ബെംഗളൂരു ∙ ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ..’ ‘ബാബ’ സിനിമയിലെ രജനീകാന്തിന്റെ ഡയലോഗാണു ജോൺ ഗ്രിഗറിയുടെ നാവിൽ.
ഐഎസ്എൽ നാലാം പതിപ്പിന്റെ തുടക്കംമുതൽ പരിശീലകരോടു മാധ്യമപ്രവർത്തകരും കളിപ്രേമികളും ചോദിച്ചു: ‘‘ബെംഗളൂരു എഫ്സി നേരത്തേ തുടങ്ങി, ഒത്തിണങ്ങി. എങ്ങനെ കാണുന്നു?’’
പലരും ഒഴുക്കൻമട്ടിൽ പറഞ്ഞൊഴിഞ്ഞു. ജംഷഡ്പുരിന്റെ സ്റ്റീവ് കൊപ്പൽ തെളിച്ചുപറഞ്ഞു: ‘‘ലീഗ് തുടങ്ങുമ്പോൾ ഏറ്റവും നല്ല ടീം ബിഎഫ്സിയാണ്. ആ നിലവാരത്തിൽ എത്താനും അവരെ പിന്തള്ളാനുമാണു ശ്രമം.’’ ജംഷഡ്പുർ എഫ്സി ബെംഗളൂരിൽച്ചെന്ന് അവരെ തോൽപിച്ചു. പക്ഷേ സെമിയിൽ എത്താനായില്ല. മറ്റെല്ലാ ടീമും ബെംഗളൂരുവിനെ തോൽപിച്ചോടിക്കാൻ ശ്രമിച്ചു, ഫലിച്ചില്ല. ഇപ്പോഴിതാ, വൈകി വന്ന മച്ചാൻമാർ ഫൈനലിലും ബെംഗളൂരുവിനെ കീഴടക്കി ചാംപ്യൻമാരായിരിക്കുന്നു.
കഴിഞ്ഞ വർഷം നവംബർ 17നു തുടക്കമിട്ട നാലാം പതിപ്പിനായി ബെംഗളൂരുവിന്റെ കളിക്കാർ ഒരുക്കങ്ങൾ തുടങ്ങിയതു നാലര മാസം മുൻപേ. എന്നാൽ, ചെന്നൈയിൻ എഫ്സിയുടെ തുടക്കം വൈകി. കൃത്യമായിപ്പറഞ്ഞാൽ ഒക്ടോബർ ഒന്നിനു ചെന്നൈയിലെ ഹയാത്ത് റീജൻസി ഹോട്ടലിലെ കോൺഫറൻസ് മുറിയിൽ എല്ലാവരും ആദ്യമായി ഒത്തുകൂടി. പരിചയപ്പെട്ടു.
‘‘ഇന്ത്യൻ താരങ്ങളെ എനിക്കറിയില്ലായിരുന്നു. സിലക്‌ഷൻ ചുമതല അമോയ് ഘൊഷാലിനായിരുന്നു. നല്ല കളിക്കാരെ മാത്രമല്ല, നല്ല വ്യക്തികളെയുമാണ് അമോയ് തിരഞ്ഞെടുത്തത്. വിജയത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനുള്ളതാണ്.’’ ചെന്നൈയിൻ കോച്ച് ജോൺ ഗ്രിഗറിയുടെ വാക്കുകൾ എത്തുന്നത് ഒരു ചെറുപ്പക്കാരനിലേക്കാണ്. ചെന്നൈയിൻ എഫ്സിയുടെ ചീഫ് ടെക്നിക്കൽ ഓഫിസർ അമോയ്. കണ്ണുകളിലും ചിരിയുള്ള, താടിവച്ച യുവാവ്. കൊൽക്കത്തയിലെ എൻഎസ്എച്ച്എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്യൂണിക്കേഷനിലായിരുന്നു ബിരുദപഠനം. സ്പോർട്സ് വെബ്സൈറ്റിൽ കളിയെഴുത്തുകാരനായി തുടങ്ങി. ഓൺലൈൻ ഫുട്ബോൾ സൈറ്റിൽ സ്ഥിതിവിവരക്കണക്കിന്റെ ചുമതലക്കാരനായി. 2015ൽ ചെന്നൈയിൻ എഫ്സിയുടെ അണിയറക്കാരൻ. കളത്തിനു പുറത്തെ നേട്ടങ്ങൾക്കു ചുക്കാൻപിടിച്ചു. ടീം ഉടമകളുടെ ചെല്ലക്കുട്ടിയായി. കൊൽക്കത്തക്കാരൻ പെട്ടെന്നു തമിഴന്റെ മനസ്സു സ്വീകരിച്ചു, തമിഴ് കളിപ്രേമികളുടെ സ്വന്തക്കാരനായി.
അമോയ് അദ്ഭുതങ്ങൾ
∙രണ്ടാം സീസണിനുശേഷം ടീംവിട്ടുപോയ മെയിൽസൺ ആൽവെസിനെ തിരിച്ചുകൊണ്ടുവന്നു
∙സെറേനോയെയും ഗാവിലാനെയും റാഞ്ചി. റഫായേൽ അഗസ്റ്റോയെ നിലനിർത്തി.
∙സ്ലൊവേനിയക്കാരൻ റെനി മിഹെലിച്ചിനെയും ഗ്രിഗറി നെൽസണെയും കൊണ്ടുവന്നു. സ്പാനിഷ്താരം കാൽഡെറോണുമെത്തി.
∙ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ അമോയ്ക്കു പൂർണ ഉത്തരവാദിത്തം.
എല്ലാ ടീമിലും ഈഗോയുണ്ട്. ഞങ്ങളുടെ ടീമിൽ ഇല്ല - ജോൺ ഗ്രിഗറി, ചെന്നൈ പരിശീലകൻ
നാലു സീസണിൽ രണ്ടു കിരീടം. അഭിമാനകരം. ഒത്തൊരുമയാണു തുണച്ചത് - അമോയ് ഘൊഷാൽ, ചീഫ് ടെക്നിക്കൽ ഓഫിസർ, ചെന്നൈയിൻ എഫ്സി