Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന്തടിച്ചിട്ടെന്ത്, ഡൽഹിയുടെ ആകാശത്തും സൂര്യനുദിച്ചു!

Rishabh-Panth സൺറൈസേഴ്സിനെതിരെ സെഞ്ചുറി പൂർത്തിയാക്കിയ ഋഷഭ് പന്തിന്റെ ആഹ്ലാദം. (ട്വിറ്റർ ചിത്രം)

ന്യൂഡൽഹി∙ ഫിറോസ് ഷാ കോട്‍ലയുടെ ആകാശത്ത് ഇന്നലെ മിന്നിനിന്നത് മൂന്നു നക്ഷത്രങ്ങളാണ്. അതിൽ രണ്ടു പേർ ഡൽഹിയുടെ സ്വന്തം ‘പുത്രൻമാർ’. ഒന്ന്, യുവതാരം ഋഷഭ് പന്ത്. രണ്ട്, വെറ്ററൻ താരം ശിഖർ ധവാൻ. മൂന്നാമത്തെ നക്ഷത്രം വിദേശിയാണ്. പേര് കെയ്ൻ വില്യംസൻ. മൂവരും ചേർന്ന് ആരാധകരെ റൺവിരുന്നൂട്ടിയ ആവേശപ്പോരാട്ടത്തിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ആവേശോജ്വല ജയം.

വമ്പൻ സ്കോറുകൾ പിറന്ന മൽസരത്തിൽ ഡൽഹിയെ ഒൻപതു വിക്കറ്റിനു തോൽപ്പിച്ച ഹൈദരാബാദ് പ്ലേ– ഓഫ് യോഗ്യത നേടുന്ന ആദ്യ ടീമുമായി. സ്കോർ ഡൽഹി 20 ഓവറിൽ 187–5, ഹൈദരാബാദ് 18.1 ഓവറിൽ 191–1.

ഈ സീസണിലെ ഉയർന്ന സ്കോർ കുറിച്ച് ഋഷഭ് പന്തെന്ന യുവതാരം ഡൽഹി ഡെയർഡെവിൾസിനായി നടത്തിയ തേരോട്ടത്തിന്, മറ്റൊരു ‘ഡൽഹി താരം’ ശിഖർ ധവാനിലൂടെ സൺറൈസേഴ്സ് ഹൈദരാബാദ് നൽകിയ മറുപടിയായിരുന്നു മൽസരത്തിന്റെ ഹൈലൈറ്റ്. കൂട്ടിന് നായകനൊത്ത പ്രകടനവുമായി കിവീസ് താരം കെയ്ൻ വില്യംസനും. ഫലം, ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് ഡൽഹി ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം 11 പന്തു ബാക്കിനിൽക്കെ ഹൈദരാബാദ് മറികടന്നു, അതും ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ.

ബാറ്റിങ് കരുത്തിൽ ഡൽഹി

പൊരുതാനുറച്ചുതന്നെയാണ് ഐപിഎല്ലിൽ ഹൈദരാബാദിനെതിരെ ഡൽഹി ഇറങ്ങിയത്. പോയിന്റ് പട്ടികയിലെ തുടക്കക്കാരും ഒടുക്കക്കാരും ഏറ്റുമുട്ടുന്ന ഫീൽ ലവലേശം പതിയാതിരുന്ന മൽസരത്തിൽ കാര്യങ്ങൾ ചിട്ടയാക്കിത്തന്നെയാണ് ഹൈദരാബാദ് ബോളർമാർ തുടങ്ങിയത്. നാലാം ഓവറിൽ തുടരെയുള്ള പന്തുകളിൽ പന്തുകളിൽ ഷായെയും(9), റോയിയെയും(11) പുറത്താക്കി ഷാക്കിബ് ഡൽഹിക്ക് ഇരട്ട പ്രഹരം ഏൽപ്പിച്ചു. വലിയ താമസമില്ലാതെ ശ്രേയസ് അയ്യരും (3) റണ്ണൗട്ടായതോടെ ഡൽഹിയുടെ നില പരുങ്ങലിലായി.

എന്നാൽ ഹർഷൽ പട്ടേലുമായി നാലാം വിക്കറ്റിൽ 55 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ പന്ത് അ‍ഞ്ചാം വിക്കറ്റിൽ കൂട്ടിനെത്തിയ ഗ്ലെൻ മാക്സ്‌വെലിനെ കാഴ്ച്ചക്കാരനാക്കി നിർത്തിക്കൊണ്ടും അടി തുടർന്നതോടെ മൽസരത്തിലേക്ക് ഡൽഹി തിരിച്ചെത്തി. 19–ാം ഓവറിൽ കൗളിനെ ബൗണ്ടറിയടിച്ച് സെഞ്ചുറി തികച്ചപ്പോൾ പന്ത് നേരിട്ടത് 56 പന്തുകൾ. അഞ്ചാം വിക്കറ്റിൽ പന്ത്– മാക്‌സ്‌വെൽ സഖ്യം നേടിയ 63 റൺസിൽ മാക്സ്‌വെലിന്റെ സംഭാവന ഒൻപതു റൺസ് മാത്രമായിരുന്നു!

ഡൽഹി നിരയിലെ ഒറ്റയാൻ നക്ഷത്രം

വ്യക്തിഗത പ്രകടനങ്ങൾ നിറം ചാർത്തിയ മൽസരമായിരുന്നു ഡൽഹി ഫിറോസ് ഷാ കോട്‌ലയിലെ ഡൽഹി–സൺറൈസേഴ്സ് പോരാട്ടം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി നിരയിലാണ് ആദ്യത്തെ നക്ഷത്രം ഉദയം ചെയ്തത്. ഒരു ടീമിന്റെ പ്രതീക്ഷകളുടെ ഭാരമൊന്നാകെ തോളിലേറ്റി ഋഷഭ് പന്തെന്ന ഡൽഹിയുടെ സ്വന്തം പയ്യൻ നിറഞ്ഞാടിയ ഇന്നിങ്സിനൊടുവിൽ ഡൽഹി കുറിച്ചത് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 187 റൺസ്!

ഇതിൽ 128 റൺസും പന്ത് സ്വന്തം പേരിൽ ചേർത്തപ്പോൾ ടീമിലെ മറ്റുള്ളവരെല്ലാം ചേർന്ന് നൽകിയ സംഭാവന 59 റൺസ് മാത്രം! ഈ സീസണിലെ ഏറ്റവും മികച്ച ബോളിങ് നിരയെന്ന് പേരെടുത്ത സൺറൈസേഴ്സ് ഹൈദരാബാദിനെ പന്ത് അടിച്ചോടിക്കുന്ന കാഴ്ച അതിസുന്ദരമായിരുന്നു. കോപ്പിബുക്ക് ഷോട്ടുകളും സ്വന്തമായി ‘വികസിപ്പിച്ചെടുത്ത ഷോട്ടു’കളുമെല്ലാമായി പന്തിന്റെ നിറഞ്ഞാട്ടമായിരുന്നു ഡൽഹി ഇന്നിങ്സിലാകെ.

നാലാമനായി ക്രീസിലെത്തി അവസാന പന്തുവരെ ക്രീസിൽനിന്ന പന്ത് ആകെ നേരിട്ട പന്തുകളുടെ എണ്ണം 63. അതിൽ 15 പന്തുകൾ നിലം പറ്റെ ബൗണ്ടറി കടന്നപ്പോൾ, ഏഴു പന്തുകൾ വാനോളമുയർന്ന് ഗാലറിയിലെത്തി. ഡൽഹി ഇന്നിങ്സ് അവസാനിക്കുമ്പോൾ പന്തിന്റെ പേരിലുണ്ടായിരുന്നത് 128 റൺസ്! ഈ സീസണിൽ ഇന്ത്യൻ താരം നേടുന്ന ആദ്യ സെഞ്ചുറി. സീസണിലെ ഇതുവരെയുള്ള ഉയർന്ന സ്കോറും!

മികച്ച ഇക്കോണമി നിരക്കിനു പേരെടുത്ത ഇന്ത്യൻ താരം ഭുവനേശ്വർ കുമാറായിരുന്നു പന്തിന്റെ ‘പ്രിയ ഇര’. ആദ്യ രണ്ട് ഓവറുകളിൽ ഏഴുറൺസ് മാത്രം വിട്ടുനൽകിയ ഭുവനേശ്വർ കുമാറിനെതിരെ പതിനെട്ടാം ഓവറിൽ 18 റൺസടിച്ചാണ് പന്ത് പ്രായശ്ചിത്തം ചെയ്തത്. ഭുവിയെ അവസാന ഓവറിലും പന്ത് വെറുതെ വിട്ടില്ല. ഈ ഓവറിൽ പന്ത് അടിച്ചെടുത്തത് 26 റൺസ്! ആദ്യ പന്തിൽ മാക്സ്‌വെല്ലിനെ പുറത്താക്കിയ ഭുവിയുടെ അടുത്ത അഞ്ചു ബോളുകളിൽ പന്ത് നേടിയ റൺസ് ഇപ്രകാരം– 4,4,6,6,6!

ഇന്നിങ്സ് അവസാനിക്കുമ്പോൾ ഭുവനേശ്വർ കുമാർ നാല് ഓവറിൽ വഴങ്ങിയത് 51 റൺസ്! സിദ്ധാർഥ് കൗൾ നാല് ഓവറിൽ 48 റൺസും വഴങ്ങി. അതേസമയം, നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഷാക്കിബ് അൽ ഹസ്സൻ, വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും നാല് ഓവറിൽ 24 റൺസ് മാത്രമേ വഴങ്ങിയ സന്ദീപ് ശർമ എന്നിവരുടെ പ്രകടനം ശ്രദ്ധേയമായി.

തിരിച്ചടിച്ച് ഹൈദരാബാദ്

ഋഷഭ് പന്തിന്റെ തട്ടുപൊളിപ്പൻ ഇന്നിങ്സിന് അതേ നാണയത്തിലായിരുന്നു ഹൈദരാബാദിന്റെ തിരിച്ചടി. ഋഷഭ് പന്തെന്ന ഒറ്റയാന്റെ കരുത്തിൽ കുതിച്ച ഡൽഹിയെ ശിഖർ ധവാൻ–കെയ്ൻ വില്യംസൻ എന്നിവരുടെ കൂട്ടായ്മയുടെ മികവിൽ ഹൈദരാബാദ് മറികടക്കുന്നത് സുന്ദരമായ ക്രിക്കറ്റ് കാഴ്ചയായി. വലിയ സ്കോർ പിന്തുടർന്ന ഹൈദരാബാദിന് ഹെയിൽസിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും വില്യംസണൊപ്പം ശിഖർ ധവാൻ കൂടി ഫോം കണ്ടെത്തിയതോടെ ഡൽഹിയുടെ കഥ കഴിഞ്ഞു.

രണ്ടാം വിക്കറ്റിൽ 176 റൺസിന്റെ അപരാജിത കൂട്ടുകെട്ടുയർത്തി ശിഖർ ധവാനും (50 പന്തിൽ 92), നായകൻ കെയ്ൻ വില്യംസണും (53 പന്തിൽ 83്) മൽസരം ഡൽഹിയിൽനിന്നു തട്ടിയെടുക്കുകയായിരുന്നു. ഇരുവരെയും പുറത്താക്കാൻ ഡൽഹി നായകൻ ശ്രേയസ് അയ്യർ ആവനാഴിയിലെ സകല അസ്ത്രങ്ങളും പുറത്തെടുത്തെങ്കിലും ഒന്നും ഫലം കണ്ടില്ല. ഫലം, ഡൽഹി ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു.

താരങ്ങളായി ധവാൻ–വില്യംസൻ

കഴിഞ്ഞ കുറച്ചു മൽസരങ്ങളായി നിശബ്ദമായിരുന്ന ഓപ്പണർ ശിഖർ ധവാന്റെ ബാറ്റ് വീണ്ടും തീതുപ്പുന്ന കാഴ്ചയാണ് ഫിറോസ് ഷാ കോട്‍ല കണ്ടത്. രണ്ടാം ഓവറിൽ ഓപ്പണിങ് പങ്കാളി അലക്സ് ഹെയ്‌ൽസിനെ മടക്കി ഹർഷൽ പട്ടേൽ ഡൽഹിക്കു മികച്ച തുടക്കം സമ്മാനിച്ചെങ്കിലും, പിന്നീട് സംഭവിച്ചത് ഡൽഹി ഓർക്കാനിഷ്ടപ്പെടാത്ത കാര്യങ്ങൾ മാത്രം.

രണ്ടാം ഓവറിന്റെ അവസാന പന്തിൽ ഒരുമിച്ച ധവാൻ–വില്യംസൻ സഖ്യം, 18–ാം ഓവറിന്റെ അഞ്ചാം പന്തിൽ മൽസരം പൂർത്തിയാക്കുന്നതുവരെ ‍ഡൽഹിക്കു സന്തോഷിക്കാനുള്ള വകയൊന്നു പോലും ഫിറോസ് ഷാ കോട്‌ലയിൽ പിറന്നില്ല. ട്രെന്റ് ബോൾട്ട് ഉൾപ്പെടെയുള്ള ഡൽഹി താരങ്ങളെ ഇരുവരും മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും തുടർച്ചയായി ഓടിച്ചുകൊണ്ടിരുന്നു.

30 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ ധവാൻ അർധസെഞ്ചുറിയിലേക്കെത്തിയപ്പോൾ, വില്യംസന് അർധസെഞ്ചുറി പൂർത്തിയാക്കാൻ 38 പന്തു വേണ്ടിവന്നു. അഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു വില്യംസന്റെ അർധസെഞ്ചുറി.

രണ്ടാം വിക്കറ്റിൽ ധവാൻ–വില്യംസൻ സഖ്യം 62 പന്തിൽ നൂറു റൺസ് പൂർത്തിയാക്കി. 88 പന്തിൽ 150 റൺസ് പിന്നിട്ടു. ഒടുവിൽ മൽസരം പൂർത്തിയാകുമ്പോൾ പിരിയാത്ത രണ്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 176 റൺസ്!

ഡൽഹി നിരയിൽ പന്തെടുത്തവരെല്ലാം തല്ലു വാങ്ങി. ബോൾട്ട് 3.5 ഓവറിൽ 43 റൺസും ലിയാം പ്ലങ്കറ്റ് നാല് ഓവറിൽ 41 റൺസും വഴങ്ങി. നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഹർഷൽ പട്ടേലിന്റെ പ്രകടനമായിരുന്നു തമ്മിൽ ഭേദം.

related stories