ഇത്തവണ ഉറപ്പിച്ചുതന്നെ; കപ്പടിച്ച് കലിപ്പു തീർക്കാൻ ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയും

കൊച്ചി ∙ കാത്തിരിപ്പു തീരുകയാണു സൂർത്തുക്കളേ, തീരുകയാണ്.... മഞ്ഞക്കടലിരമ്പം  തീരംകടന്നെത്തുകയാണു കലൂർ സ്റ്റേഡിയത്തിലേക്ക്. ആ തിരയിൽനിന്നുയരുന്നു മഞ്ഞപുതച്ച കൊമ്പന്റെ മസ്തകം. കാണുന്നില്ലേ അതിനു മുകളിൽ ഐഎസ്എൽ കിരീടം? ഐഎസ്എൽ നാലാം സീസണ് ഇന്നു തുടക്കം. കഴിഞ്ഞ സീസണിന്റെ കലാശക്കളിയിൽ ബ്ലാസ്റ്റേഴ്സ് ടീം ഷൂട്ടൗട്ടിൽ പൊരുതിവീണ അതേ കളത്തിൽ, അതേ എതിരാളികൾക്കെതിരെ ഇക്കുറി ആദ്യപോരാട്ടം.

 ‘കലിപ്പടക്കണം, കപ്പടിക്കണം. എതിരാളികളെ മുട്ടുകുത്തിക്കണം....’  അറബിക്കടൽ  മുതൽ പർവതനിരകളുടെ നെറുകയിൽവരെ പാറിപ്പരക്കട്ടെ ആരവം... ‘കമോൺട്രാ ബ്ലാസ്റ്റേഴ്സ്....’

കഴിഞ്ഞ തവണത്തെ ടീമിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഇത്തവണത്തെ ബ്ലാസ്റ്റേഴ്സ് ടീം. മുൻനിരയിൽ സി.കെ. വിനീത് ഒഴികെയുള്ള മിക്കവാറും പേരുകൾ മാറി. വിനീതിനൊപ്പം  ബെർബറ്റോവും ഹ്യൂമും കറേജ് പെക്കുസനും അരാത്ത ഇസൂമിയും സിഫ്നിയോസും മിലൻ സിങ്ങും ലാകിച് പെസിച്ചുമെല്ലാം പൊരുതാനിറങ്ങുന്നു. പ്രതിരോധത്തിൽ വെസ് ബ്രൗണിന്റെ നേതൃത്വത്തിൽ ജിങ്കാനും റിനോ ആന്റോയും  ലാൽറുവാത്താരയും അണിനിരക്കും. ഗോൾ‍വല കാക്കാൻ മുൻവർഷങ്ങളിലേക്കാൾ കൂടുതൽ സാധ്യതകൾ ടീം മാനേജ്മെന്റിനു മുൻപിലുണ്ട്. ആക്രമണഫുട്ബോളാണു തന്റെ മന്ത്രമെന്നു കോച്ച് റെനി മ്യൂലൻസ്റ്റീൻ പ്രഖ്യാപിച്ചുകഴിഞ്ഞു.

വരട്ടെ, വെള്ളിയാഴ്ച. ആവട്ടെ എട്ടുമണി. പൊട്ടട്ടെ അമിട്ടുകൾ. അടാറട്ടെ ബ്ലാസ്റ്റേഴ്സ്. അർമാദിക്കട്ടെ മഞ്ഞപ്പട.

ആദ്യമൽസരം ജയിക്കണം. ലീഗ് ചാംപ്യൻഷിപ്പിൽ ആദ്യകളി തോൽക്കാൻ പാടില്ല. ആദ്യ കളിയിലെ വിജയം ഒരു പ്രതിഫലനമാണ്. ടീം എവിടെ നിൽക്കുന്നു എന്നു കാണിക്കുന്ന പ്രതിഫലനം. ആദ്യമൽസരം ജയിച്ചെന്നു കരുതി ടീം ലീഗിൽ എത്രമുന്നേറുമെന്നു പ്രവചിക്കാനാവില്ല. അഞ്ചോ ആറോ കളി കഴിഞ്ഞാലേ അതു വ്യക്തമാകൂ. കൃത്യമായ ചിത്രം ലഭിക്കാൻ ടൂർണമെന്റിന്റെ ആദ്യപകുതി പിന്നിടണം. ബെർബറ്റോവും ഹ്യൂമും വെസ് ബ്രൗണും വിനീതും ജിങ്കാനുമെല്ലാം എങ്ങനെയുള്ള കളി പുറത്തെടുക്കും എന്നു നമുക്ക് ഇപ്പോൾത്തന്നെ പറയാനാവും. പക്ഷേ യുവാക്കൾ ഓരോ മൽസരദിവസവും എങ്ങനെ കളിക്കുമെന്നതാണു ടീമിന്റെ മൊത്തം പ്രകടനത്തിൽ നിർണായകമാവുക.’’ - റെനി മ്യൂലൻസ്റ്റീൻ, ബ്ലാസ്റ്റേഴ്സ് കോച്ച്.

സൂപ്പർ സ്റ്റാറ്റ്സ്

∙ ഇയാൻ ഹ്യൂം

ഐഎസ്എൽ സീസൺ: 2014, 2015, 2016

ടീം: കേരള ബ്ലാസ്റ്റേഴ്സ് 

(മൽസരം– 16, ഗോൾ– 5)

ടീം: കൊൽക്കത്ത 

(മൽസരം– 30, ഗോൾ– 18)

∙ അരാത്ത ഇസൂമി

ഐഎസ്എൽ സീസൺ: 2015, 2016

ടീം: കൊൽക്കത്ത 

(മൽസരം– 11, ഗോൾ– 5)

ടീം: പുണെ സിറ്റി

(മൽസരം– 9, ഗോൾ– 1)

∙ ജാക്കിചന്ദ് സിങ്

ഐഎസ്എൽ സീസൺ: 2015, 2016

ടീം: പുണെ സിറ്റി

(മൽസരം– 9, ഗോൾ– 1)

ടീം: മുംബൈ സിറ്റി

(മൽസരം– 8, ഗോൾ– 2)

∙ സി.കെ. വിനീത്

ഐഎസ്എൽ സീസൺ: 2015, 2016

ടീം: കേരള ബ്ലാസ്റ്റേഴ്സ് 

(മൽസരം– 18, ഗോൾ– 5)

∙ മിലൻ സിങ്

ഐഎസ്എൽ സീസൺ: 2015, 2016

ടീം: നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

(മൽസരം– 5, ഗോൾ– 0)

ടീം: ഡൽഹി ഡൈനാമോസ്

(മൽസരം– 15, ഗോൾ– 2)

ബ്ലാസ്റ്റേഴ്സ് ഇതുവരെ

∙ സീസൺ 2014

മൽസരം – 14

ജയം – 5

സമനില– 4

തോൽവി – 5

ഗോൾ നേടിയത്– 9

ഗോൾ വഴങ്ങിയത്– 11

ലീഗിലെ സ്ഥാനം – 4

സീസൺ സ്ഥാനം – റണ്ണേഴ്സ് അപ്പ്

∙ സീസൺ 2015

മൽസരം – 14

ജയം – 3

സമനില– 4

തോൽവി –7

ഗോൾ നേടിയത്– 22

ഗോൾ വഴങ്ങിയത്– 27

ലീഗിലെ സ്ഥാനം – 8

സീസൺ സ്ഥാനം – നോക്കൗട്ടിലെത്തിയില്ല

∙ സീസൺ 2016

മൽസരം – 14

ജയം – 6

സമനില– 4

തോൽവി –4

ഗോൾ നേടിയത്– 12

ഗോൾ വഴങ്ങിയത്– 14

ലീഗിലെ സ്ഥാനം – 2

സീസൺ സ്ഥാനം –– റണ്ണേഴ്സ് അപ്പ്