തുഴയൻ, വള്ളംകളി, തോൽവി ... ഇത്തരം പരിഹാസ വാക്കുകൾകൊണ്ട് മഹേന്ദ്രസിങ് ധോണിയെന്ന മുന്‍ ഇന്ത്യൻ നായകനെ കുത്തിനോവിച്ചവർ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ – ചെന്നൈ സൂപ്പർ കിങ്സ് മൽസരത്തിന്റെ ഹൈലൈറ്റ്സൊന്നു കാണണം. സമയമില്ലെങ്കിൽ കുറഞ്ഞപക്ഷം ചെന്നൈയെ വിജയത്തിലെത്തിച്ച ആ പടുകൂറ്റൻ സിക്സെങ്കിലും കാണണം. കോറി ആൻഡേഴ്സന്റെ കൈകളിൽനിന്ന് പുറപ്പെട്ട് ധോണിയുടെ ബാറ്റിനെ ചുംബിച്ച് വൈഡ് ലോങ് ഓണിലൂടെ പറന്നകന്ന് ഗാലറിയിൽ വിശ്രമിച്ച ആ പന്തുണ്ടല്ലോ, അതിലുണ്ട് ധോണിയെന്ന താരത്തിനുമേൽ വിമർശകർ ചൊരിഞ്ഞ കുത്തുവാക്കുകൾക്കുള്ള മറുപടി!
രണ്ടു ടീമും ഇരുനൂറു കടന്ന ത്രില്ലിങ് പോരാട്ടത്തിൽ അഞ്ചു വിക്കറ്റിനാണ് ധോണിപ്പടയുടെ വിജയം. ബാംഗ്ലൂർ താരങ്ങളായ ക്വിന്റൻ ഡികോക്കിന്റെയും (37 പന്തിൽ 53) എബി ഡിവില്ലിയേഴ്സിന്റെയും (30 പന്തിൽ 68) ഇന്നിങ്സുകൾക്ക് അതുപോലെ തിരിച്ചടി നൽകിയ അമ്പാട്ടി റായുഡുവും (53 പന്തിൽ 82) എം.എസ് ധോണിയുമാണ് (34 പന്തിൽ 70) ചെന്നൈയ്ക്ക് ഉജ്വല വിജയം സമ്മാനിച്ചത്. അഞ്ചാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 101 റൺസാണ് ചെന്നൈയ്ക്ക് സീസണിലെ അഞ്ചാം ജയമൊരുക്കിയത്. അവസാന ഓവറിലെ നാലാം പന്ത് സിക്സറിനു പറത്തി ധോണി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഡ്വെയ്ൻ ബ്രാവോ (14) പുറത്താകാതെ നിന്നു. ധോണിയാണ് മാൻ ഓഫ് ദ് മാച്ച്. സ്കോർ: ബാംഗ്ലൂർ–20 ഓവറിൽ എട്ടിന് 205. ചെന്നൈ–19.4 ഓവറിൽ അഞ്ചു വിക്കറ്റിന് 207.
ചിന്നസ്വാമിയിലെ പെരിയസ്വാമി
തന്റെ പിൻഗാമിയായി ഇന്ത്യൻ ക്രിക്കറ്റിനെ അടക്കി ഭരിക്കുന്ന സാക്ഷാൽ വിരാട് കോഹ്‍ലിയുടെ സകല തന്ത്രങ്ങളുടെയും മുനയൊടിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് തിരിച്ചുകയറിയ ധോണിയുടെ ഇന്നിങ്സിനെ ധോണി ഹേറ്റേഴ്സിനു പോലും മറക്കാനാകുമോ? സംശയമാണ്. ധോണിക്കൊപ്പം ഐപിഎൽ പതിനൊന്നാം സീസണിലെ അപ്രതീക്ഷിത താരോദയമായ അമ്പാട്ടി റായിഡുവെന്ന ഇന്ത്യൻ ക്രിക്കറ്റിലെ അയലത്തെ പയ്യൻ കൂടി ചേർന്നതോടെ ഐപിഎൽ വേദിയിൽ ചെന്നൈ സൂപ്പർ കിങ്സിന് സ്വന്തമായത് എന്നെന്നും ഓർമിക്കാനൊരു അദ്ഭുത വിജയം.
എ.ബി. ഡിവില്ലിയേഴ്സ്, ക്വിന്റൺ ഡികോക്ക് എന്നീ ദക്ഷിണാഫ്രിക്കക്കാരുടെ ചുമലിലേറി 200 റൺസും കടന്നു കുതിച്ച ബാംഗ്ലൂർ വിജയമുറപ്പിച്ചിരുന്നോ? അറിയില്ല. ഒന്നറിയാം, രണ്ടുപന്തുകൾ ബാക്കിനിൽക്കെ പടുകൂറ്റൻ സിക്സുമായി ടീമിനെ വിജയത്തിലേക്കു നയിച്ച ധോണിയുടെ പ്രകടനത്തിൽ, ഇന്ത്യൻ ക്രിക്കറ്റിനെ തോളേറ്റിയിരുന്ന ആ പഴയ ധോണിയുടെ നിഴലുണ്ട്, ചങ്കുറപ്പുണ്ട്, ബെസ്റ്റ് ഫിനിഷറുമുണ്ട്!
34 പന്തിൽ 70 റൺസെടുത്താണ് റോയൽ ചാലഞ്ചേഴ്സിന്റെ ഹോം മൈതാനമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ധോണി വീണ്ടും വിജയത്തിന്റെ പെരിയസ്വാമിയായത്. ഏഴു സിക്സുകളാണ് ബാംഗ്ലൂരിന്റെ നെഞ്ചത്തേക്ക് ധോണി ഇന്നലെ പറത്തിവിട്ടത്. ഇതിലൂടെ സീസണിലെ രണ്ടാം അർധസെഞ്ചുറിയും ധോണി സ്വന്തമാക്കി.
മറക്കരുത് റായുഡുവിനെ
അവസാന ഓവറുകളിലെ മിന്നും പ്രകടനത്തിലൂടെ ധോണി കയ്യടി നേടുമ്പോഴും ചെന്നൈ ഇന്നിങ്സിന് അടിത്തറയിട്ട അമ്പാട്ടി റായുഡുവിനെ മറക്കുന്നതെങ്ങനെ? ഓപ്പണറായി ഇറങ്ങിയ റായുഡു 18–ാം ഓവറിന്റെ അഞ്ചാം പന്തിൽ പുറത്താകുമ്പോഴേക്കും ചെന്നൈ വിജയത്തിന് തൊട്ടടുത്ത് എത്തിയിരുന്നു. ധോണിയുടെ പ്രകടനത്തിനൊപ്പം 53 പന്തിൽ 82 റൺസെടുത്ത റായുഡുവിന്റെ പ്രകടനവും ചെന്നൈ വിജയത്തിൽ അതി നിർണായകം തന്നെ.
മൂന്നു ബൗണ്ടറികളും എട്ടു സിക്സുകളും നിറം ചാർത്തിയതായിരുന്നു റായുഡുവിന്റെ ഇന്നിങ്സ്. ഈ പ്രകടനത്തോടെ ആറു മൽസരങ്ങളിൽനിന്ന് 283 റൺസുമായി റായുഡു ടൂർണമെന്റിലെ ടോപ് സ്കോററുമായി. ഈ സീസണിൽ റായുഡുവിന്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയാണിത്. 22 (മുംബൈ ഇന്ത്യൻസ്), 39 (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), 49 (കിങ്സ് ഇലവൻ പഞ്ചാബ്), 12 (രാജസ്ഥാൻ റോയൽസ്), 79 (സൺറൈസേഴ്സ്), 82 (റോയൽ ചാലഞ്ചേഴ്സ്) എന്നിങ്ങനെയാണ് ഈ സീസണിൽ റായുഡുവിന്റെ പ്രകടനം.
പാളിയ തുടക്കം
206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ എട്ടു റൺസ് മാത്രമുള്ളപ്പോൾ കഴിഞ്ഞ മൽസരത്തിലെ ഹീറോ ഷെയ്ൻ വാട്സൻ പുറത്തായി. നാലു പന്തിൽ ഒരു സിക്സ് ഉൾപ്പെട ഏഴു റൺസെടുത്ത വാട്സനെ പവൻ നേഗി മുഹമ്മദ് സിറാജിന്റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റിൽ 42 റൺസ് കൂട്ടിച്ചേർത്ത റെയ്ന–അമ്പാട്ടി റായുഡു സഖ്യം ചെന്നെയെ താങ്ങിനിർത്തി. സ്കോർ 50ൽ എത്തിയതിനു പിന്നാലെ റെയ്ന പുറത്തായി. ഉമേഷ് യാദവിന്റെ പന്തിൽ മൻദീപ് സിങ്ങിന് ക്യാച്ച് സമ്മാനിച്ചു മടങ്ങുമ്പോൾ ഒൻപതു പന്തിൽ 11 റൺസായിരുന്നു റെയ്നയുടെ സമ്പാദ്യം.
സാം ബില്ലിങ്സ് (ഏഴു പന്തിൽ ഒൻപത്), രവീന്ദ്ര ജഡേജ (അഞ്ചു പന്തിൽ മൂന്ന്) എന്നിവർ പെട്ടെന്നു മടങ്ങിയതോടെ ചെന്നൈ അപകടം മണത്തെങ്കിലും ധോണി–റായുഡു കൂട്ടുകെട്ടോടെ വിജയവഴിയിലായി അവർ. ബാംഗ്ലൂർ ബോളർമാരെല്ലാം തല്ലു വാങ്ങിക്കൂട്ടിയെങ്കിലും നാല് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവിന്റെയും നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത യുസ്‍വേന്ദ്ര ചാഹലിന്റെയും പ്രകടനം ശ്രദ്ധേയമായി.
ഷെയ്ൻ വാട്‍സൺ (നാല് പന്തിൽ ഏഴ്), സുരേഷ് റെയ്ന (ഒൻപതു പന്തിൽ 11), സാം ബില്ലിങ്സ് (ഏഴ് പന്തിൽ ഒൻപത്), രവീന്ദ്ര ജഡേജ (അഞ്ചു പന്തിൽ മൂന്ന്) എന്നിങ്ങനെയാണു പുറത്തായ മറ്റു താരങ്ങളുടെ സ്കോറുകൾ. 14 റൺസുമായി ബ്രാവോ ധോണിയോടൊപ്പം പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി യുസ്‍വേന്ദ് ചഹൽ രണ്ടു വിക്കറ്റും ഉമേഷ് യാദവ്, പവൻ നേഗി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ബാറ്റിങ് റോയൽ, പക്ഷേ...
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ എട്ടു വിക്കറ്റു നഷ്ടത്തിലാണ് 205 റൺസെടുത്തത്. തുടക്കത്തില്‍ തകർത്തടിച്ച എബി ഡിവില്ലിയേഴ്സ്, ക്വിന്റൻ ഡികോക്ക് എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളാണ് മികച്ച സ്കോറിലേക്ക് റോയൽ ചാലഞ്ചേഴ്സിനെ എത്തിച്ചത്. ഡിവില്ലിയേഴ്സ് 30 പന്തുകളിൽ 68 റൺസും ഡികോക്ക് 37 പന്തിൽ 53 റൺസും എടുത്തു പുറത്തായി.
മികച്ച തുടക്കമാണ് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ഡികോക്കും ചേർന്നു ബാംഗ്ലൂരിനു നൽകിയത്. 35 റൺസിന്റെ കൂട്ടുകെട്ടിനു ശേഷം അഞ്ചാം ഓവറിലാണ് ബാംഗ്ലൂരിന്റെ ആദ്യ വിക്കറ്റു വീണത്. ഷാർദൂൽ താക്കൂറിന്റെ പന്തിൽ രവീന്ദ്ര ജഡേജയ്ക്കു ക്യാച്ച് നൽകിയായിരുന്നു ക്യാപ്റ്റന്റെ മടക്കം. പിന്നാലെയെത്തിയ എബി ഡിവില്ലിയേഴ്സ് തന്റെ പ്രിയപ്പെട്ട നാട്ടുകാരനെയും കൂടെക്കൂട്ടി അടിതുടങ്ങിയപ്പോൾ നിന്നു കൊള്ളുക എന്നതു മാത്രമായിരുന്നു ചെന്നൈ ബോളർമാരുടെ വിധി. എട്ട് സിക്സുകളാണ് എബി ഡിവില്ലിയേഴ്സ് പറത്തിയത്. രണ്ടു ഫോറുകളും.
ഡികോക്കും മോശമാക്കിയില്ല. നാലു സിക്സും ഒരു ഫോറും. 23 പന്തുകൾ മാത്രം നേരിട്ടാണ് എബി ഡിവില്ലിയേഴ്സ് സീസണിലെ മൂന്നാം അർധസെഞ്ചുറി സ്വന്തമാക്കിയത്. 14–ാം ഓവറിൽ ഡികോക്ക് പുറത്തായി. ഡ്വെയ്ൻ ബ്രാവോയുടെ പന്തിലായിരുന്നു ഇത്. അപ്പോഴെക്കും ഭേദപ്പെട്ട സ്കോറിലേക്ക് ബാംഗ്ലൂർ എത്തിയിരുന്നു. ക്വിന്റൻ ഡിക്കോക്ക് പുറത്തായി ഏറെ വൈകാതെ ഡിവില്ലിയേഴ്സും കൂടാരം കയറി. ഇമ്രാൻ താഹിറിന്റെ പന്തിൽ സാം ബില്ലിങ്സിനു ക്യാച്ച് നല്‍കിയായിരുന്നു ഇത്. ഇരുവരുടെയും പുറത്താകലിനു ശേഷം മന്‍ദീപ് സിങ്ങിന്റെ ഭാഗത്തു നിന്നല്ലാതെ മറ്റൊരു മികച്ച പ്രകടനം ഉണ്ടായില്ല. മൻദീപ് 17 പന്തുകളിൽ 32 റൺസെടുത്തു.
ക്യാപ്റ്റൻ വിരാട് കോഹ്‍ലി (15 പന്തിൽ 18), കോറി ആൻഡേഴ്സൺ (എട്ടു പന്തിൽ രണ്ട്), കോളിൻ ഡി ഗ്രാന്റ്ഹോം (ഏഴു പന്തിൽ 11), പവൻ നേഗി (പൂജ്യം), ഉമേഷ് യാദവ് (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ ബാംഗ്ലൂർ താരങ്ങളുടെ സ്കോറുകൾ. വാഷിങ്ടൻ സുന്ദർ (നാല് പന്തിൽ 13), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിവർ പുറത്താകാതെ നിന്നു. ചെന്നൈയ്ക്കു വേണ്ടി ഷാർദൂൽ താക്കൂർ, ഇമ്രാൻ താഹിർ, ഡ്വെയ്ൻ ബ്രാവോ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറുകളിൽ മാത്രമാണ് ചെന്നൈ ബോളർമാർക്ക് ബാംഗ്ലൂർ വിക്കറ്റുകളുടെ മേൽ മേധാവിത്വം ലഭിച്ചത്. പക്ഷെ അപ്പോഴേക്കും ബാംഗ്ലൂർ സ്കോർ 200ന് അടുത്തെത്തിയിരുന്നു.