ദക്ഷിണ ദിക്കിലേക്കു നോക്കി നീങ്ങുകയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനൊന്നാമൂഴം. മൽസരങ്ങൾ പത്തിന്റെ പടവു പിന്നിടുമ്പോൾ മുൻപേ കുതിക്കുന്നതു ദക്ഷിണേന്ത്യയിൽ വിലാസം പതിഞ്ഞ ടീമുകൾ. ഒന്നാം സ്ഥാനക്കാരായി ഹൈദരാബാദിന്റെ സൺറൈസേഴ്സ്. തൊട്ടുപിന്നിൽ ചെന്നൈയുടെ സൂപ്പർ കിങ്സ്.
പ്ലേഓഫ് ഉറപ്പിച്ച് ഇരുസംഘങ്ങളും മിന്നിത്തിളങ്ങുമ്പോൾ മങ്ങൽ വീഴുന്നതു ചില മുൻവിധികൾക്കു കൂടിയാണ്. പതിനൊന്നാം സീസണിനു ടോസ് വീഴുമ്പോൾ ആരാധകർ പോലും അവിശ്വാസത്തോടെ കണ്ട ടീമുകളാണു ചെന്നൈയും ഹൈദരാബാദും. വയസ്സൻ പടയെന്നായിരുന്നു വിലക്കു കഴിഞ്ഞു ലീഗിലേയ്ക്കു തിരിച്ചെത്തുന്ന ചെന്നൈ സൂപ്പർ കിങ്സിനു മേൽ വീണ കുറ്റം. ബാറ്റ് കൊണ്ടും തന്ത്രം കൊണ്ടും സൺറൈസേഴ്സിനെ മുന്നിൽ നിന്നു നയിച്ച ഡേവിഡ് വാർണറുടെ അഭാവം സൃഷ്ടിച്ച വിടവായിരുന്നു ഹൈദരാബാദിന്റെ ആശയക്കുഴപ്പം.
വാർണർ എന്ന പോരാളിക്കു പകരക്കാരനാകാൻ വില്യംസൺ പോരായെന്ന പക്ഷത്തിനായിരുന്നു മുൻതൂക്കം. എന്നാൽ ടീമുകൾ കളത്തിലിറങ്ങിയതോടെ കണ്ടത് അവിശ്വാസം വിശ്വാസത്തിനു വഴിമാറുന്ന കാഴ്ചകൾ. ലീഗ് മുന്നോട്ടു നീങ്ങും തോറും ആ വിശ്വാസം ഇരട്ടിക്കുക കൂടി ചെയ്തതോടെ കുട്ടി ക്രിക്കറ്റിൽ പ്രവചനങ്ങൾക്കു വലിയ സ്ഥാനമൊന്നുമില്ലെന്ന് ഒരുവട്ടം കൂടിതെളിഞ്ഞു.
സമാനമാണ് ഇരുടീമുകളുടെയും മുന്നേറ്റം. ചെന്നൈയ്ക്കു കരുത്ത് ബാറ്റിങ് പടയാണ്. ബോളിങ് ആകട്ടെ ഒരു ചുവട് താഴെയെ നിൽക്കൂ. ഹൈദരാബാദിന്റെ ഐശ്വര്യം ബോളിങ്. ബാറ്റിങ് തട്ടിന് അത്ര കനമില്ല. ടീമിനെ മുന്നിൽ നിന്നു നയിക്കുന്ന രണ്ടു നായകർ കൂടിച്ചേരുന്നിടത്താണു കിങ്സിന്റെയും സൺറൈസേഴ്സിന്റെയും വിജയരഥമുരുളുന്നത്.
ബോൾ ആൻഡ് ബ്യൂട്ടിഫുൾ !
റൺസ് അണപൊട്ടിയൊഴുകുന്ന ഐപിഎൽ പിച്ചുകളിൽ 200 റൺസിന്റെ ടോട്ടൽ പോലും അത്ര പന്തിയല്ലാത്ത വിധമാണു ലോകോത്തര ബോളർമാർ നിരന്ന ടീമുകൾ വരെ കളത്തിലെത്തുന്നത്. 150 റൺസിലും താഴെയാണു സ്കോർബോർഡിലെങ്കിൽ മൽസരം തന്നെ കൈവിട്ട നിലയ്ക്കാകും ടീമുകളുടെ ബോളിങ് വരവ്. എന്നാൽ ഹൈദരാബാദ് സൺറൈസേഴ്സിനെ ആ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ട. ബാറ്റ്സ്മാൻമാരുടെ പറുദീസയായ ലീഗിലെ ഒറ്റയാൻമാരാണു ഹൈദരാബാദിന്റെ ബോളർമാർ. ഏതു ടോട്ടലും പിടിക്കും ഭുവനേശ്വർ കുമാറും റാഷിദ് ഖാനും നയിക്കുന്ന ബോളിങ് വിഭാഗം.
ഹോം മാച്ച് ആയാലും എവേ മാച്ച് ആയാലും ഇതിനു മാറ്റമൊന്നുമില്ല. വാങ്കഡെ സ്റ്റേഡിയത്തിൽ കരുത്തരായ മുംബൈയ്ക്കെതിരെ ‘ഡിഫൻഡ്’ ചെയ്തതു 118 റൺസ് ! സ്കോർ ബോർഡിൽ വെറും 132 റൺസ് മാത്രമുണ്ടായിട്ടും ക്രിസ് ഗെയ്‌ലും രാഹുലും വിഹരിക്കുന്ന പഞ്ചാബ് കിങ്സിനെ ഹൈദരാബാദ് പിടിച്ചിട്ടു. ഭുവനേശ്വർ കുമാറും സന്ദീപ് ശർമയും സിദ്ധാർഥ് കൗളും അടങ്ങുന്ന ഇന്ത്യൻ പേസർമാരുമായാണു കിവീസ് നായകൻ കെയ്ൻ വില്യംസണിന്റെ പടയോട്ടം.
ഇടയ്ക്കു ഭുവനേശ്വർ പരുക്കിന്റെ പിടിയിലായപ്പോൾ മലയാളി താരം ബേസിൽ തമ്പിക്കായി ഊഴം. അഫ്ഗാൻ താരം റാഷിദ് ഖാൻ– ബംഗ്ലാ താരം ഷാക്കിബ് അൽ ഹസൻ ജോടികളുടെ സ്പിന്നും കൂടി ചേരുന്നതാണ് ഈ ഐപിഎല്ലിലെ ബോളിങ് വിസ്മയം. ബോളർമാർ കടിഞ്ഞാൻ കൈയിലേന്തുന്ന ടീമിന്റെ തുരുപ്പുചീട്ട് പക്ഷേ കെയ്ൻ വില്യംസൺ തന്നെ. കെയ്നിന്റെ ബാറ്റിൽ കുറിക്കപ്പെടുന്ന റൺസിലും തലയിൽ വിരിയുന്ന തന്ത്രത്തിലുമാണു രണ്ടാം കിരീടം തേടിയുള്ള സൺറൈസേഴ്സ് പ്രയാണം.
സൂപ്പർ ‘ബാറ്റിങ്’ കിങ്സ്
ബാറ്റിങ് മികവിൽ അവിശ്വാസം ബാധിച്ചു തുടങ്ങിയ ധോണിയും മുപ്പതു പിന്നിട്ട ഒരു കൂട്ടം താരങ്ങളുമായെത്തിയ ‘കാലം കഴിഞ്ഞ ടീമിന്റെ’ വില്ലോയുടെ ചൂട് അറിയാത്ത ടീമുകളെ ഐപിഎല്ലിൽ കാണാനാകില്ല. മുംബൈയും ബെംഗളൂരുവും പോലുള്ള വൻടീമുകൾ വിജയം ഉറപ്പിച്ച മൽസരം പോലും ചെന്നൈയുടെ ബാറ്റിങ് ആളിക്കത്തലിൽ ഫലം മാറിയെത്തി. മുംബൈയ്ക്കെതിരെ ഉദ്ഘാടനമൽസരത്തിൽ ഡ്വെയ്ൻ ബ്രാവോ കൊളുത്തിയ വെടിക്കെട്ടിനു പത്താം മൽസരമെത്തിയിട്ടും തിരി കെട്ടിട്ടില്ല. ഷെയ്ൻ വാട്സണും അംബാട്ടി റായുഡുവും സാം ബില്ലിങ്സും തുടങ്ങി ചെന്നൈയ്ക്കു വേണ്ടി ബാറ്റ് എടുത്തവരെല്ലാം വിജയം കൊണ്ടാണു തിരിച്ചുകയറിയത്.
തലയെടുപ്പുള്ള വിജയങ്ങളുമായി കുതിക്കുന്ന ചെന്നൈയുടെ ‘തല’സ്ഥാനത്തു സാക്ഷാൽ മഹേന്ദ്ര സിങ് ധോണി തന്നെ. കഥ കഴിഞ്ഞെന്നു വിമർശകർ പലവട്ടം പറഞ്ഞ ധോണിയുടെ ബാറ്റിന് ഈ ഐപിഎല്ലിൽ വിശ്രമമേ ഉണ്ടായിട്ടില്ല. ക്രീസിൽ താളം കണ്ടെത്താൻ സമയമെടുക്കുന്നുവെന്ന വിമർശനത്തെ ഫ്രണ്ട്ഫൂട്ടിൽ നേരിട്ട ധോണിയുടെ ബാറ്റിൽ നിന്ന് ഇടവേളകളില്ലാതെയാണു പന്ത് ബൗണ്ടറി കടക്കുന്നത്.
ഹെലികോപ്റ്ററായും അല്ലാതെയുമെല്ലാം ധോണിയുടെ സിക്സറുകൾ ഗാലറിയിലേയ്ക്കു പറന്നിറങ്ങുന്നു. ചെന്നൈയുടെ പ്രശ്നബാധിതമേഖലയായ ബോളിങ്ങിലെ പോരായ്മകൾ ടീമിനെ വീഴ്ത്താത്തതിനു പിന്നിലും ധോണിയുടെ സാന്നിധ്യം തന്നെ. പരിചയസമ്പത്തില്ലാത്ത യുവ പേസർമാരെ ലൈനും ലെങ്തും തെറ്റാതെ കൈപിടിച്ചു നടത്തുകയാണ് മുൻ ഇന്ത്യൻ നായകൻ.