Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു സീസൺ, മൂന്നു ടീം, മൂന്നാം വട്ടവും കിരീടം; ലക്കി സ്റ്റാർ കാൺ!

karn-sharma-trophy കാൺ ശർമ ഐപിഎൽ കിരീടവുമായി. (ട്വിറ്റർ ചിത്രം)

തുടർച്ചയായി മൂന്ന് ഐപിഎൽ കിരീടം, മൂന്നും മൂന്നു ടീമുകൾക്കൊപ്പം – ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഇത്രത്തോളം ഭാഗ്യം ചെയ്ത മറ്റൊരു താരമുണ്ടാകുമോ? സംശയമാണ്. ഇക്കുറി കിരീടം ചൂടിയ ചെന്നൈ സൂപ്പർ കിങ്സ് ഉൾപ്പെടെ അവസാന മൂന്നു സീസണുകളിലും കിരീടം ചൂടിയ മൂന്നു വ്യത്യസ്ത ടീമുകൾക്കൊപ്പമുണ്ടായിരുന്ന ഇന്ത്യൻ താരമാണ് ഇപ്പോൾ ഐപിഎൽ വിശേഷങ്ങളിലെ താരം. ഇന്ത്യൻ ജഴ്സിയിൽപോലും അധികം കണ്ടിട്ടില്ലാത്ത ഉത്തർപ്രദേശുകാരൻ കാൺ വിനോദ് ശർമയാണ് ആ താരം! 

2016ൽ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പവും 2017ൽ മുംബൈ ഇന്ത്യൻസിനൊപ്പവും കിരീടനേട്ടത്തിൽ പങ്കാളിയായ കാൺ ശർമ, ഇത്തവണത്തെ ചാംപ്യൻമാരായ ചെന്നൈ ടീമിലും അംഗമായിരുന്നു. കിരീടം ചൂടിയ മൂന്നു ടീമുകളുടെയും ഹെൽമറ്റുകൾ ചേർത്തുവച്ച് കാൺ ശർമ ട്വിറ്ററിൽ ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗ്രൂപ്പു ഘട്ടത്തിൽ അഞ്ചു മൽസരങ്ങളിൽ മാത്രം കളത്തിലിറങ്ങിയ കാൺ ശര്‍മയ്ക്ക് അതിനിർണായകമായ കലാശപ്പോരിലും ധോണി അവസരം നൽകി. പ്രധാന സ്പിന്നറായ ഹർഭജൻ സിങ്, ഇമ്രാൻ താഹിർ എന്നിവരെ പുറത്തിരുത്തിയാണ് മുപ്പതുകാരനായ കാൺ ശർമയ്ക്ക് ധോണി അവസരം നൽകിയത്. നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങിയ കാൺ ശർമ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ഗ്രൂപ്പു ഘട്ടത്തിൽ കാര്യമായി തിളങ്ങാനാകാതെ പോയ കാൺ ശർമയ്ക്ക് ഫൈനൽ കളി‍ച്ച ടീമിൽ സ്ഥാനം ലഭിച്ചത് അപ്രതീക്ഷിതമായിരുന്നു. അതിനു മുൻപ് അഞ്ചു മൽസരങ്ങളിൽനിന്ന് മൂന്നു വിക്കറ്റ് മാത്രമായിരുന്നു ശർമയുടെ സമ്പാദ്യം. രാജസ്ഥാൻ റോയൽസിനെതിരെ 13 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച പ്രകടനം.

‘ധോണിയുടെ തന്ത്രം’ – ഫൈനലിൽ ഹർഭജനു പകരം കാൺ ശർമയെ കളിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ പ്രതികരണം ഇതായിരുന്നു. ചെന്നൈയുടെ കഴിഞ്ഞ കുറച്ചു മൽസരങ്ങൾ ശ്രദ്ധിച്ചാലറിയാം, ഹർഭജൻ അധികം മൽസരങ്ങളിൽ ബോൾ ചെയ്തിരുന്നില്ല. അതുകൊണ്ട് വേറൊരാളെ കളിപ്പിക്കാമെന്ന് ക്യാപ്റ്റന് തോന്നിക്കാണും. വലംകയ്യൻമാർക്കെതിരെ ഉപയോഗിക്കാവുന്ന മികച്ചൊരു ആയുധമായിരുന്നു ധോണിക്കു വേണ്ടത് – ഫ്ലെമിങ് കൂട്ടിച്ചേർത്തു.

സ്പിന്നർമാരെക്കൊണ്ട് ബോളിങ് ഓപ്പൺ ചെയ്യിക്കണോ, സ്പിൻ വിഭാഗത്തിൽ ആരെയൊക്കെ കളിപ്പിക്കണം തുടങ്ങിയ കാര്യങ്ങളിൽ നീണ്ട ചർച്ച നടന്നു. ഹർഭജനും കാൺ ശർമയും മികച്ച ബോളിങ് പ്രകടനങ്ങൾ നടത്തിയിട്ടുണ്ടല്ലോ. ഒടുവിൽ ക്യാപ്റ്റനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടത് – ഫ്ലെമിങ് വ്യക്തമാക്കി.

ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ വിക്കറ്റ് വീഴ്ത്തി കാൺ ശർമ ക്യാപ്റ്റന്റെ വിശ്വാസം കാക്കുകയും ചെയ്തു. ടൂർണമെന്റിലാകെ ആറു മൽസരങ്ങളിൽനിന്ന് നാലു വിക്കറ്റുകളാണ് കാൺ സ്വന്തമാക്കിയത്. ഓവറിൽ ശരാശരി 9.36 റൺസ് വിട്ടുകൊടുക്കുകയും ചെയ്തു.