കോഹ്‍ലിയോട് ആരാധകര്‍ പറയുന്നു; ഈ നശിച്ച ടീമില്‍നിന്ന് മാറിക്കൂടേ..

വിരാട് കോഹ്‍ലിയും യുസ്വേന്ദ്ര ചഹലും മൽസരത്തിനിടെ

ചട്ടപ്പടി സര്‍വീസുകളുമായി ബോറന്‍ ഏര്‍പ്പാടായിരുന്ന വിമാനയാത്രകളെ ഇളക്കി മറിച്ചാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പിറവി. വിജയ് മല്യയെന്നയുവമദ്യ മുതലാളി അന്നുവരെ ഇന്ത്യക്കാര്‍ അനുഭവിച്ചിട്ടില്ലാത്ത സൗകര്യങ്ങളും അതിസുന്ദരികളും ചുറുചുറുക്കുള്ളവരുമായ എയര്‍ഹോസ്റ്റസുമാരെയും നല്‍കി യാത്രകള്‍ അവിസ്മരണീയങ്ങളാക്കി. റോക്കറ്റുപോലെയായിരുന്നു കിങ്ഫിഷറിന്റെ വിജയക്കുതിപ്പ്. കിതയ്ക്കാനും അധികം നേരം വേണ്ടിവന്നില്ലെന്നു മാത്രം. മുതലാളി വരവിനെക്കാള്‍ ചെലവാക്കാന്‍ തുടങ്ങിയതോടെ ശമ്പളം കിട്ടാതെ ജീവനക്കാര്‍ കമ്പനി വിട്ടു. അധികം വൈകാതെ സംഭവം പൂട്ടിക്കെട്ടി. 

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും കിങ് ഫിഷര്‍ എയര്‍ലൈന്‍സും തമ്മിലുള്ള സാമ്യം വിജയ് മല്യയെന്ന മുതലാളിയില്‍ മാത്രമൊതുങ്ങുന്നില്ല, കാര്യങ്ങളേതാണ്ട് ഇതുപോലെയാണ്. ആരും നോക്കിപ്പോകുന്ന താരങ്ങളുടെ കൂടാരം. എന്തിനും പോന്ന ആരാധകര്‍. ഓരോ വര്‍ഷവും ഞങ്ങള്‍ കപ്പടിക്കുമെന്നുറപ്പിക്കുന്ന വാശി.. ഒടുക്കം ട്രോളമ്പുകളേറ്റു വാങ്ങി അടുത്ത കൊല്ലം കാണാമെന്ന് ഉപചാരം ചൊല്ലിപ്പിരിയേണ്ട ദുരവസ്ഥ. സണ്‍റൈസേഴ്‌സിനോടു കൂടി തോറ്റതോടെ കോഹ്‍ലി ആരാധകര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.. ഈ നശിച്ച ടീമൊന്നു വിട്ടു പൊയ്ക്കൂടേ..

മൂന്നുവട്ടം കലാശപ്പോരില്‍

പതിനൊന്നാം എഡിഷന്‍ എത്തി നില്‍ക്കുന്ന ഐപിഎല്ലില്‍ മൂന്നുവട്ടം ഫൈനലില്‍ കടന്നവരാണ് ആര്‍സിബി. പക്ഷേ കപ്പ് ചുണ്ടകലത്തില്‍ തെറിച്ചുപോകുകയായിരുന്നു. രണ്ടുതവണ ആര്‍സിബിയില്‍നിന്നു കപ്പടിച്ചത് ഹൈദരബാദ് ടീമുകള്‍. 2011ല്‍ ചെന്നൈ. 2008ല്‍ ഐപിഎല്‍ തുടങ്ങുമ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ വയസ്സന്‍ പടയായിരുന്നു ആര്‍സിബി. അനില്‍ കുംബ്ലെയും  ജാക് കാലിസും വസീം ജാഫറും മിസ്ബാ ഉള്‍ഹഖുമൊക്കെയായിരുന്നു പ്രധാന താരങ്ങള്‍. നാലു ജയവും 10 തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എട്ടാമത് ഡെക്കാന്‍ ചാര്‍ജേഴ്‌സ്.

വിക്കറ്റു വീഴ്ത്തിയ ഉമേഷ് യാദവിനൊപ്പം സഹതാരങ്ങൾ

അവസാന സ്ഥാനക്കാരുടെ ഫൈനലായിരുന്നു 2009ല്‍ 144 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കുംബ്ലെയുടെ നേതൃത്വത്തിലുള്ള സംഘം ആറു റണ്‍സ് അകലത്തില്‍ വീണു. 2010 ല്‍ സെമി ഫൈനലിലെത്താനായി. തൊട്ടടുത്ത വര്‍ഷം വെട്ടോറിയുടെ നേതൃത്വത്തിലുള്ള സംഘം ഫൈനലിലേക്കു മാര്‍ച്ച് ചെയ്‌തെങ്കിലും മുരളി വിജയുടെ കൂറ്റനടികള്‍ക്കു മുന്‍പില്‍ ചെന്നൈയോട് അടിയറവു പറഞ്ഞു. 2012ലും 13ലും 14ലും ടീമിന് പ്ലേ ഓഫ് യോഗ്യത നേടാനായില്ല. 2013 മുതലാണ് കോഹ്‍ലി നായകനായി എത്തുന്നത്. 2008 മുതല്‍ ടീമിന്റെ ഭാഗമായ കോഹ്‍ലിക്കു പുതിയ വെല്ലുവിളിയായിരുന്നു ക്യാപ്റ്റന്‍സി. കോഹ്‍ലി യുഗത്തിലാണ് ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് എന്നീ ഭൂലോക അടിക്കാര്‍ ടീമിന്റെ ഭാഗമാകുന്നത്. എങ്കിലും ടീം ക്ലിക്കാകാന്‍ 2015 വരെയെടുത്തു. 

വിരാട് കോഹ്‍ലി

2015ല്‍ മൂന്നാം സ്ഥാനക്കാരായിരുന്നു ആര്‍സിബി. 2016ല്‍ ആയിരത്തിനടുത്ത് റണ്‍സുമായി വിരാട് കോഹ്‍ലി തകര്‍ത്താടിയപ്പോള്‍ ആര്‍സിബി വീണ്ടും ഫൈനല്‍ കണ്ടു. ഗെയ്‌ലും രാഹുലും ഡിവില്ലിയേഴ്‌സുമെല്ലാം അവരവരുടെ റോളുകള്‍ ഭംഗിയാക്കി. വാര്‍ണറുടെ സണ്‍റൈസേഴ്‌സ് 208 റണ്‍സു കുറിച്ചിപ്പോള്‍ എട്ട് റണ്‍സ് കമ്മിയില്‍ കോഹ്ലിയുടെ കുട്ടികള്‍ കളിയവസാനിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഏറ്റവും ഒടുവിലായിരുന്നു താരപ്പട. 14 മല്‍സരങ്ങളില്‍ മൂന്നു വിജയം മാത്രം. ഇത്തവണയും സാധ്യതകള്‍ ഏതാണ്ട് തീര്‍ന്നു കഴിഞ്ഞു.

തോല്‍വിയെങ്ങനെ-താത്വികമായി പറഞ്ഞാല്‍..

ടീം മാനേജ്‌മെന്റിന്റെ തലയില്ലായ്മ തന്നെയാണ് പ്രധാന കാരണം. ബാറ്റ് ചെയ്യാന്‍ വെടിക്കെട്ടുകാര്‍ വേണമെന്നല്ലാതെ ബോളിങ് വിഭാഗത്തെക്കുറിച്ച് അവര്‍ തലപുണ്ണാക്കിയില്ല. താരങ്ങളെ ലേലത്തില്‍ വാങ്ങുന്നതിലും നിലനിര്‍ത്തുന്നതിലുമെല്ലാം മുതലിറക്കുന്നവര്‍ പരാജയപ്പെട്ടു. കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചു പറയുന്നവര്‍ അതുകൂടി ഓര്‍ക്കണം. ക്രിസ് ഗെയിലിനെയും കെ.എല്‍.രാഹുലിനെയും ഷെയ്ന്‍വാട്‌സനെയുമൊക്കെ മോചിപ്പിച്ചിട്ട് സര്‍ഫ്രാസ് ഖാന്‍ എന്ന ഒരു സീസണിലെ ഏതാനു കളി മാത്രം ജയിപ്പിച്ച പയ്യനു പിന്നാലെ പോയത് പ്രധാന അബദ്ധം. 

ഐപിഎൽ മൽസരത്തിനിടെ കോഹ്‍ലിയുടെ മുഖഭാവം

രാഹുലിന്റെ കാര്യത്തിലെങ്കിലും ആര്‍ടിഎം ഉപയോഗിക്കാമായിരുന്നു അതും ചെയ്തില്ല. ആകെ ചെയ്തത് ആര്‍സിബിയെ 49 റണ്‍സിന് ഓള്‍ ഔട്ടാക്കിയ കൊല്‍ക്കത്ത ടീമിലെ പേസര്‍മാരെയെല്ലാം ടീമിലെത്തിക്കുകയായിരുന്നു. ഉമേഷ് യാദവ്, ക്രിസ് വോക്‌സ്, കോള്‍ട്ടര്‍നൈല്‍, ഗ്രാന്‍ഡ് ഹോം എന്നിവരില്‍ കോള്‍ട്ടര്‍നൈലിനു പരുക്ക് കുടുങ്ങിയതോടെ പകരം വയ്ക്കാന്‍ ആളില്ലാതായി. നല്ല ഡെത്ത് ബോളര്‍മാരില്ലാത്തതാണ് ഇത്തവണത്തെ ആര്‍സിബിയുടെ പരാജയങ്ങളില്‍ പ്രധാന പങ്കുവഹിച്ചത്. ഒരു സെറ്റ് കളിക്കാരില്‍ വിശ്വാസം കാണിക്കാതെ എല്ലാകളിയിലും ഇലവനെ മാറ്റുന്നതും ടീമിനു ഗുണമായില്ല. ഒടുവില്‍

ബോളര്‍മാര്‍ ഫോമിലെത്തിയപ്പോഴേക്കും ബാറ്റ്‌സ്മാന്‍മാര്‍ കളി മറക്കാന്‍ തുടങ്ങിയതോടെ തകര്‍ച്ച പൂര്‍ണമായി. എങ്കിലും കടുത്ത ആര്‍സിബി ആരാധകര്‍ ഇപ്പോഴും പ്രതീക്ഷയിലാണ് കപ്പ് അടുത്ത തവണ അടിക്കും.. അത് എല്ലാ തവണയും പറയാമല്ലോ!