Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തഴഞ്ഞവരോട് ‘പക വീട്ടാൻ’ ഗെയ്‌ലിനുണ്ടൊരു ബാറ്റ്!

എ.ഹരിപ്രസാദ്
Zinta-Gayle ക്രിസ് ഗെയ്‌ൽ പഞ്ചാബ് ടീം ഉടമ പ്രീതി സിന്റയ്ക്കൊപ്പം. (ട്വിറ്റർ ചിത്രം)

ഐപിഎൽ പതിനൊന്നാം പതിപ്പിലെ താരലേലത്തിന്റെ ഒന്നാംദിനം ക്രിക്കറ്റ് ആരാധകർ ആശ്ചര്യപ്പെട്ടതു കോടികൾ കിലുങ്ങുന്ന വാങ്ങലുകൾ കണ്ടല്ല. വിളിക്കാൻ ആരും ഇല്ലാതെ ഒരു താരത്തിന്റെ വിൽപന മുടങ്ങിയതു കണ്ടാണ്. ഓസ്ട്രേലിയൻ ബിഗ് ‌ബാഷിലും ഇന്ത്യൻ ആഭ്യന്തര ലീഗുകളിലുമായി മാലപ്പടക്കം സൃഷ്ടിച്ച താരങ്ങളെ ടീമുകൾ മൽസരിച്ചു വിലയ്ക്കെടുക്കുമ്പോൾ എടുക്കാച്ചരക്കായി അവശേഷിച്ച ആ താരം ക്രിസ്‌റ്റഫർ ഹെൻറി ഗെയ്‌ൽ ആണ്.

രണ്ടു ദിനവും രണ്ടു റൗണ്ടും നീണ്ട ലേലത്തിനൊടുവിൽ മാത്രമേ ജമൈക്കയിൽ നിന്നുള്ള ഇതിഹാസതാരത്തിന് അവസരം ഒരുങ്ങിയുള്ളൂ. ലേലത്തിൽ ഏതാണ്ടെല്ലാ താരങ്ങളുടെ പിന്നാലെയും പാഞ്ഞ കിങ്സ് ഇലവൻ പഞ്ചാബിന്റേതായിരുന്നു ആ ക്ഷണം. 

തിരുമ്പിവന്തിട്ടേന്ന് സൊല്ല് ! 

അടിസ്ഥാനവിലയ്ക്കു പഞ്ചാബി പടയിലെത്തിയ ക്രിസ് ഗെയ്‌ലിനു കളത്തിലിറങ്ങാനും വൈകിയാണ് അവസരമൊത്തത്. പക്ഷേ, ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയിട്ടായിരുന്നു ആ വരവ്. ഇതേവരെ കളിച്ചതു നാലേ നാലു മൽസരങ്ങൾ മാത്രം. ആദ്യ മൽസരത്തിൽ തന്നെ 33 പന്തിൽ നിന്ന് ഏഴു ഫോറും നാലു സിക്‌സും പറത്തി 63 റൺസോടെ ടീമിന്റെ വിജയശിൽപിയായാണു ഗെയ്‌ൽ മടങ്ങിയത്.

Chris-Gayle-1

22 പന്തിൽ അർധശതകം കടന്ന മിന്നലാട്ടം ഐപിഎല്ലിലെ തന്നെ ഗെയ്‌ലിന്റെ രണ്ടാമത്തെ വേഗമേറിയ ഫിഫ്റ്റിയാണ്. രണ്ടാം വരവ് ഐപിഎല്ലിലെ ബോളിങ് പവർഹൗസ് എന്നു വിശേഷണമുള്ള സൺറൈസേഴ്സിനെതിരെ. 63 പന്ത് നീണ്ട അപരാജിത തേരോട്ടത്തിൽ ഈ ഐപിഎല്ലിലെ ആദ്യശതകവും അവിടെ പിറന്നു. 

പതിനൊന്നു സിക്സറുകളുടെ ഉഗ്രവീര്യമുള്ള ആ ഇന്നിങ്സിന്റെ രക്തസാക്ഷി ട്വന്റി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള, എതിരാളികൾക്ക് ഇന്നേവരെ ഒരു പിടിയും കൊടുക്കാത്ത അഫ്ഗാൻ താരം റാഷിദ് ഖാനാണ്. റാഷിദിനെ ഒരോവറിൽ നാലു തവണ സിക്സിനു ശിക്ഷിച്ചു ബാറ്റിങ് കരുത്തിന്റെ വിശ്വരൂപം കാട്ടുകയായിരുന്നു അന്നു ജമൈക്കൻ താരം. മൂന്നാം മൽസരത്തിലും കിതച്ചില്ല ഗെയ്‌ലിന്റെ ബാറ്റിങ് വേഗം.

Chris-Gayle-2

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ബോളർമാരായിരുന്നു ഇത്തവണ ‘അടിക്കൂട്ടിൽ’. നരെയ്നും കുൽദീപും ആന്ദ്രേ റസ്സലും ചാവ്‌ലയുമെല്ലാം നിരക്കുന്ന ടീമിനെതിരെ ഗെയ്‌ൽ 38 പന്തിൽ 62 റൺസ് കുറിക്കുമ്പോഴേക്കും മൽസരം ഒൻപതു വിക്കറ്റിനു പ‍ഞ്ചാബിന്റെ പക്ഷത്തെത്തി. നാലാം മൽസരത്തിൽ സൺറൈസേഴ്സിനെതിരെ 22 പന്തിൽ 23 റൺസായിരുന്നു സമ്പാദ്യം. ഈ മൽസരം പഞ്ചാബ് തോൽക്കുകയും ചെയ്തു.

നാലു മൽസരം, 252 റൺസ്. ശരാശരി 126, സ്ട്രൈക്ക് റേറ്റാകട്ടെ 161.53! ഈ സീസണിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരവും മറ്റാരുമല്ല. നാലു മൽസരങ്ങളിൽനിന്ന് 23 തവണയാണ് ഇയാൾ പന്ത് നിലം തൊടാതെ ഗാലറിയിലെത്തിച്ചത് – ഈ മനുഷ്യനു പിന്നാലെ താരലേലത്തിൽ ഒരു ടീമും കോടികളുമായി പോയില്ലെന്നു പറഞ്ഞാൽ എങ്ങനെ ആശ്ചര്യപ്പെടാതിരിക്കും?

കൈവിട്ട റോയൽ ചാലഞ്ചേഴ്സോ?

ഇനി ഗെയ്‌ലിനെ കൈവിട്ട റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കാര്യം. ഈ സീസണിൽ ഏഴു മൽസരങ്ങളിൽ അഞ്ചിലും തോറ്റ് അവസാന സ്ഥാനത്തിനായി ഡൽഹി ഡെയർഡെവിൾസുമായി ‘മൽസരിക്കുക’യാണ് കോഹ്‍ലിയും സംഘവും. സ്വതവേ ദുർബലമായ ബോളിങ് നിരയെ വച്ച് ഇരുന്നൂറിനു മുകളിലുള്ള സ്കോർ പോലും പ്രതിരോധിക്കാനാകാതെ ഉഴറുന്ന വിരാട് കോഹ്‍ലി ഈ സീസണിലെ പതിവുള്ള കാഴ്ചയായി മാറിക്കഴിഞ്ഞു. ക്രിസ് ഗെയ്‌ലിനെപ്പോലുള്ളൊരു താരത്തിന്റെ വില കോഹ്‍ലിയും സംഘവും ഇപ്പോൾ ശരിക്കു മനസ്സിലാക്കിയിട്ടുണ്ടാകും.

Chris-Gayle-3

എന്നെ ടീമിലെടുത്തതിലൂടെ ഇന്ത്യൻ പ്രീമിയർ ലീഗിനെയാണ് വീരേന്ദർ സേവാഗ് രക്ഷിച്ചതെന്ന് ഗെയ്‌ൽ‌ ഒരു പ്രസ്താവന നടത്തിയിരുന്നു. ‘എനിക്ക് പലതും തെളിയിക്കാനുണ്ടെന്ന് ചിലർ പറയുന്നു. എന്നാൽ, എന്റെ പേരിനോട് അൽപം ബഹുമാനം കാട്ടാൻ മാത്രമാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്...’

Chris-Gayle-7

ഫുട്ബോൾ കളത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തുന്ന പ്രസ്താവനകളെ ഓർമിപ്പിക്കുന്ന ഈ പരാമർശം, ക്രിസ് ഗെയ്‌ലിനല്ലാതെ മറ്റാർക്കു നടത്താനാകും? ഇതേ വാചകങ്ങൾ പിന്നീട് സേവാഗ് ട്വീറ്റു ചെയ്യുകയും ചെയ്തു.

തിരിച്ചുവരവിന്റെ രണ്ടാമൂഴം 

ഐപിഎല്ലിൽ ഇതാദ്യമായല്ല അവഗണനയും പിന്നീട് അശ്വമേധവുമായി ഗെയ്‌‌ലിന്റെ തിരിച്ചുവരവ്. 2011ലെ ലേലത്തിൽ കരീബിയൻ താരത്തിന്റെ പേരു വിളിച്ചപ്പോൾ കാഴ്ചക്കാരുടെ റോളിലായിരുന്നു എതിർടീമുകളെല്ലാം. തൊട്ടുപിന്നാലെ ദേശീയടീമിന്റെ വാതിലുകൾ അടച്ചു വെസ്റ്റിൻഡീസ് അധികൃതരും ഗെയ്‌ലിനെ ഒഴിവാക്കി. ഐപിഎല്ലിൽ ബാറ്റും ബോളും ഏറ്റുമുട്ടിത്തുടങ്ങിയതോടെ ഗെയ്‌ലിനു വിളിയെത്തി. ഡിർക്ക് നാനസിന്റെ പരുക്കിന്റെ രൂപത്തിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിൽ വന്ന വിടവ് നികത്തുന്നതിനായിരുന്നു ആ വിളി.

Chris-Gayle-8

പിന്നെ നടന്നതെല്ലാം ഐപിഎല്ലിന്റെ കൂടി ചരിത്രത്തിന്റെ തിളക്കമാണ്. കൊടുങ്കാറ്റായാണ് അന്നു ഗെയ്‌ൽ ലീഗിൽ അവതരിച്ചത്. ആദ്യമൽസരത്തിൽത്തന്നെ സെഞ്ചുറി. വെറും 55 പന്തുകളിൽ പിറന്ന വെടിക്കെട്ടിനു കരുത്തായത് ഏഴു സിക്‌സറുകൾ, 10 ബൗണ്ടറികൾ. കൊൽക്കത്തക്കാരുടെ തന്ത്രത്തിന്റെ ഭാഗമായൊരുക്കിയ ഈഡനിലെ ബോളിങ് അനുകൂല പിച്ചിൽ ഗെയ്‌ലിന്റെ ഇന്നിങ്‌സും ബെംഗളൂരുവിന്റെ ജയവും അപ്രതീക്ഷിതമായിരുന്നു. ഒന്നിനു പിന്നാലെ ഒന്നായി ഗെയ്‌ലിന്റെ ബാറ്റിൽ നിന്ന് അത്യുജ്വല ഇന്നിങ്സുകൾ പെയ്തിറങ്ങുകയായിരുന്നു ആ സീസണിൽ. 

Chris-Gayle

പകരക്കാരന്റെ റോളിലെത്തി ബെംഗളൂരുവിന്റെ അവിഭാജ്യഘടകമായി മാറിയ ഗെയ്‌ലിന്റെ ബാറ്റിൽ നിന്നുള്ള മിന്നൽ പ്രകടനങ്ങൾക്കും പലകുറി ഇന്ത്യൻ മൈതാനങ്ങൾ വേദിയായി. അഞ്ചു വർഷം മുൻപു പുണെ വാറിയേഴ്സിനെതിരെ പിറന്ന അദ്ഭുത ശതകത്തിനാണ് അതിൽ ഒന്നാം സ്ഥാനം. 66 പന്തിൽ നിന്നു പുറത്താകാതെ 175 റൺസാണു കരീബിയൻ പോരാളി അന്ന് അടിച്ചുകൂട്ടിയത്. 17 സിക്‌സും 13 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്. റെക്കോർഡുകളുടെ പെരുമഴയാണ് ആ മിന്നൽക്കുതിപ്പിൽ ഗെയ്‌ൽ സൃഷ്ടിച്ചത്.

Chris-Gayle-5

30 പന്തിൽ ശതകം തികച്ച് ഏറ്റവും വേഗമേറിയ സെഞ്ചുറിയും പിന്നാലെ ട്വന്റി 20യിലെ ഏറ്റവും ഉയർന്ന വ്യക്‌തിഗത സ്‌കോറും ഗെയ്‌ലിന്റെ പേരിനൊപ്പമായി. ഒരു ഇന്നിങ്സിൽ 17 സിക്സറുകളുമായി പുണെയ്ക്കെതിരെ തീർത്ത റെക്കോർഡ് അടുത്തിടെയാണു ഗെയ്ൽ ഒന്നഴിച്ചു പണിതത്. ഡിസംബറിൽ ബംഗ്ലദേശ് പ്രീമിയർ ലീഗ് ഫൈനലിൽ ഒരു സിക്സ് കൂടി ചേർത്തു മധുരപ്പതിനെട്ട് ആക്കിയാണു വിൻഡീസ് താരം റെക്കോർഡ് പുതുക്കിയത്.

Chris-Gayle-6
related stories