താരസൂര്യൻ, ബട്‌ലർ; മുംബൈയിലും ‘റോയലാ’യി രാജസ്ഥാൻ

മുംബൈ താരം ഹാർദിക് പാണ്ഡ്യയെ സഞ്ജു സാംസൺ ക്യാച്ചെടുത്തു പുറത്താക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ.

മുംബൈ∙ മുംബൈയുടെ ആകാശത്ത് ഇന്നലെ പ്രഭ തൂകി നിന്ന നക്ഷത്രത്തിന്റെ പേര് ജോസ് ബട്‌ലർ എന്നല്ലാതെ എന്തായിരിക്കും! തുടർച്ചയായ അഞ്ചാം അർധസെഞ്ചുറിയുമായി മുന്നിൽനിന്നു പട നയിച്ച ജോസ് ബട്‌ലറിന്റെ മികവിൽ രാജസ്ഥാൻ കുറിച്ചത് സീസണിലെ ആറാം ജയം. ഏഴു വിക്കറ്റിനാണ് മുംബൈയ്ക്കെതിരെ രാജസ്ഥാൻ ജയിച്ചു കയറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തപ്പോൾ, രണ്ട് ഓവർ ബാക്കി നിലൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ രാജസ്ഥാൻ ലക്ഷ്യത്തിലെത്തി.

തുടർച്ചയായ അഞ്ചാം അർധസെഞ്ചുറിയുമായി തിളങ്ങിനിന്ന ജോസ് ബട്‌ലറിന്റെ പ്രകടനം ഒരിക്കൽക്കൂടി രാജസ്ഥാൻ വിജയത്തിൽ നിർണായകമായി. 53 പന്തുകൾ നേരിട്ട ബട്‌ലർ ഒൻപതു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 94 റൺസെടുത്തു. കഴിഞ്ഞ മൽസരത്തിൽ 95 റൺസെടുത്ത് പുറത്താകാതെ നിന്ന ബട്‌ലറിന് ഇതു രണ്ടാം തവണയാണ് അർഹിച്ച സെഞ്ചുറി നിർഭാഗ്യം കൊണ്ടുമാത്രം നഷ്ടമായത്.

പുറത്താകലിന്റെ വക്കിൽനിൽക്കെ വിജയം ശീലമാക്കിയ രാജസ്ഥാന്റെ തുടർച്ചയായ മൂന്നാം ജയം കൂടിയാണിത്. മുംബൈയാകട്ടെ, തുടർച്ചയായ മൂന്നു വിജയങ്ങളുമായി നടത്തിയ പടയോട്ടത്തിന് ഈ തോൽവിയോടെ തിരശീല വീണു. അവരുടെ നോക്കൗട്ട് പ്രതീക്ഷകൾക്ക് താൽക്കാലിക മങ്ങലുമേറ്റു.

ഓപ്പണിങ് കരുത്തിൽ മുംബൈ

ടോസ് നേടിയ രാജസ്ഥാൻ മുംബൈയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ആഞ്ഞടിച്ച എവിൻ‌ ലൂയിസിന്റെയും (42 പന്തിൽ 60) സൂര്യകുമാർ യാദവിന്റെയും (31 പന്തിൽ 38) മികവിൽ മുംബൈ വമ്പൻ സ്കോറിലേക്കു നീങ്ങുമെന്നു തോന്നി. പത്ത് ഓവർ പിന്നിട്ടപ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 86 റൺസ് എന്ന നിലയിലായിരുന്നു മുംബൈ. എന്നാൽ 11–ാം ഓവറിൽ സൂര്യകുമാറിനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും (0) അടുത്തടുത്ത പന്തുകളിൽ മടക്കി ജോഫ്ര ആർച്ചർ മുംബൈയ്ക്ക് ഇരട്ട പ്രഹരം ഏൽപ്പിച്ചു.

ഏഴു ബൗണ്ടറികളോടെ 38 റൺസെടുത്ത സൂര്യകുമാറിനെയും തൊട്ടടുത്ത പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമയെ സംപൂജ്യനായും ആർച്ചർ ഉനദ്കടിന്റെ കൈകളിലെത്തിച്ചു. പിന്നീടു കണിശതയാർന്ന ബോളിങിലൂടെ രാജസ്ഥാൻ മൽസരത്തിലേക്കു തിരിച്ചുവന്നു.

42 പന്തിൽ നാലു വീതം ബൗണ്ടറിയും സിക്സും സഹിതം 60 റൺസെടുത്ത എവിൻ ലൂയിസ് ധവാൽ കുൽക്കർണിക്കും ക്യാച്ച് സമ്മാനിച്ചതോടെ മുംബൈ പൂർണമായും തകർന്നു. 21 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 36 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയാണ് മുംബൈയെ മാന്യമായ സ്കോറിൽ എത്തിച്ചത്.

സ്റ്റോക്സിന്റെ പന്തിൽ മികച്ച ഡൈവിങ് ക്യാച്ചിലൂടെ സഞ്ജു സാംസണാണ് ഹാർദികിനെ കൈപ്പിടിയിലൊതുക്കിയത്. ഇഷാൻ കിഷൻ (11 പന്തിൽ 12), ക്രുനാൽ പാണ്ഡ്യ (ഏഴു പന്തിൽ മൂന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ബെൻ കട്ടിങ് (ഏഴു പന്തിൽ 10), ഡുമിനി (0) എന്നിവർ പുറത്താകാതെ നിന്നു.

നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജോഫ്രെ ആർച്ചറിന്റെ പ്രകടനം ശ്രദ്ധേയമായി. ആർച്ചറിന്റെ പന്തുകളിൽ ഒരു ബൗണ്ടറി പോലും കണ്ടെത്താൻ മുംബൈ താരങ്ങൾക്കായില്ല. നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ബെൻ സ്റ്റോക്സ് ആർച്ചറിനു മികച്ച പിന്തുണ നൽകി.

അടി നിർത്താതെ ബട്‌ലർ

ഐപിഎല്ലിൽ വൈകിത്തുടങ്ങിയ അടി നിർത്താനുള്ള മൂഡിലായിരുന്നില്ല ജോസ് ‌ബട്‌ലർ! ടൂർണമെന്റിലെ തുടർച്ചയായ അഞ്ചാം അർധ സെഞ്ചുറിയോടെ ബട‌്‌ലർ കത്തിപ്പടർന്നപ്പോൾ മുംബൈ അക്ഷരാർഥത്തിൽ ചാമ്പലായി. 53 പന്തിൽ ഒൻപതു ഫോറും അഞ്ചു സിക്സും പറത്തി 94 റൺസോടെ പുറത്താകാതെനിന്ന ബട്‌ലറുടെ ഇന്നിങ്സാണ് ഒരിക്കൽക്കൂടി രാജസ്ഥാന്റെ മാനം കാത്തത്. 

ഓപ്പണർ ഷോട്ട് (4) നിരാശപ്പെടുത്തിയെങ്കിലും രണ്ടാം വിക്കറ്റിൽ ബട്‌ലറും രഹാനെയും ഒത്തുചേർന്നതോടെ രാജസ്ഥാൻ ഇന്നിങ്സിനു താളം കൈവന്നു. രഹാനെ 36 പന്തിൽ നാലു ബൗണ്ടറി സഹിതം 37 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ രഹാനെ–ബട്‌ലർ സഖ്യം കൂട്ടിച്ചേർത്ത 95 റൺസാണ് രാജസ്ഥാൻ ഇന്നിങ്സിന് അടിസ്ഥാനമിട്ടത്. രഹാനെയെ ഹാർദിക് പാണ്ഡ്യ പുറത്താക്കിയെങ്കിലും നാലാമനായി ക്രീസിലെത്തിയ സഞ്ജു സാംസണെ കൂട്ടുപിടിച്ച് ബട്‌ലർ രാജസ്ഥാനെ വിജയത്തിന്റെ വക്കിലെത്തിച്ചു.

നാലാം വിക്കറ്റിൽ സഞ്ജു–ബട്‌ലർ സഖ്യം കൂട്ടിച്ചേർത്ത 61 റൺസ് രാജസ്ഥാന്റെ വിജയമുറപ്പിച്ചു. 18–ാം ഓവർ ബോൾ ചെയ്ത ഹാർദിക് പാണ്ഡ്യയെ തുടർച്ചയായി രണ്ടു സിക്സുകൾക്കു ശിക്ഷിച്ച സഞ്ജു ടീമിനെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചെങ്കിലും അഞ്ചാം പന്തിൽ ചഹാറിന് ക്യാച്ച് സമ്മാനിച്ച് പുറത്തായി. 14 പന്തിൽ രണ്ടു ബൗണ്ടറിയും രണ്ടു സിക്സും സഹിതം നേടിയ 26 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. തൊട്ടടുത്ത പന്ത് മിഡ്‌വിക്കറ്റിനു മുകളിലൂടെ ഗാലറിയിലെത്തിച്ച് ബട്‌ലർ ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു.

ബട്‌ലറാണ് താരം!

രാജസ്ഥാൻ റോയൽസിന്റെ ഒരു യോഗം നോക്കണം. ആദ്യ മൽസരങ്ങളിൽ മികവിലേക്കുയരാൻ സാധിക്കാതെ പോയ രാജസ്ഥാൻ തുടർ തോൽവികളേറ്റു വാങ്ങി പുറത്താകലിന്റെ വക്കിലെത്തിയതാണ്. ഒരു ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു അവർ.

എന്നാൽ, കൃത്യസമയത്ത് ഫോമിലേക്കുയർന്ന ജോസ് ബട്‌ലറിന്റെ മികവിലേറിയാണ് ഇപ്പോൾ രാജസ്ഥാന്റെ കുതിപ്പ്. ഈ സീസണിൽ ബട്‌ലറിന്റെ തുടർച്ചയായ അഞ്ചാം അർധസെഞ്ചുറിയാണ് ഇന്നലെ പിറന്നത്. അവസാന അഞ്ചു മൽസരങ്ങളിൽ ബട്‌ലറിന്റെ പ്രകടനമിങ്ങനെ:

∙ മുംബൈ ഇന്ത്യൻസിനെതിരെ പുറത്താകാതെ 94

∙ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പുറത്താകാതെ 95

∙ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ 82

∙ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ 51

∙ ഡൽഹി ഡെയർഡെവിൾസിനെതിരെ 67

ഇതോടെ ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിലും ബട്‌ലർ ആദ്യ സ്ഥാനങ്ങളിലെത്തി. 12 മൽസരങ്ങളിൽനിന്ന് 509 റൺസുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബട്‌ലറിപ്പോൾ.