ബാറ്റിങ് വെടിക്കെട്ടുമായി വിക്കറ്റ് കീപ്പർമാർ; കീപ്പിറ്റ് അപ്

കെ.എൽ.രാഹുൽ, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷൻ കിഷൻ

വിക്കറ്റിനു പിന്നിൽ മാത്രമല്ല, മുന്നിലും ടീമിനെ കീപ്പ് ചെയ്യാനാവുമെന്നു തെളിയിക്കുകയാണു വിക്കറ്റ് കീപ്പർമാർ ഈ സീസൺ ഐപിഎല്ലിൽ. ഡൽഹി താരം ഋഷഭ് പന്തിന്റെ ഇന്നിങ്സ് കീപ്പർമാരുടെ ബാറ്റിങ് മികവിന് ഒരിക്കൽക്കൂടി അടിവരയിടുന്നു. വിക്കറ്റ് കീപ്പിങ് മികവുകൊണ്ടുമാത്രം താരങ്ങൾ‌ ടീമിൽ ഇടം പിടിച്ചിരുന്ന കാലം ഇനി ഇന്നലെകളിൽ മാത്രം.

അടിച്ചു കളിക്കാത്ത വിക്കറ്റ് കീപ്പർമാർ ട്വന്റി–ട്വന്റിയിൽ പടിക്കുപുറത്താണ്. എന്നാൽ റൺമഴ തീർക്കുന്ന വിക്കറ്റ് കീപ്പർമാരാകട്ടെ, ടീം ഫേവറിറ്റുകളും! ഇത്തവണ ഐപിഎല്ലിലും വിക്കറ്റ് കീപ്പർമാർക്ക് റൺ ചാകരയാണ്. പിഞ്ച് ഹിറ്റിങ്ങിൽ പേരെടുത്ത രണ്ടോ അതിലധികമോ വിക്കറ്റ് കീപ്പർമാരുണ്ട് ഒട്ടുമിക്ക ടീമുകളിലും. ധോണിയുടെ വഴിയെ കീപ്പർമാർക്കു മേൽവിലാസമുണ്ടാക്കിക്കൊടുക്കുന്ന ചില താരങ്ങൾ ഇതാ. 

കെ.എൽ.രാഹുൽ

ബാറ്റിങ് വെടിക്കെട്ടിൽ സാക്ഷാൽ ക്രിസ് ഗെയ്‌ലിനെ കാഴ്ച്ചക്കാരനാക്കിയ കഥയാകും രാഹുലിനു പറയാനുണ്ടാകുക. 14 പന്തുകളിൽ അർധസെഞ്ചുറിയടിച്ച രാഹുലിന്റെ പേരിലാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറിയുടെ റെക്കോർഡ്. മറികടന്നത് 15 പന്തുകളിൽ 50 തികച്ച സുനിൽ നരൈനെ. താരത്തിനായി ഇത്തവണ കിങ്സ് ഇലവൻ പഞ്ചാബ് മുടക്കിയത് 11 കോടി. ഈ ഐപിഎല്ലിൽ 10 മൽസരങ്ങളിൽനിന്ന് 471 റൺസാണ് രാഹുൽ അടിച്ചെടുത്തത്.

രാജസ്ഥാനെതിരെ പുറത്താകാതെ നേടിയ 95 റൺസാണ് ഉയർന്ന സ്കോർ. ടെസ്റ്റ് ടീമിൽ സ്ഥിരം സ്ഥാനമുണ്ടെങ്കിലും ഏകദിനത്തിൽ രോഹിത് ശർമയ്ക്കോ ശിഖർ ധവനോ പകരക്കാരനാകാനാണ് ഇന്നും ഈ കർണ്ണാടക ഓപ്പണറുടെ വിധി. 2016ൽ ഇന്ത്യയ്ക്കുവേണ്ടി പാഡ് കെട്ടിയ ആദ്യ ഏകദിനത്തിൽത്തന്നെ സിംബാബ്‌വെക്കെതിരെ സെഞ്ചുറി നേടിയ താരമാണു രാഹുൽ. ഫീൽഡ് ചെയ്യാനാണു കൂടുതൽ താൽപര്യമെങ്കിലും വിക്കറ്റിനുപിന്നിലും രാഹുലിന്റെ പ്രകടനം ഒട്ടും മോശമല്ല. 

ഋഷഭ് പന്ത്

കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ മനം കവർന്ന ഋഷഭ് പന്തിനെ ഇത്തവണയും കണ്ണുമടച്ച് ഡൽഹി ടീമിൽ നിലനിർത്തി. പോയിന്റ് പട്ടികയിൽ ഒടുക്കമാണ് ഡൽഹിയുടെ സ്ഥാനമെങ്കിലും റൺവേട്ടയിൽ മുന്നിലാണ് പന്ത്. കഴിഞ്ഞ മൽസരത്തിൽ ഹൈദരാബാദിനെതിരെ സെഞ്ചുറിയടിച്ച പന്തിന്റെ പേരിലാണ് ഈ ഐപിഎല്ലിലെ ഉയർന്ന സ്കോറും (126*). 2016 അണ്ടർ 19 ലോകകപ്പിൽ വമ്പനടിക്കു പേരെടുത്ത പന്ത് പിന്നീടു ഡൽഹി ഡെയർഡെവിൾസിലെത്താൻ താമസമെടുത്തില്ല.

ട്വന്റി–ട്വന്റി മൽസരങ്ങളിൽ ഇന്ത്യൻ ടീമിലെത്തിയെങ്കിലും പേരിനൊത്ത പ്രകടനം പുറത്തെടുക്കാൻ ഈ ഡൽഹിക്കാരനായില്ല. ഹൈദരാബാദിനെതിരായ മൽസരത്തിൽ മികച്ച ഇക്കോണമി നിരക്കിനു പേരെടുത്ത ഭുവനേശ്വർ കുമാറിനെതിരെ അവസാന രണ്ട് ഓവറുകളിൽ 46 റൺസ് നേടിയ പ്രകടനം മാത്രം മതി പന്തിന്റെ ക്ലാസ് വെളിവാക്കാൻ. 

സഞ്ജു സാംസൺ

താരലേലത്തിൽ 7.80 കോടിവരെ മുംബൈ വിളിച്ചുനോക്കിയെങ്കിലും രാജസ്ഥാൻ സഞ്ജുവിനെ മുറുകെപ്പിടിച്ചു. മുടക്കിയത് അടിസ്ഥാന വിലയുടെ എട്ട് ഇരട്ടി. ഈ ഐപിഎല്ലിൽ രാജസ്ഥാന്റെ സമയം മോശമാണെങ്കിലും സഞ്ജുവിന്റെ സമയം അത്ര മോശമല്ല. 10 മൽസരങ്ങളിൽനിന്ന് 332 റൺസടിച്ച സഞ്ജുവായിരുന്നു ആദ്യഘട്ടത്തിൽ റൺവേട്ടക്കാരിലും മുന്നിൽ.

ബാംഗ്ലൂരിനെതിരായ മൽസരത്തിൽ 45 പന്തിൽ 92 റൺസോടെ പുറത്താകാതെ നിന്ന സഞ്ജുവിന്റെ ഇന്നിങ്സ് വിനോദ് കാംബ്ലിക്ക് ഇഷ്ടമായില്ലെങ്കിലും ആരാധകർക്ക് പെരുത്ത് ഇഷ്ടമായി. ട്വിറ്ററിൽ സഞ്ജുവിനെ വിമർശിച്ച കാംബ്ലിയെ സോഷ്യൽ മീ‍ഡിയയിൽ പൊങ്കാലയിട്ടാണ് ആരാധകർ വായടപ്പിച്ചത്. ജോസ് ബട്‌ലർ രാജസ്ഥാന്റെ വിക്കറ്റ് കാക്കുമ്പോൾ ‘സ്പെഷ്യലിസ്റ്റ്’ വിക്കറ്റ് കീപ്പറായ സഞ്ജുവിനു ഫീൽഡിലാണു സ്ഥാനം. 2014ൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും സഞ്ജുവിന് ഇനിയും ഇന്ത്യൻ കുപ്പായം അണിയാനായിട്ടില്ല. 

ഇഷൻ കിഷൻ

ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയ്ക്കെതിരായ ഒരൊറ്റ ഇന്നിങ്സ് പറഞ്ഞുതരും മൂംബൈയുടെ ഇഷൻ കിഷൻ ആരെന്ന്. സുനിൽ നരൈനും കുൽദീപ് യാദവും പീയുഷ് ചൗളയുമടങ്ങുന്ന കൊൽക്കത്തയുടെ വിഖ്യാത ബോളിങ് നിരയെ ‘പഞ്ഞിക്കിട്ട’ ഈ ജാർഖണ്ഡ് വിക്കറ്റ് കീപ്പർ 21 പന്തിൽ അടിച്ചെടുത്തത് 62 റൺസ്. അതിൽ ആറും സിക്സറുകൾ, സ്ട്രൈക്ക് റേറ്റ് മൂന്നൂറിനടുത്ത്.

വെറുതേയാണോ ലേലം വിളിയിൽ അവസാനംവരെ മൽസരിച്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ കടത്തിവെട്ടി 6.20 കോടിക്ക് ഇഷനെ മുംബൈ റാഞ്ചിയത്! 2016 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ നായകനും ഇഷനായിരുന്നു. പിഞ്ച് ഹിറ്റിങ്ങിന് പണ്ടേ പ്രശസ്തനാണെങ്കിലും മുംബൈയുടെ കഴിഞ്ഞ മൽസരത്തിൽ മാത്രമാണ് ആരാധകർക്കു ദൃശ്യവിരുന്നൊരുക്കാൻ ഈ പത്തൊൻപതുകാരനു സാധിച്ചതെന്നുമാത്രം.