ബെംഗളൂരു എഫ്സിയോട് തോറ്റതിനു പിന്നാലെ മ്യൂലൻസ്റ്റീനു ചുവപ്പുകാർഡ്; ടീമിൽ പടലപ്പിണക്കം?

റെനി മ്യൂലൻസ്റ്റീൻ

കൊച്ചി∙ റെനി മ്യൂലൻസ്റ്റീനു കീഴിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഒരു ജയം മാത്രം. അഞ്ചു സമനില, രണ്ടു തോൽവി എന്നിങ്ങനെ ഏഴു പോയിന്റ്. ഹോം മാച്ചിൽ ആയിരുന്നു ഏക വിജയം. എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ സർ അലക്സ് ഫെർഗൂസന്റെ അസിസ്റ്റന്റ് ആയിരുന്ന റെനി മ്യൂലൻസ്റ്റീൻ വികാരപരമായി രാജിയിലേക്കു നീങ്ങുമോ? എന്താണ് ഈ തീരുമാനത്തിലേക്കു റെനി കാഞ്ചിവലിക്കാനുണ്ടായ കാരണം?

∙പ്രാഥമിക കാരണം ബെംഗളൂരു എഫ്സിക്കെതിരായ തോൽവിതന്നെ. പക്ഷേ അതല്ല രാജിയിലേക്കു കാഞ്ചിവലിച്ചത്. അത് ഇന്നലെ ടീം ക്യാംപിൽ ഉണ്ടായ ഏതോ സംഭവമാണ്. 

കാരണം ഇന്നലെ രാവിലെ ടീം പതിവുപോലെ പനമ്പിള്ളി നഗർ സ്കൂൾ മൈതാനത്തു പരിശീലനം നടത്തിയിരുന്നു. അതിനുശേഷം ടീം ക്യാംപിൽ എന്തു സംഭവിച്ചു എന്നറിയാൻ ഇനിയും കാത്തിരിക്കണം.

∙മാനേജ്മെന്റ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു എന്നു കരുതുന്നവരുമുണ്ട്. എന്തുകൊണ്ട് ഈ ഘട്ടത്തിൽ രാജി ആവശ്യപ്പെട്ടു? ആരാധകവൃന്ദം വല്ലാതെ വളർന്നുകഴിഞ്ഞു. അതിന്റേതായ സമ്മർദം മാനേജ്മെന്റ് അനുഭവിക്കുന്നുണ്ടാകും. 

∙ബെംഗളൂരുവിനെതിരെ ഗോളുകൾ സ്വയം വരുത്തിവച്ചതാണ് എന്ന അദ്ദേഹത്തിന്റെ വിശകലനം കളിക്കാർക്കിടയിൽ അതൃപ്തി ഉണ്ടാക്കാൻ കാരണമായോ? ആയിരിക്കാം.

∙ബെംഗളൂരുവിനെതിരെ മ്യൂലൻസ്റ്റീന്റെ തന്ത്രങ്ങൾ പാളിപ്പോയെന്നു പല മുൻതാരങ്ങളും പറഞ്ഞു.

∙ആക്രമണത്തിനു മൂർച്ചകൂട്ടാൻ അഞ്ചു വിദേശതാരങ്ങളെ പെനൽറ്റി ബോക്സിനു പുറത്തു നിയോഗിച്ചു. പക്ഷേ ഫലിച്ചില്ല. രണ്ടു സ്ട്രൈക്കർമാരെ മുൻനിർത്തി ദിവസങ്ങളായി നടത്തിയ പരിശീലനവും കളത്തിൽ വിജയമായില്ല. പരുക്കുകൾ വിനയായി. 74–ാം മിനിറ്റിൽ രണ്ടു സബ്സ്റ്റിറ്റ്യൂഷൻ ഒരുമിച്ചു നടത്തേണ്ട ഗതികേടുണ്ടായി.

∙ഗോളടിക്കാനും തുടർച്ചയായി വിജയം കൊയ്യാനും ടീമിനു കഴിഞ്ഞില്ല.

∙സ്റ്റീവ് കൊപ്പലിനെപ്പോലെയല്ല റെനി. കളിക്കളത്തിൽ പിഴവുകൾ വരുത്തുന്നതു കാണുമ്പോൾ കയ്യിലിരിക്കുന്ന വെള്ളക്കുപ്പി ആഞ്ഞെറിഞ്ഞു ബെഞ്ചിലേക്കു മടങ്ങുമായിരുന്നു അദ്ദേഹം. പിന്നെ കുറേനേരത്തേക്കു മൗനമായിരിക്കും. ഇതു കളിക്കാരുടെ മനസ്സു മടുപ്പിച്ചിട്ടുണ്ടാവാം. 

∙പ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല മരുന്ന് വിജയമാണ് എന്നു മ്യൂലൻസ്റ്റീൻ പറഞ്ഞത് ഏതാനും ദിവസം മുൻപാണ്. 

മരുന്നുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല, കളിക്കാർക്കും. അതിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തതാവാം.