ഐപിഎല്ലിലെ ഏകലവ്യൻ, ഈ അഫ്ഗാനി ‘ബാലൻ’!

സൺറൈസേഴ്സിനെതിരായ മൽസരത്തിനു പിന്നാലെ കിങ്സ് ഇലവൻ പഞ്ചാബ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം.

കോളിൻ മൺറോ, വിരാട് കോഹ്‌ലി. ട്വന്റി20 ക്രിക്കറ്റിൽ ബോളർമാരുടെ പേടിസ്വപ്നമായ ബാറ്റ്സ്മാൻമാർ എന്നതു മാത്രമല്ല ഇവർക്കു പൊതുവായുള്ള കാര്യം. കിങ്സ് ഇലവൻ പഞ്ചാബിന്റെ അഫ്ഗാനി വിസ്മയബാലൻ മുജീബുർ റഹ്മാൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനകം നേടിയ രണ്ടു പ്രമുഖ വിക്കറ്റുകൾ ഇവരുടേതാണ്. രണ്ടു പേരും പന്തിന്റെ ദിശ പോലും കാണാതെയാണു മുട്ടുമടക്കിയത്. ഡൽഹി ഡെയർഡെവിൾസ് ഓപ്പണറായ മൺറോ കാരംബോളിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയപ്പോൾ, കോഹ്‌ലിയുടെ പതനം കുത്തിത്തിരിഞ്ഞൊരു ഗൂഗ്ലിയിലായിരുന്നു. 

കഴിഞ്ഞ മാസം സിംബാബ്‌വെയിൽ നടന്ന ലോകകപ്പ് യോഗ്യതാ ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് ഓപ്പണർ ക്രിസ് ഗെയ്‌ലിന്റെ സ്റ്റംപ് തെറിച്ചപ്പോഴേ നോട്ടപ്പുള്ളിയായി മാറിയ മുജീബ് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയതോടെ ശരിക്കും താരമായി. ഐപിഎല്ലിൽ ഏഴു മൽസരങ്ങളിൽനിന്ന് ഏഴു വിക്കറ്റുകളേ ലഭിച്ചിട്ടുള്ളുവെങ്കിലും പഞ്ചാബിന്റെ ഏറ്റവും വിശ്വസ്തനായ ബോളർ എന്ന പേരു നേടിക്കഴിഞ്ഞു ഈ യുവാവ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ഡോട് ബോളുകൾ എറിഞ്ഞ രണ്ടാമത്ത താരം കൂടിയാണ് മുജീബ്. ഏഴു മൽസരങ്ങളിൽനിന്ന് 61 ‍ഡോട് ബോളുകളെറിഞ്ഞ മുജീബ്, ഇക്കാര്യത്തിൽ ഉമേഷ് യാദവിനു മാത്രം പിന്നിലാണ്. ആറു മൽസരങ്ങളിൽനിന്ന് 62 ഡോട് ബോളുകളാണ് ഉമേഷ് ഇതുവരെ എറിഞ്ഞത്.

ഇതിനു പുറമെ റൺ വഴങ്ങുന്ന കാര്യത്തിലും അസാധാരണ പിശുക്കാണ് മുജീപ് കാട്ടുന്നത്. ഈ ഐപിഎൽ സീസണിൽ 15 ഓവറിനു മുകളിൽ പന്തെറിഞ്ഞവരിൽ ഏറ്റവും കുറവ് റൺസ് വഴങ്ങിയ താരം മുജീബാണ്. ഏഴ് മൽസരങ്ങളിൽനിന്ന് 27 ഓവർ ബോൾ ചെയ്ത മുജീബ്, ഓവറിൽ ശരാശരി വിട്ടുകൊടുത്തത് 6.51 റൺസ് മാത്രം. സാക്ഷാൽ സുനിൽ നരെയ്ൻ പോലും ഇക്കാര്യത്തിൽ മുജീബിനു പിന്നിലാണ്. ആറു മൽസരങ്ങളിലായി 22 ഓവർ ബോൾ ചെയ്ത നരെയ്ൻ, ഒരു ഓവറിൽ ശരാശരി 6.95 റൺസാണ് വിട്ടുകൊടുക്കുന്നത്. ഈ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ ഓവറുകൾ ബോൾ ചെയ്ത താരമായ മുജീബ്, 27 ഓവറിൽനിന്ന് വിട്ടുകൊടുത്തത് 176 റൺസു മാത്രം.

അദ്ഭുതകരമായ കൃത്യതയോടെ വ്യത്യസ്തമായ പന്തുകളെറിയുന്ന ഈ പതിനേഴുകാരൻ അവയോരോന്നും, ഏകലവ്യനെപ്പോലെ സ്വയം പഠിച്ചെടുത്തതാണെന്നതാണു സവിശേഷത. 

സ്പിൻ മാജിക് 

വ്യത്യസ്തമായ പന്തുകളിലൂടെ ബാറ്റ്സ്മാൻമാരെ വട്ടംകറക്കുന്നതിലാണ് മുജീബിന്റെ മിടുക്ക്. പരമ്പരാഗത സ്പിന്നർമാരുടെ ഗണത്തിൽപ്പെടുത്താവുന്നതല്ല ബോളിങ് രീതി. മികച്ച ഓഫ്സ്പിൻ എറിയുമ്പോൾത്തന്നെ, ഏതു ലെഗ്സ്പിന്നറും കൊതിച്ചു പോകുന്ന ഗൂഗ്ലിയും ആവനാഴിയിലുണ്ട്. ഇതു രണ്ടുമല്ലാതെ, ഓഫ് സ്റ്റംപിനു പുറത്തേക്കു കറങ്ങിപ്പോകുന്ന കാരംബോൾ കൂടി പുറത്തെടുക്കുമ്പോൾ, കോഹ്‌ലിയുടെയും മൺറോയുടെയും നിലവാരുള്ളവർ വരെ വിഷമിക്കുകയാണ്.

സൺറൈസേഴ്സിനു വേണ്ടി കളിക്കുന്ന അഫ്ഗാൻ ലെഗ്സ്പിന്നർ റാഷിദ് ഖാനും റോയൽ ചാലഞ്ചേഴ്സിന്റെ ഓഫ്സ്പിന്നർ വാഷ്ങ്ടൺ സുന്ദറുമെല്ലാം മുജീബിന്റെ പ്രകനത്തെ അഭിനന്ദിച്ചു രംഗത്തെത്തിക്കഴിഞ്ഞു. വ്യത്യസ്തമായ പന്തുകൾ എറിയുന്നു എതിലുപരി അതു മനസ്സിലാക്കാൻ ബാറ്റ്സ്മാൻമാർക്കു സമയം കൊടുക്കുന്നില്ല എന്നതാണ് മുജീബിനെ കൂടുതൽ അപടകാരിയാക്കുന്നത്. പന്തുകൾ പാഴാക്കാൻ ഒരു നിർവാഹമവുമില്ലാത്ത ട്വന്റി20 മൽസരങ്ങളിൽ മുജീബിന്റെ ബോളിങ് കൂടുതൽ ഫലപ്രദവുമാണ്. 

ഖോസ്തിലെ മാളിക 

അഫ്ഗാൻതാരം എന്നു കേൾക്കുമ്പോൾ പലരെയും ഓർമിപ്പിക്കുന്ന ദരിദ്രബാല്യമോ, കൗമാരമോ ഒന്നും മുജീബിനു അനുഭവിക്കേണ്ടി വന്നിട്ടില്ല. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്ത് നഗരത്തിലെ വ്യവസായ കുടുംബത്തിൽ ജനിച്ച മുജീബിനു മൂന്നു മാസം പ്രായമുള്ളപ്പോൾ പിതാവ് മരിച്ചു. തുടർന്ന് മാതാവിന്റെ കുടുംബമാളികയിലാണു വളർന്നത്. ആഡംബരങ്ങളെല്ലാം കണ്ടറിഞ്ഞു പരിചയമുള്ള ബാലൻ വിശാലമായ കു‍ടുംബ വളപ്പിലെ കളിസ്ഥലത്താണു ക്രിക്കറ്റു കളിക്കാൻ തുടങ്ങിയത്. ഈ കുടുംബത്തിൽ നിന്നുള്ള ആദ്യ ദേശീയതാരം ഇപ്പോൾ അഫ്ഗാൻ ടീമിലുള്ള ഓൾറൗണ്ടർ നൂർ അലി സാദ്രാനാണ്.

നൂർ അലിക്കു പരിശീലിക്കാൻ പന്തെറിഞ്ഞായിരുന്നു തുടക്കം. ടേപ്പൊട്ടിച്ച ടെന്നിസ് ബോളിൽ കളിച്ചു തുടങ്ങിയ മുജീബ് സുനിൽ നരൈൻ, രവിചന്ദ്രൻ അശ്വിൻ, അജാന്ത മെൻഡിസ് തുടങ്ങിയവരുടെ ബോളിങ്ങിന്റെ വിഡിയോകൾ യൂട്യൂബിൽ കണ്ട് അനുകരിക്കുകയായിരുന്നു. ടെന്നിസ് ബോൾ കയ്യിൽ നിന്നു പെട്ടെന്നു വഴുതിപ്പോകുമെന്നു കണ്ടപ്പോൾ, പന്ത് വിരലുകൾ കൊണ്ട് ശക്തിയോടെ തെറിപ്പിച്ചു വിടാൻ തുടങ്ങി. ഇതിൽനിന്നാണ് പിന്നിട് തന്റെ വജ്രായുധങ്ങളായ ഗൂഗ്ലിയും കാരംബോളും താരം വികസിപ്പിച്ചെടുത്തത്. 

നിരാശയിൽനിന്നു വിജയത്തിലേക്ക് 

പതിമൂന്നാം വയസ്സിൽ അണ്ടർ 19 പ്രവിശ്യാ ടീമിന്റെ സിലക്‌ഷനിൽ പങ്കെടുത്തെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ കളി മതിയാക്കി പഠനത്തിൽ ശ്രദ്ധിക്കാൻ മാതാവ് ആവശ്യപ്പെട്ടെങ്കിലും കൂടുതൽ വാശിയോടെ പരിശീലനം തുടർന്നു. അടുത്ത വർഷം സിലക്‌ഷൻ കിട്ടി. പരിശീലന മൽസരത്തിൽ ആറു സീനിയർ താരങ്ങളെ പുറത്താക്കിയതോടെ ദേശീയ പരിശീകരുടെ ശ്രദ്ധയിൽപ്പെട്ടു. വൈകാതെ തന്നെ സീനിയർ ടീമിലേക്കുള്ള വാതിലും തുറന്നു. 

ഇംഗ്ലിഷും ഹിന്ദിയും വലിയ പിടിയില്ലാത്ത മുജീബിന് മാതൃഭാഷയായ പഷ്തു മാത്രമേ വശമുള്ളൂ. പക്ഷേ, ഭാഷയുടെ അതിരുകളെല്ലാം ഭേദിക്കുന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ താരത്തെ സജ്ജമാക്കുകയുന്ന ലക്ഷ്യത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് മെന്റർ വീരേന്ദർ സേവാഗും ക്യാപ്റ്റൻ രവി അശ്വിനും ഏറെക്കുറെ വിജയിച്ച മട്ടാണ്. മികച്ച തുടക്കത്തിനു ശേഷം പൊലിഞ്ഞു പോയ കൗമാര താരങ്ങളുടെ കൂട്ടത്തിലേക്ക് ഈ പ്രതിഭ എത്തില്ലെന്ന വിശ്വാസത്തിലാണ് മുജീബിന്റെ വീട്ടുകാരും അഫ്ഗാനിസ്ഥാന്റെ അസിസ്റ്റ്ന്റ് കോച്ച് ഖലീഖ് ദാദും.

പണവും പ്രശസ്തിയും മൂലം പ്രതിഭ കൈവിട്ടുപോയവരെക്കുറിച്ച് ഇവർ എപ്പോഴും മുജീബിനെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ജൂണിൽ ബെംഗളൂരുവിൽ ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ ടെസ്റ്റ് മൽസരത്തിൽ കുട്ടിത്താരത്തിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് അവർ. 

റെക്കോർഡുകളുടെ കൂട്ടുകാരൻ 

ഐപിഎൽ താരതേലലത്തിൽ മുജീബിനു വേണ്ടി കിങ്സ് ഇലവൻ നാലു കോടി രൂപ മുടക്കിയപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. അറിയപ്പെടാത്തൊരു കൗമാരക്കാരനു വേണ്ടി മണ്ടത്തരം കാട്ടണോ എന്നായിരുന്നു പലരുടെയും സംശയം. പക്ഷേ, അവയെല്ലാം അസ്ഥാനത്താണെന്ന് തെളിയിക്കും വിധമാണ് ഈ സീസണിലെ ആദ്യ മൂന്നു മൽസരങ്ങളിൽ ഈ പതിനേഴുകാരന്റെ പന്തേറ്. 

കഴിഞ്ഞ ഡിസംബറിൽ ഷാർജയിൽ അയർലൻഡിനെതിരെ രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയപ്പോൾത്തന്നെ മുജീബ് ചരിത്രം കുറിച്ചു. 21ാം നൂറ്റാണ്ടിൽ ജനിച്ച ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന ഖ്യാതിയാണ് സ്വന്തമാക്കിയത്. കന്നി മൽസരത്തിൽ നാലു വിക്കറ്റു വീഴ്ത്തി അഫ്ഗാനിസ്ഥാന് ഉജ്വല വിജയം നേടിക്കൊടുക്കുകയും ചെയ്തു. ന്യൂസീലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിലും തുടർന്ന് സീനിയർ ലോകകപ്പ് യോഗ്യതാ മൽസരത്തിലും മികച്ച പ്രകടനമാണ് നടത്തിയത്.

ഒരു ഏകദിനത്തിൽ അഞ്ചു വിക്കറ്റ് നേടുന്ന ഏറ്റവും കുറഞ്ഞ താരമെന്ന റെക്കോർഡും ഇപ്പോൾ മുജീബിനൊപ്പമാണ്. ഇതടക്കം 15 ഏകദിനങ്ങളിൽനിന്നു 35 വിക്കറ്റും രണ്ടും രാജ്യാന്തര ട്വന്റി20 മൽസരങ്ങളിൽനിന്നു രണ്ടു വിക്കറ്റും നേടിക്കഴിഞ്ഞു. ഡെയർഡെവിൾസിനെതിരെ അരങ്ങേറ്റം കുറിച്ചപ്പോൾ ഐപിഎല്ലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി.