ഹോൽക്കർ സ്റ്റേഡിയത്തിൽ ഇന്നലെ പെയ്തതാണ് റൺമഴ! ട്വന്റി20 പോരാട്ടത്തിന്റെ സകല പരിമിതികൾക്കും ഉള്ളിൽനിന്ന് രണ്ട് ഇന്നിങ്സിലുമായി ഇവിടെ പിറന്നത് 460 റൺസ്! ആകെ എറിഞ്ഞ 240 പന്തുകളിൽ 31 എണ്ണം നിലം തൊടാതെ ഗാലറിയിലെത്തി. 36 പന്തുകൾ നിലം പറ്റെ ബൗണ്ടറി കടന്നു. റൺമഴ തിമിർത്തു പെയ്ത ആവേശപ്പോരിൽ വിജയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം നിന്നെങ്കിലും, കിങ്സ് ഇലവൻ പഞ്ചാബിനും കൊടുക്കണം കയ്യടി. അതവരുടെ പോരാട്ടവീര്യത്തിനാണ്, അവസാന ശ്വാസം വരെ പോരാടാനുള്ള ആർജവത്തിനാണ്.
ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ പിറന്ന മൽസരത്തിൽ 31 റൺസിനാണ് കൊൽക്കത്തയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 245 റൺസെടുത്തപ്പോൾ, പഞ്ചാബിന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 214 റൺസിൽ ഒതുങ്ങി. സീസണിലെ ആറാം ജയം കുറിച്ച കൊൽക്കത്ത 12 മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്തേക്കു കയറി. തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ കിങ്സ് ഇലവനാകട്ടെ, 12 പോയിന്റുമായി മൂന്നാം സ്ഥാനത്തു തുടരുന്നു. റൺനിരക്കിലെ ആധിപത്യമാണ് കൊൽക്കത്തയ്ക്കു മേൽ പഞ്ചാബിന് മുൻതൂക്കം സമ്മാനിച്ചത്.
ഈ മൽസരം രണ്ടു നക്ഷത്രങ്ങൾക്കും ഉദയം നൽകി. കൊൽക്കത്ത നിരയിലെ നാലു വിക്കറ്റുകൾ പിഴുത പഞ്ചാബ് താരം ആൻഡ്രൂ ടൈ 11 മൽസരങ്ങളിൽനിന്ന് 20 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തിയപ്പോൾ, 29 പന്തിൽ രണ്ടു ബൗണ്ടറിയും ഏഴു സിക്സും സഹിതം 66 റൺസെടുത്ത പഞ്ചാബിന്റെ തന്നെ ലോകേഷ് രാഹുൽ, ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാമനായി. 11 മൽസരങ്ങളിൽനിന്ന് 537 റൺസാണ് രാഹുലിന്റെ സമ്പാദ്യം.
തകർത്തടിച്ച് നരെയ്ൻ, കാർത്തിക്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് ഓപ്പണർ സുനിൽ നരെയ്ൻ, ക്യാപ്റ്റൻ ദിനേഷ് കാർത്തിക് എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളാണ് തുണയായത്. പഞ്ചാബ് ബോളർമാരെ യാതൊരു കൂസലുമില്ലാതെ നേരിട്ട നരെയ്ൻ, ക്രിസ് ലിന്നിനൊപ്പം കൊൽക്കത്തയ്ക്ക് സമ്മാനിച്ചത് ഉജ്വല തുടക്കം.
ഒന്നാം വിക്കറ്റിൽ 5.2 ഓവറിൽ 53 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഇവരുടെ കൂട്ടുകെട്ടു പിരിഞ്ഞത്. 17 പന്തിൽ രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം 27 റൺസെടുത്ത ക്രിസ് ലിന്നിനെ മടക്കി ആൻഡ്രൂ ടൈയാണ് പഞ്ചാബ് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. രണ്ടാം വിക്കറ്റിൽ റോബിൻ ഉത്തപ്പ–നരെയ്ൻ സഖ്യവും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തതോടെ കൊൽക്കത്ത കൂറ്റൻ സ്കോറിനുള്ള അടിത്തറയിട്ടു. രണ്ടാം വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ നരെയ്നെ മടക്കി ടൈ വീണ്ടും പഞ്ചാബിനു പ്രതീക്ഷ നൽകി. ഉജ്വല ഫോമിലായിരുന്ന നരെയ്ൻ 36 പന്തിൽ ഒൻപതു ബൗണ്ടറിയും നാലു സിക്സും സഹിതം 75 റൺസെടുത്താണ് മടങ്ങിയത്. തൊട്ടുപിന്നാലെ ഉത്തപ്പയെയും മടക്കിയ ടൈ ആഞ്ഞടിച്ചെങ്കിലും ആന്ദ്ര റസൽ–ദിനേഷ് കാർത്തിക് സഖ്യം പഞ്ചാബിന്റെ മോഹങ്ങൾ തല്ലിക്കെടുത്തി. 17 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 24 റൺസെടുത്തായിരുന്നു ഉത്തപ്പയുടെ മടക്കം.
നാലാം വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്ത കാർത്തിക്–റസൽ സഖ്യം കൊൽക്കത്ത സ്കോർ 200 കടത്തി. ടീം സ്കോർ 205ൽ നിൽക്കെ റസലിനെ ടൈ മടക്കിയെങ്കിലും നിതീഷ് റാണ (നാലു പന്തിൽ ഒരു സിക്സും ബൗണ്ടറിയും സഹിതം 11), ശുഭ്മാൻ ഗിൽ (എട്ടു പന്തിൽ മൂന്നു ബൗണ്ടറിയോടെ പുറത്താകാതെ 16) എന്നിവരെ കൂട്ടുപിടിച്ച് കാർത്തിക് കൊൽക്കത്തയെ വൻ ഉയരത്തിലെത്തിച്ചു. കാർത്തിക് 23 പന്തിൽ അഞ്ചു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 50 റൺസെടുത്തു പുറത്തായി. സിയർലെസ് നേരിട്ട ഒരേയൊരു പന്ത് നിലം തൊടാതെ ഗാലറിയിലെത്തിച്ച് ശുഭ്മാൻ ഗില്ലിനൊപ്പം പുറത്താകാതെ നിന്നു.
പഞ്ചാബിനായി ആൻഡ്രൂ ടൈ നാല് ഓവറിൽ 41 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഇതോടെ, 20 വിക്കറ്റുകളുമായി ടൈ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തെത്തി.
പൊരുതി, പക്ഷേ തോറ്റു
കൊൽക്കത്ത ഉയർത്തിയ കൂറ്റൻ സ്കോറിനെ ഭയക്കാതെയായിരുന്നു പഞ്ചാബിന്റെ മറുപടി ബാറ്റിങ്. ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ലോകേഷ് രാഹുൽ–ക്രിസ് ഗെയ്‌ൽ സഖ്യം അവർക്ക് മികച്ച തുടക്കം സമ്മാനിക്കുകയും ചെയ്തു. സ്കോർ 57ൽ നിൽക്കെ ക്രിസ് ഗെയ്‌ലും തൊട്ടടുത്ത പന്തിൽ മായങ്ക് അഗർവാളും പുറത്തായതോടെ കൊൽക്കത്ത മൽസരത്തിലേക്കു തിരികെ വന്നു.
17 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 21 റൺസെടുത്ത ഗെയ്‌ലിനെ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ കൈകളിലെതിച്ച ആന്ദ്രെ റസൽ, തൊട്ടടുത്ത പന്തിൽ മായങ്ക് അഗർവാളിനെ സിയർലെസിന്റെ കൈകളിലുമെത്തിച്ചു.
തന്റെ അടുത്ത ഓവറിൽ കരുൺ നായരെയും മടക്കിയ റസൽ പഞ്ചാബിന്റെ സാധ്യതകളുടെ വഴിയടച്ചു. ആറു പന്തിൽ മൂന്നു റൺസായിരുന്നു കരുണിന്റെ സമ്പാദ്യം. ഒരു വശത്ത് തകർത്തടിച്ച രാഹുലിൽ പഞ്ചാബ് പ്രതീക്ഷ വച്ചെങ്കിലും സ്കോർ 93ൽ നിൽക്കെ രാഹുലിനെ നരെയ്ൻ മടക്കി. 29 പന്തിൽ രണ്ടു ബൗണ്ടറിയും ഏഴു സിക്സും സഹിതം 66 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. ഇതോടെ 11 മൽസരങ്ങളിൽനിന്ന് 537 റൺസുമായി ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ രാഹുൽ ഒന്നാമനായി.
സ്കോർ 119ൽ നിൽക്കെ അക്സർ പട്ടേലും മടങ്ങി. 11 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 19 റൺസെടുത്ത പട്ടേലിനെ കുൽദീപ് യാദവാണ് പുറത്താക്കിയത്. വിജയം വിദൂരസാധ്യതയായിരുന്നിട്ടും തകർത്തടിച്ച ആരോൺ ഫിഞ്ച് (20 പന്തിൽ മൂന്നു സിക്സ് സഹിതം 34), രവിചന്ദ്രൻ അശ്വിൻ (22 പന്തിൽ 45), ആൻഡ്രൂ ടൈ (10 പന്തിൽ 14) എന്നിവർ പോരാട്ടത്തിന് ആവേശമുഖം സമ്മാനിച്ചു. കൊൽക്കത്തയ്ക്കായി റസൽ നാല് ഓവറിൽ 41 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.