ഏറെയും സ്വന്തം കൈയിലിരിപ്പ്. ബാക്കി അധികാരികളുടെ കൈസഹായം. മികച്ച രാജ്യാന്തര ക്രിക്കറ്ററായിത്തീരേണ്ടിയിരുന്ന അമ്പാട്ടി റായിഡുവെന്ന പ്രതിഭയ്ക്കു സംഭവിച്ചതിതാണ്. വിരാട് കോഹ്‌ലിക്കും രോഹിത് ശർമയ്ക്കുമൊക്കെ മുൻപേ ഭാവിയുടെ തെൻഡുൽക്കർ എന്നു വിശേഷിപ്പിക്കപ്പെട്ട താരമാണ് മുപ്പത്തിമൂന്നാം വയസ്സിലും ഐപിഎല്ലിൽ തായം കളിച്ചുകൊണ്ടിരിക്കുന്നത്. ഐപിഎല്ലിലെ റായുഡുവിന്റെ കളി കണ്ടുനോക്കൂ. ഇത്ര ക്ലാസ്സോടെയും ഒഴുക്കോടെയും ഷോട്ടുകൾ കളിക്കുന്നവർ നിലവിലെ ഇന്ത്യൻ ടീമിൽ അധികം ഇല്ലതന്നെ.
എങ്കിലും ഇനി ഈ ഗുണ്ടൂരുകാരൻ ഇന്ത്യൻ ജഴ്സിയണിയുമെന്നു കരുതിക്കൂടാ. അടുത്ത ലോകകപ്പ് തൊട്ടടുത്താണ്. മുപ്പത്തിരണ്ടിന്റെ ചെറുപ്പമുള്ള റായുഡുവിന് കേദാർ ജാദവ്, മനീഷ് പാണ്ഡെ, ദിനേഷ് കാർത്തിക്, ശ്രേയസ് അയ്യർ എന്നിവരോട് മൽസരിച്ച് ടീമിലെത്താൻ സാധിക്കുമോയെന്ന് കണ്ടറിയണം. ഇനി പ്രത്യേകിച്ചൊന്നും തെളിയിക്കാനില്ലാത്ത റായിഡു കളി തുടരട്ടേ... ആരാധകർക്ക് കണ്ടാസ്വദിക്കുകയെങ്കിലുമാകാമല്ലോ!
താരോദയം
2002ല്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. 303 എന്ന വലിയ ലക്ഷ്യം ചേസ് ചെയ്യാനിറങ്ങിയ ടീം ഇന്ത്യ ആറിനു 135 എന്ന നിലയിൽ നിൽക്കുന്നു. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത റായുഡു ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും അചഞ്ചലനായിരുന്നു. ഏഴാം വിക്കറ്റില്‍ കുല്‍ദീപ് റാവത്തിനെ ഒരറ്റത്തു നിര്‍ത്തി റായുഡു സ്‌ട്രോക് പ്ലേയില്‍ ആടിത്തിമര്‍ത്തു. 11 പന്ത് ബാക്കി നില്‍ക്കേ ഒരു വിക്കറ്റിനു വിജയത്തിലെത്തുമ്പോള്‍ 114 പന്തില്‍നിന്ന് 177 റണ്‍സുമായി ക്രീസില്‍ റായുഡു ഉണ്ടായിരുന്നു. 16 ഫോറും ഒരു സിക്‌സും ആ ബാറ്റില്‍നിന്നു പിറന്നു.
കളി കണ്ട് കണ്ണു തള്ളിപ്പോയ കമന്റേറ്റർ ഡേവിഡ് ലോയ്ഡ് ആർത്തു വിളിച്ചു: ‘കൗണ്ടി ക്ലബുകൾ കാണുന്നുണ്ടോ ഈ പയ്യനെ, ഇപ്പോൾ തന്നെ പിടിച്ച് ടീമിലെടുത്തോ നാളെകൾ ഇവനുള്ളതാണ്’. 2004ൽ ബംഗ്ലദേശിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ സെമിയിലെത്തിച്ച ക്യാപ്റ്റനായിരുന്നു റായുഡു. ടീമിൽ കൂടെയുണ്ടായിരുന്നവരിൽ മിക്കവരും ഇന്ത്യൻ ടീമിൽ കളിച്ചപ്പോഴും റായുഡുവിന്റെ നമ്പർ മാത്രം എത്തിയില്ല. ശിഖർ ധവാൻ, ദിനേഷ് കാർത്തിക്, സുരേഷ് റെയ്ന, ആർ.പി. സിങ്, റോബിൻ ഉത്തപ്പ എന്നിവരൊക്കെ അന്ന് സഹതാരങ്ങളായിരുന്നു.
മെരുങ്ങാത്ത സ്വഭാവം
കരിയറിനെ പിന്നോട്ടടിച്ചതിൽ റായിഡുവിന്റെ ചൂടൻ പ്രകൃതവും നിർണായകമായി. 2002ൽ തന്നെ ഹൈദരാബാദിനായി രഞ്ജിയിൽ അമ്പാട്ടിക്ക് മികച്ച തുടക്കം ലഭിച്ചതാണ്. പക്ഷേ ടീം മാനേജ്മെന്റുമായി ഉടക്കി 2005 ആയപ്പോഴേക്കും ആന്ധ്ര ടീമിലേക്കു മാറി. പിന്നീട് ബറോഡയ്ക്കായും വിദർഭയ്ക്കായും ഒക്കെ കളിച്ചു. ഒരിടത്തുനിന്ന് തെറ്റുമ്പോൾ മറ്റൊരു ടീമിൽ. പലപ്പോഴും നല്ല ഇന്നിങ്സുകൾ ആ ബാറ്റിൽനിന്നു വന്നെങ്കിലും തെറിച്ച സ്വഭാവം കാരണം എണ്ണപ്പെട്ടില്ല.
ടീമിലെത്താതെ നിരാശപൂണ്ട് 2007 ൽ വിമത ട്വന്റി20 ലീഗായ ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ കളിക്കാൻ പോയതോടെ ‘ഭ്രഷ്ടനായി’. 2009ൽ ബിസിസിഐ മാപ്പുകൊടുത്തെങ്കിലും നോട്ടപ്പുള്ളി ഇമേജിനു മാറ്റം വന്നില്ല. 2009 സീസൺ മുതൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു. 2018ൽ ആണ് ചെന്നൈയിലേക്കു മാറിയത്. കളത്തിനു പുറത്തും നിരന്തരം പ്രശ്നങ്ങളുണ്ടാക്കി റായിഡു. കഴിഞ്ഞ വർഷം ഒടുവിലും ചെറിയ വാക്കേറ്റം മൂത്ത് ഒരാളെ താരം റോഡിലിട്ട് തല്ലുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
ഒടുവിൽ ടീം ഇന്ത്യയിലേക്ക്
റായിഡുവിന്റെ ഫോമിന്റെ പീക്ക് പിന്നിട്ടെന്നു തോന്നിക്കഴിഞ്ഞ ഘട്ടത്തിലാണ് ഇന്ത്യൻ ടീമിലേക്കു വിളി വരുന്നത്. സിംബാബ്‌വേക്കെതിരായ പരമ്പരയിൽ മുൻനിര താരങ്ങൾക്കു പകരക്കാരനായാണ് ടീമിലെത്തിയത്. ബാറ്റിങ് ഓർഡറിൽ അങ്ങോളമിങ്ങോളം ഓടിച്ച് 34 ഏകദിനങ്ങളിൽ റായിഡുവിനെ കളിപ്പിച്ചു. എല്ലാ പൊസിഷനിലും റൺസ് കണ്ടെത്തിയ അമ്പാട്ടി 50.23 റൺസ്സ് ശരാശരിയിൽ 1055 റൺസ് കണ്ടെത്തി.
പക്ഷേ വമ്പൻമാർ തിരിച്ചെത്തിയതോടെ മികച്ച പ്രകടനം നടത്തിയിട്ടും ടീമിൽനിന്നു പുറത്തുപോകുകയായിരുന്നു. 50നു മുകളിൽ ബാറ്റിങ് ശരാശരി ഉണ്ടായിട്ടും പുറത്തുനിൽക്കുന്ന ബാറ്റ്സ്മാൻമാർ വേറെയുണ്ടോയെന്നു സംശയമാണ്.
ഇപ്പോൾ കൂൾ
ധോണിയുടെ കൈയിൽ ഭദ്രമാണ് റായിഡു. മുംബൈയിൽ കളിച്ചപോലെ പല റോളുകളില്ല. ഓപ്പണിങ്ങിൽ ആസ്വദിച്ചു കളിക്കാനുള്ള ലൈസൻസാണ് കൊടുത്തിരിക്കുന്നത്. റായിഡുവിനെ മനസ്സിലാക്കിയുള്ള സമീപനമെന്നു വേണമെങ്കിൽ പറയാം. ആ കാണിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലമാണ് അദ്ദേഹം മാനേജ്മെൻറിനു തിരിച്ചു നൽകുന്നത്.
സൺറൈസേഴ്സിനെതിരെ കളിച്ച ഇന്നിങ്സ് എന്തു മനോഹരമായിരുന്നു. സാഹചര്യം മനസ്സിലാക്കി പതിയെ തുടങ്ങി മെല്ലെ ഗിയർമാറ്റി ഒടുവിലേക്ക് കത്തിക്കയറുകയല്ലായിരുന്നോ.. ഈ പ്രതിഭയ്ക്ക് ഇനി ഇങ്ങനെയൊക്കെ രസിപ്പിക്കാനേ പറ്റൂ... ഇദ്ദേഹത്തിന്റെ ചങ്ക് പണ്ടേ അധികൃതർക്ക് ചെമ്പരത്തിപ്പൂവാണ്..