ഐഎസ്എൽ ഹീറോ പുരസ്കാരം ഛേത്രിക്ക്

ബെംഗളൂരു ∙ കലാശക്കളിയിൽ തോറ്റെങ്കിലും ഐഎസ്എൽ ഹീറോ പുരസ്കാരം ബെംഗളൂരു ക്യാപ്റ്റൻ സുനിൽഛേത്രിക്ക്. സെമിയിൽ ഹാട്രിക്കിലൂടെ ടീമിനെ ഫൈനലിലേക്ക് നയിച്ചതുൾപ്പെടെയുള്ള മികവ് ഛേത്രിക്ക് തുണയായി. 14 ഗോളുകളുമായി ലീഗിൽ ഇന്ത്യൻ താരങ്ങളിൽ ടോപ്സ്കോററും ഛേത്രിയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ലാൽറുവാത്താരയാണ് എമേർജിങ് പ്ലേയറിനുള്ള പുരസ്കാരം നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ പതിനെട്ട് കളികളിൽ പതിനേഴിലും കളിച്ചു. എഫ്സി ഗോവയുടെ ഫെറാൻ കൊറാമിനാസിനാണ് ഗോൾഡൻ ബൂട്ട് അവാർഡ്. 

ഗോൾഡൻ ഗ്ലൗ പുരസ്കാരം ജംഷഡ്പുരിന്റെ ഗോളി സുബ്രതോപോളിനാണ്. കളിച്ച പതിനെട്ടു മൽസരങ്ങളിൽ ഏഴിലും ഗോൾ വഴങ്ങാതെ നിന്നു സുബ്രതോ. ചെന്നൈയിന്റെ ഡിഫൻഡർ ഇനിഗോ കാൾഡറണാണ് ഫിറ്റസ്റ്റ് കളിക്കാരൻ. 20 മൽസരങ്ങളിൽ 1800 മിനിറ്റും കളിച്ചു ഈ സ്പാനിഷ് താരം.