടു പന്തിൽ പൂജ്യം), മായങ്ക് മാർക്കണ്ഡെ (രണ്ടു പന്തിൽ ഒന്ന്), മുസ്താഫിസുർ റഹ്മാൻ (മൂന്നു പന്തിൽ ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ജസ്പ്രീത് ബുംമ്ര അഞ്ചു പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ ആറു റൺസെടുത്തു പുറത്താകാതെ നിന്നു.

തകർത്തെറിഞ്ഞ് മുംബൈ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ്, മുംബൈയുടെ ബോളിങ് ആക്രമണത്തിനു മുന്നിൽ തകർന്ന് 18.4 ഓവറിൽ 118 റൺസിന് പുറത്താവുകയായിരുന്നു. 21 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 29 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസനും 33 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 29 റൺസെടുത്ത യൂസഫ് പത്താനുമാണ് ഹൈദരബാദ് ഇന്നിങ്സിന് അൽപമെങ്കിലും മാന്യത പകർന്നത്. മുംബൈയ്ക്കായി മായങ്ക് മാർക്കണ്ഡെ, ഹാർദിക് പാണ്ഡ്യ, മിച്ചൽ മക്‌ലീനാകൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സിന് ഓപ്പണർമാരായ ശിഖർ ധവാനും വില്യംസനും ചേർന്ന്് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. 1.4 ഓവറിൽ 20 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ ധവാനെ മടക്കി മക്‌ലീനാകൻ സൺറൈസേഴ്സിന്റെ തകർച്ചയ്ക്കു തുടക്കമിട്ടു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് കണ്ടെത്തിയ മുംബൈ ബോളർമാർ സൺറൈസേഴ്സിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കുകയായിരുന്നു.

ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, യൂസഫ് പത്താൻ എന്നിവരെക്കൂടാതെ സൺറൈസേഴ്സ് നിരയിൽ രണ്ടക്കം കടന്നത് രണ്ടു പേർ മാത്രം. മനീഷ് പാണ്ഡെ (11 പന്തിൽ മൂന്നു ബൗണ്ടറികളോടെ 16), മുഹമ്മദ് നബി (10 പന്തിൽ രണ്ടു ബൗണ്ടറികളോടെ 14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ടു പേർ. ശിഖർ ധവാൻ (ആറു പന്തിൽ അഞ്ച്), വൃദ്ധിമാൻ സാഹ (0), ഷാക്കിബ് അൽ ഹസൻ (നാലു പന്തിൽ രണ്ട്), റാഷിദ് ഖാൻ (ഒൻപതു പന്തിൽ ആറ്), ബേസിൽ തമ്പി (ആറു പന്തിൽ മൂന്ന്), സിദ്ധാർഥ് കൗൾ (ഒൻപതു പന്തിൽ രണ്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

മുംബൈയ്ക്കായി മായങ്ക് മാർക്കണ്ഡെ മൂന്ന്് ഓവറിൽ 15 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മിച്ചൽ മക്‌ലീനാകൻ മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങിയും ഹാർദിക് പാണ്ഡ്യ മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റു വീതം സ്വന്തമാക്കി.