മുംബൈ∙ ഇന്ത്യൻ കുപ്പായത്തിൽ തന്റെ നൂറാം മത്സരവും കടന്നു പോരാട്ടം തുടരുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രി മുംബൈ ഫുട്ബോൾ അരീനയിലെത്തിയ ഫുട്ബോൾ പ്രേമികൾക്കു സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത ചരിത്ര നിമിഷങ്ങൾ. ഇന്റർകോണ്ടിനെന്റൽ കപ്പിനു വേണ്ടിയുള്ള ആവേശപ്പോരാട്ടത്തിൽ കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തോൽപിച്ചത്. രണ്ടും പിറന്നതു ഛേത്രിയുടെ ബൂട്ടിൽ നിന്ന്. ഇന്ത്യൻ ഗോളി ഗുർപ്രീത് സന്ധുവിന്റെ നിർണായക സേവുകളും ടീമിന്റെ ഫൈനൽ നേട്ടത്തിനു ചുക്കാൻ പിടിച്ചു.
![Indian Football Team Indian Football Team](https://img-mm.manoramaonline.com/content/dam/mm/ml/news/just-in/images/2018/6/10/Indian-Football-Team.jpg.image.470.246.jpg)
ഇതോടെ ദേശീയ ടീമിനു വേണ്ടി വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന, നിലവിൽ കളിക്കുന്ന, താരങ്ങളുടെ പട്ടികയിൽ ഛേത്രിയും ഇടംപിടിച്ചു. അർജന്റീനയുടെ ലയണൽ മെസിയുടെ റെക്കോർഡിനൊപ്പമാണു ഛേത്രി എത്തിയത്. 64 ഗോളുകളാണ് നിലവിൽ ഛേത്രിയുടെ അക്കൗണ്ടിലുള്ളത്. പോർച്ചുഗലിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 81 ഗോളുകളെന്ന റെക്കോർഡാണ് ഇനി ഛേത്രിക്കു മുന്നിലുള്ളത്.
![India Kenya Intercontinental Football India Kenya Intercontinental Football](https://img-mm.manoramaonline.com/content/dam/mm/ml/news/just-in/images/2018/6/10/India-Kenya-Intercontinental-Football.jpg.image.470.246.jpg)
നായകന്റെ എല്ലാ കരുത്തും കരുതലും പ്രകടമാക്കി സ്റ്റേഡിയം നിറഞ്ഞുള്ള കളിയായിരുന്നു ഛേത്രി പുറത്തെടുത്തത്. മികച്ച ഫോമിൽ കളം നിറഞ്ഞ അദ്ദേഹമാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയതും. കളി തുടങ്ങി എട്ടാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 29-ാം മിനിറ്റിൽ രണ്ടാം ഗോളും പിറന്നതോടെ മുംബൈ അന്ധേരിയിലെ സ്റ്റേഡിയം ഇന്ത്യയ്ക്കു വേണ്ടിയുള്ള ആർപ്പുവിളികളില്‍ മുങ്ങി. നാൽപത്തിമൂന്നാം മിനിറ്റിൽ ലഭിച്ച ഒരു ഫ്രീകിക്ക് പാഴാക്കിയില്ലായിരുന്നെങ്കിൽ വീണ്ടും ഹാട്രിക് നേട്ടത്തിലെത്തുമായിരുന്നു ഛേത്രി.
![Intercontinental Cup Intercontinental Cup](https://img-mm.manoramaonline.com/content/dam/mm/ml/news/just-in/images/2018/6/10/Intercontinental-Cup.jpg.image.470.246.jpg)
ടൂർണമെന്റിൽ കളിച്ച മൂന്നു മൽസരങ്ങളിലും ഛേത്രി സ്കോർ ചെയ്തിരുന്നു. ചൈനീസ് തായ്പേയിക്കെതിരെ ഹാട്രിക്കും കെനിയയ്ക്കെതിരെ രണ്ടു ഗോളും ഛേത്രി സ്വന്തമാക്കി. ന്യൂസീലൻഡിനെതിരെ ഒരു ഗോളും ഈ മുപ്പത്തിമൂന്നുകാരൻ നേടി. ടൂർണമെന്റിൽ ഇന്ത്യ ആകെ 11 ഗോളുകളാണടിച്ചത്. അവയിൽ എട്ടും ഛേത്രിയുടെ ബൂട്ടിൽ നിന്നായിരുന്നു.
![Sunil Chhetri Sunil Chhetri](https://img-mm.manoramaonline.com/content/dam/mm/ml/news/just-in/images/2018/6/10/Sunil-Chhetri--Sandhu.jpg.image.470.246.jpg)
കെനിയ്ക്കെതിരെ നേരത്തേ ഛേത്രി കളിച്ചതു തന്റെ നൂറാം രാജ്യാന്തര മൽസരമായിരുന്നു. ഇന്ത്യ 3–0 വിജയം കണ്ട മൽസരത്തിലാണ് ഇരട്ട ഗോൾ നേട്ടവുമായി ഛേത്രി കളംനിറഞ്ഞത്. ഗാലറിയിൽ കാണികളുടെ പിന്തുണയ്ക്കായി ഛേത്രിക്ക് നേരത്തേ അഭ്യർഥന നടത്തേണ്ടി വന്നിരുന്നെങ്കിലും ഫൈനലിന് സ്റ്റേഡിയം ‘ഹൗസ് ഫുൾ’ ആയിരുന്നു.
![Intercontinental Cup 2018 Intercontinental Cup 2018](https://img-mm.manoramaonline.com/content/dam/mm/ml/news/just-in/images/2018/6/10/Intercontinental-Cup-2018-Winners.jpg.image.470.246.jpg)