ഇന്ത്യൻ ക്രിക്കറ്റിന്റെ ഹിറ്റ് മാൻ രോഹിത് ശർമയും സംഘവും ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും നിറംമങ്ങിയപ്പോൾ മുംബൈ ഇന്ത്യൻസിന് സീസണിലെ ആറാം തോൽവി. ഇരുന്നൂറിനു മുകളിലുള്ള സ്കോറുകൾ പോലും പ്രതിരോധിക്കാൻ പാടുപെടുന്ന ബാംഗ്ലൂരിനെതിരെ 168 റൺസ് വിജയലക്ഷ്യം കയ്യെത്തിപ്പിടിക്കാനാകാതെയാണ് മുൻ ചാംപ്യൻമാർ കൂടിയായ മുംബൈ അപ്രതീക്ഷിത തോൽവി വഴങ്ങിയത്. താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങിയിട്ടും മുംബൈയ്ക്കെതിരെ വിജയം പിടിച്ചെടുക്കാനായത് ഭാര്യ അനുഷ്ക ശർമയുടെ ജൻമദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ വിരാട് കോഹ്‍ലിക്കും ആശ്വാസമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയൽ ചാലഞ്ചേഴ്സിന് ഒരിക്കൽപ്പോലും പൂർണ മികവിലേക്കുയരാനായില്ലെന്നതാണ് യാഥാർഥ്യം. ഈ സീസണിൽ റോയൽ ചാലഞ്ചേഴ്സിന്റെ പടയോട്ടങ്ങൾക്കു ചുക്കാൻ പിടിച്ച എ.ബി. ഡിവില്ലിയേഴ്സ് തുടർച്ചയായ രണ്ടാം മൽസരത്തിലും പുറത്തിരുന്നപ്പോൾ, ബാറ്റിങ്ങിന്റെ ഭാരം ഏറ്റെടുക്കാൻ ആരും ഉണ്ടായില്ല. 31 പന്തിൽ രണ്ടു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 45 റൺസെടുത്ത മനൻ വോഹ്റയായിരുന്നു ടോപ് സ്കോറർ. ബ്രണ്ടൻ മക്കല്ലം (25 പന്തിൽ 37), വിരാട് കോഹ്‍ലി (26 പന്തിൽ 32) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. അവസാന ഓവറുകളിൽ മൂന്നു സിക്സ് ഉൾപ്പെടെ 10 പന്തിൽ 23 റൺസെടുത്ത കോളിൻ ഡിഗ്രാൻഡ്‌ഹോമിന്റെ പ്രകടനമാണ് റോയൽ ചാലഞ്ചേഴ്സ് സ്കോർ 160 കടത്തിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ കാര്യം അതിലും കഷ്ടമായിരുന്നു. മുൻനിര കൂട്ടത്തോടെ തകർന്നപ്പോൾ ടീമിനെ താങ്ങിനിർത്തിയത് അർധസെഞ്ചുറിയുമായി പട നയിച്ച ഹാർദിക് പാണ്ഡ്യ. 42 പന്തിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 50 റൺസെടുത്ത പാണ്ഡ്യ അവസാന ഓവറിന്റെ ആദ്യ പന്തിൽ കൂടാരം കയറിയതോടെ മുംബൈയുടെ പോരാട്ടം അവസാനിക്കുകയും ചെയ്തു. ക്രുനാൽ പാണ്ഡ്യ (19 പന്തിൽ 23), ബെൻ കട്ടിങ് (ആറു പന്തിൽ 12) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
വിജയത്തോടെ എട്ടു മൽസരങ്ങളിൽനിന്ന് ആറു പോയിന്റുമായി റോയൽ ചാലഞ്ചേഴ്സ് അഞ്ചാം സ്ഥാനത്തേക്കു കയറി. മുംബൈയാകട്ടെ, എട്ടു മൽസരങ്ങളിൽനിന്ന് നാലു പോയിന്റുമായി ഏഴാം സ്ഥാനത്തേക്കു പതിച്ചു. പിന്നിലുള്ളത് എട്ടു മൽസരങ്ങളിൽനിന്ന് നാലു പോയിന്റുള്ള ഡൽഹി ഡെയർഡെവിൾസ് മാത്രം.
നിറം മങ്ങി ഹിറ്റ്മാൻ
168 റൺസെന്നാൽ മുംബൈയ്ക്കെന്നല്ല, ഐപിഎല്ലിലെ ഏതു ടീമിനും വലിയ ബുദ്ധിമുട്ടില്ലാതെ പിടിച്ചെടുക്കാവുന്ന വിജയലക്ഷ്യമാണ്. പ്രത്യേകിച്ചും റോയൽ ചാലഞ്ചേഴ്സ് പോലെ ദുർബലമായ ബോളിങ് നിരയുള്ള ടീമിനെതിരെ. എന്നാൽ, അത്രയൊന്നും ശക്തരല്ലാത്ത ബാംഗ്ലൂരിനെതിരെയും മുംബൈ ഇന്ത്യൻസിന് മുട്ടിടിക്കുന്ന കാഴ്ചയാണ് ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കണ്ടത്. അവരുടെ ക്യാപ്റ്റൻ രോഹിത് ശർമയെ നോക്കുക. ഹിറ്റ്മാനെന്നൊക്കെയാണ് വിളിപ്പേരെങ്കിലും ആദ്യ പന്തിൽ തന്നെ പുറത്താകാനായിരുന്നു രോഹിതിന്റെ വിധി. ഉമേഷ് യാദവിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്കിന് ക്യാച്ച് നൽകിയാണ് രോഹിത് പുറത്തായത്. ടീം ഇത്രയേറെ പ്രതിസന്ധിയിൽ നിൽക്കുമ്പോഴും അലസമായി ബാറ്റുവീശിയ രോഹിത് ആരാധകരിൽ നിന്ന് കേൾക്കുന്ന പഴി ചില്ലറയല്ല.
അർധസെഞ്ചുറി നേടിയ ഹാർദിക് പാണ്ഡ്യ മാത്രമാണ് മുംബൈ നിരയിൽ തിളങ്ങിയത്. 42 പന്തിൽ 50 റൺസെടുത്ത പാണ്ഡ്യ ടിം സൗത്തിക്ക് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. അതും വിരാട് കോഹ്‍ലിയുെട തകർപ്പൻ ക്യാച്ചിൽ. ഈ ക്യാച്ചോടെയാണ് റോയൽ ചാലഞ്ചേഴ്സ് മൽസരത്തിലേക്ക് തിരികെയെത്തിയതെന്നു പറഞ്ഞാലും തെറ്റില്ല. ഒരു ഘട്ടത്തിൽ പാണ്ഡ്യ സഹോദരന്മാർ ചേർന്ന് മുംബൈയെ വിജയിപ്പിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. ഇരുവരും ചേർന്ന് മികച്ച കൂട്ടുകെട്ടും കളിയിൽ തീർത്തു. പക്ഷേ, അവസാന ഓവറുകളിൽ മുഹമ്മദ് സിറാജ്, ടിം സൗത്തി എന്നിവര്‍ റൺസ് വിട്ടുകൊടുക്കുന്നതിൽ കാണിച്ച പിശുക്ക് മുംബൈയ്ക്ക് പാരയായി. 168 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 153 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ആറാം തോൽവിയോടെ ടൂര്‍ണമെന്റിലെ അവരുടെ മുന്നോട്ടുപോക്കും പ്രതിസന്ധിയിലായി.
സൂര്യകുമാർ യാദവ് (ഒൻപത് പന്തിൽ ഒൻപത്), ഇഷാൻ കിഷൻ (പൂജ്യം), ജെ.പി.ഡുമിനി (29 പന്തിൽ 23), പൊള്ളാർഡ് (13 പന്തിൽ 13), ക്രുനാൽ പാണ്ഡ്യ (19 പന്തിൽ 23), ബെൻ കട്ടിങ് (ആറ് പന്തിൽ 12), മിച്ചൽ മക്‌ലീനാകൻ (പൂജ്യം) എന്നിങ്ങനെയാണു മറ്റു മുംബൈ താരങ്ങളുടെ സ്കോറുകൾ. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ടിം സൗത്തി എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
ടിം സൗത്തിയും മുഹമ്മദ് സിറാജും എറിഞ്ഞ 18,19 ഓവറുകളിൽ ആകെ 10 റണ്‍സെടുക്കാൻ മാത്രമാണ് മുംബൈ താരങ്ങൾക്കു സാധിച്ചത്. 19–ാം ഓവറിൽ ഒരു വിക്കറ്റും വീണു. ഈ രണ്ട് ഓവറുകളിൽ ബാംഗ്ലൂർ കളി തിരിച്ചുപിടിച്ചതോടെ അവസാന ഓവറില്‍ മുംബൈയ്ക്ക് ജയിക്കാൻ ആറ് പന്തിൽ 25 റണ്‍സ്. എന്നാൽ പത്തു റൺസെടുക്കാൻ മാത്രമാണ് അവർക്ക് സാധിച്ചത്.
ബാറ്റിങ്ങിൽ ‘തോറ്റു’, എന്നിട്ടും ജയിച്ചു
ഒരു താരം പോലും അർധ സെഞ്ചുറി നേടാതെയാണ് 167 റണ്‍സെന്ന പൊരുതാവുന്ന സ്കോർ ബാംഗ്ലൂർ സമ്പാദിച്ചത്. ഓപ്പണർ മനൻ വോറയാണ് അവരുടെ ടോപ് സ്കോറർ. 31 പന്തുകൾ നേരിട്ട വോറ 45 റൺസെടുത്ത് പുറത്തായി. നാലു സിക്സുകൾ പറത്തിയ വോറ മായങ്ക് മാർക്കണ്ഡെയുടെ പന്തിൽ എല്‍ബിയിൽ കുരുങ്ങിയാണ് പുറത്തായത്.
ബ്രണ്ടൻ മക്കല്ലം (25 പന്തിൽ 37), വിരാട് കോഹ്‍ലി (26 പന്തിൽ 32) എന്നിവരാണ് ബാംഗ്ലൂരിന്റെ മറ്റു പ്രധാന സ്കോറർമാര്‍. അവസാന ഓവറുകളിൽ കോളിൻ ഗ്രാൻഹോമിന്റെ പ്രകടനവും നിർണായകമായി. 10 പന്തുകൾ മാത്രം നേരിട്ട ഗ്രാൻഹോം 23 റൺസെടുത്തു പുറത്താകാതെ നിന്നു. അവസാന ഓവറിൽ മൂന്നു സിക്സുകളാണ് ഗ്രാൻഹോം പറത്തിയത്.
ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ക്വിന്റൻ ഡികോക്ക് (13 പന്തിൽ ഏഴ്), മൻദീപ് സിങ് (പത്ത് പന്തിൽ 14), വാഷിങ്ടൻ സുന്ദർ (മൂന്ന് പന്തിൽ ഒന്ന്), ടിം സൗത്തി (രണ്ട് പന്തിൽ ഒന്ന്) എന്നിങ്ങനെയാണ് പുറത്തായ ബാംഗ്ലൂർ താരങ്ങളുടെ സ്കോറുകൾ. മുംബൈയ്ക്കു വേണ്ടി ഹാർദിക് പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി. മായങ്ക് മാര്‍ക്കണ്ഡെ, മിച്ചൽ മക്‌ലനാഗൻ, ജസ്പ്രീത് ബുംമ്ര എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. മുംബൈ നിരയിൽ മിച്ചൽ മക്‌ലീനാകൻ മാത്രമാണ് 30നു മുകളിൽ റൺസ് വഴങ്ങിയത്.