മുംബൈ∙ മെസ്സിയും റൊണാൾഡോയുമൊന്നുമില്ലെങ്കിലും ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ഇനി നിസ്സംശയം പറയാം: ഞങ്ങൾ ഛേത്രിയുടെ നാട്ടുകാരാണ്. അത്രമേൽ ആധികാരിമായാണ് സുനിൽ ഛേത്രി ഇന്റർകോണ്ടിനെന്റൽ ടൂർണമെന്റിലെ വിസ്മയ പ്രകടനത്തിലൂടെ ഇന്ത്യൻ ഫുട്ബോളിലെ ഒന്നാം നിരക്കാരുടെ ആദ്യഗണത്തിലേക്ക് ഗോളടിച്ചു കയറിയത്. എല്ലാ മൽസരത്തിലും ഗോൾ നേടിയ താരം ഇതിനിടെ ലയണൽ മെസ്സിയുടെ റെക്കോർഡിനൊപ്പം വരെയെത്തിയതും കൗതുകകരമായ യാദൃച്ഛികത.
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണുകളിലെ മികവ് കണ്ട വിദഗ്ധർ യൂറോപ്യൻ ലീഗുകളിൽ വരെ കളിക്കാൻ മികവുള്ള കളിക്കാരനാണു ഛേത്രിയെന്ന് വിലയിരുത്തിയിരുന്നു. അതു വീണ്ടും ശരിവയ്ക്കുന്ന ഒറ്റയാൾ പ്രകടനങ്ങളിലൂടെ ഈ അഞ്ചടി ഏഴിഞ്ചുകാരൻ ടൂർണമെന്റിൽ എട്ടു ഗോളുകളാണ് അടിച്ചു കൂട്ടിയത്. 64–ാമത്തെ രാജ്യാന്തര ഗോൾ ഇന്നലെ കെനിയയ്ക്കെതിരെ കുറിച്ചപ്പോൾ, ഛേത്രി ചേർന്നു നിന്നത് മെസ്സിക്കൊപ്പം.
ഇന്ത്യയുടെ ആദ്യ മൽസരത്തിന് കാണികൾ തീരെ കുറഞ്ഞു പോയപ്പോൾ, ഛേത്രിയുടെ അഭ്യർഥന മാനിച്ചെത്തിയ ജനസഞ്ചയത്തിന് ഗോൾവർഷത്തോടെ വിരുന്നൊരുക്കിയ ഇന്തൻ നായകൻ ഒരു അഭിമാന കിരീടം കൂടി ആരാധകർക്കു നേടിക്കൊടുത്തിരിക്കുന്നു.
നേപ്പാളി വംശജനായ ഛേത്രിയുടെ മാതാപിതാക്കൾ ഫുട്‌ബോൾ താരങ്ങളായിരുന്നു. അച്‌ഛൻ ഇന്ത്യൻ ആർമി ടീമിൽ അംഗം. അമ്മയും ഇരട്ടസഹോദരിയും നേപ്പാൾ വനിതാ ദേശീയ ടീം താരങ്ങൾ.